
കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു ജുഡിഷ്യറിയെ അവഹേളിച്ചെന്ന് വിമർശിച്ച ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. കേസെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വെള്ളിയാഴ്ച നേരിട്ട് ഹാജരായി ബോധിപ്പിക്കണം. മാപ്പപേക്ഷ സ്വീകാര്യമല്ല. തുടരാൻ യോഗ്യനല്ലെന്നും വിമർശിച്ചു.
മുഖ്യപ്രതിയായ ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരനെ വിചാരണ ചെയ്യാൻ അനുമതി നൽകി ബിജു ഇറക്കിയ ഉത്തരവിൽ കോടതിയെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങളുണ്ടായിരുന്നു. ഇതാണ് ചൊടിപ്പിച്ചത്. അനുമതി നൽകുന്നത് കോടതിയുടെ നിർബന്ധം കൊണ്ടാണെന്നും പ്രതികൾക്ക് അപ്പീലിന് അവസരമുണ്ടെന്നും ഉത്തരവിലുണ്ടായിരുന്നു. മനസിരുത്തിയല്ല ഉത്തരവെന്നും പറഞ്ഞിരുന്നു. ആർ. ചന്ദ്രശേഖരൻ ഇതു സംബന്ധിച്ച് ഉടൻ വാർത്താസമ്മേളനവും നടത്തി. പ്രോസിക്യൂഷന് അനുമതി നൽകണമെന്ന് നിർദ്ദേശിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. സി.ബി.ഐയുടെ അപേക്ഷ പുനഃപരിശോധിക്കണമെന്നാണ് ഉത്തരവിട്ടത്. അപ്പീലിനുള്ള അവകാശം തടഞ്ഞിട്ടുമില്ല. എന്നിട്ടും വ്യവസായ സെക്രട്ടറി അനാവശ്യമെഴുതി. അത് പ്രതികളെ സഹായിക്കുന്ന നിലപാടാണ്. വിവാദ ഉത്തരവ് റദ്ദാക്കണമെന്നും കെ. ബിജുവിനെതിരെ നടപടി സ്വീകരിക്കണമെന്നും കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജ് ഉപഹർജി നൽകിയിരുന്നു. ഇതാണ് പരിഗണിച്ചത്.
വകുപ്പ് ഭരിക്കുന്നത് പ്രതിയോ?
ഉദ്യോഗസ്ഥനിലൂടെ പ്രതിയാണ് വ്യവസായ വകുപ്പിന്റെ ഭരണം നടത്തുന്നതെന്ന് കോടതി വിമർശിച്ചു. സർക്കാർ ഉത്തരവിന്റെ പകർപ്പ് പരാതിക്കാരനേക്കാൾ മുമ്പ് പ്രതിക്ക് നൽകി. പ്രതി എഴുതി നൽകിയ പരാമർശങ്ങളാണോ ഉൾപ്പെടുത്തിയതെന്ന് സംശയിക്കണം. ഈ മണ്ടത്തരം പുതിയ സർക്കാരും മുഖ്യമന്ത്രിയും അറിഞ്ഞിരിക്കണമെന്നില്ല. ഇത്തരം ഉദ്യോഗസ്ഥരെ തുടരാൻ അനുവദിക്കരുത്. അച്ചടക്ക നടപടിയുണ്ടാകണം. പ്രോസിക്യൂഷൻ അനുമതി മൂന്നുവട്ടം നിരസിച്ച പ്രിൻസിപ്പൽ സെക്രട്ടറി ചെയ്തതിനേക്കാൾ വഷളായ കാര്യമാണ് ബിജു ചെയ്തത്.
വിവാദ ഉത്തരവ് റദ്ദാക്കി
ജൂലായ് രണ്ടിലെ ഉത്തരവ് റദ്ദാക്കിയതായി അഡ്വക്കേറ്റ് ജനറൽ ജാജു ബാബു അറിയിച്ചു. വിവാദ പരാമർശങ്ങൾ നീക്കി ജൂലായ് 6നിറക്കിയ പുതിയ ഉത്തരവും ഹാജരാക്കി. മുമ്പ് കേസ് പരിഗണിച്ചപ്പോൾ ഉത്തരവ് ഹാജരാക്കാൻ സമയം തേടിയിരുന്നു. നാലു ദിവസം കൊണ്ട് മനസിരുത്തിയ ഉത്തരവുണ്ടായതെങ്ങനെയെന്ന് കോടതി ചോദിച്ചു. തന്റെ ഇടപെടലുണ്ടായെന്ന് എ.ജി. അറിയിച്ചു. ജൂലായ് രണ്ടിലെ ഉത്തരവ് കോടതി അലക്ഷ്യ, അച്ചടക്ക നടപടികൾക്കല്ലാതെ ഉപയോഗിക്കുന്നത് കോടതി വിലക്കി. എ.ജിയുടെ ഇടപെടൽ സത്യസന്ധമാണെന്നും രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |