SignIn
Kerala Kaumudi Online
Thursday, 25 June 2026 11.29 AM IST

കൊല്ലും ചൂട്; കണ്ണൂരിൽ സൂര്യാഘാതമേറ്റ് മരണം, കുട്ടികളടക്കം 5 പേർക്ക് പൊള്ളൽ, 3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

death


കൊല്ലത്ത് വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കത്തുന്ന ചൂട് സംസ്ഥാനത്ത് ഒരു ജീവനെടുത്തു. സഹോദരങ്ങളടക്കം മൂന്നു കുട്ടികൾക്കും അങ്കണവാടി അദ്ധ്യാപികയ്ക്കും അന്യസംസ്ഥാനത്തൊഴിലാളിക്കും സാരമായി പൊള്ളലേറ്റു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. കൊല്ലം ജില്ലയിൽ പ്രൊഫഷണൽ കോളേജുൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.

കണ്ണൂർ ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എം.വി.സനൽകുമാർ (37) സൂര്യാഘാതമേറ്റ് മരണപ്പെടുകയായിരുന്നു. ദുബായിൽ ഡ്രൈവറാണ്. വോട്ടിടാൻ നാട്ടിലെത്തിയതായിരുന്നു. അടുത്ത വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച പകൽ 11ന് കുഴഞ്ഞുവീണു. സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മരണമടഞ്ഞു. പള്ളിപ്പൊയിലിലെ കുഞ്ഞികൃഷ്ണന്റെയും സതിയുടെയും മകനാണ്. ഭാര്യ: ആതിര. മക്കൾ: ശിവരുദ്ധ്, റയാൻ.

മലപ്പുറം വളാഞ്ചേരിയിലും വണ്ടൂരിലുമാണ് മൂന്നു കുട്ടികൾക്ക് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സൂര്യാതപമേറ്റത്. വളാഞ്ചേരി പൈങ്കണ്ണൂർ നിരപ്പിൽ പ്രമോദ്- സനിലാ ദമ്പതികളുടെ മക്കളായ മൃദുൽ കൃഷ്ണ(5), മൽഹാർ (3), വണ്ടൂർ ഗവ. ആശുപത്രിക്കുന്നിലെ ഇസ ജോൺ(4) എന്നിവരാണിവർ. മുതുകത്തും കൈക്കും പൊള്ളലേറ്റതോടെ ചികിത്സതേടി.

കൂത്താട്ടുകുളം താമരക്കാട് തടിമിൽ തൊഴിലാളിയായ ഒഡീഷ സ്വദേശി പാണ്ഡവ ബൈരയ്‌ക്കാണ് (27) സൂര്യാതപമേറ്റത്. ഇരുകൈകളും കഴുത്തും പൊള്ളി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലാണ്. കോഴിക്കോട് വളയം ചെറുമോത്ത് അങ്കണവാടി അദ്ധ്യാപിക അനിലയ്ക്ക് ഇടതു കൈത്തണ്ടയിലാണ് പൊള്ളലേറ്റത്.

അന്തരീക്ഷ താപനില 40 ഡിഗ്രിക്ക് മുകളിൽ ഉയർന്നതുകൊണ്ടാണ് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. നിലവിലെ ചൂട് രണ്ടുദിവസം തുടരകയാണെങ്കിൽ ഔദ്യോഗികമായി സ്ഥിരീകരിക്കും. സംസ്ഥാനത്താകെ കർശന മുൻകരുതൽ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.

ശരീരത്തിന്

ക്രമാതീത ചൂട്
ശരീരത്തിൽ അനുഭവപ്പെടുന്ന ചൂട് അന്തരീക്ഷ താപനിലയേക്കാൾ ഉയരുന്ന സാഹചര്യമാണ്. തീരദേശ സംസ്ഥാനമായതിനാൽ അന്തരീക്ഷ ഈർപ്പം കൂടുതലായതാണ് കാരണം.

പാലക്കാട്

40.2 ഡിഗ്രി
ഇന്നലെ ഉയർന്നതാപനില പാലക്കാട് രേഖപ്പെടുത്തി (40.2 ഡിഗ്രി). ബുധനാഴ്ച ജില്ലയിൽ 41.1 ഡിഗ്രിയായി ഉയർന്നിരുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്

വെയിലേൽക്കരുത്
1.നേരിട്ട് സൂര്യപ്രകാശമേൽക്കരുത്, കുടയെടുക്കാൻ മറക്കേണ്ട
2.വെയിലേൽക്കുന്ന ജോലിചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം
3.പരമാവധി ശുദ്ധജലം കുടിക്കുക,​ കോട്ടൺ വസ്ത്രം ഉത്തമം
4.വെയിലത്ത് ഇരുചക്രവാഹനയാത്ര കഴിയുന്നതും ഒഴിവാക്കണം
5.അസ്വസ്ഥ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം

ചൂട് വർദ്ധിക്കുന്നത് ജീവാപായത്തിനുവരെ കാരണമായ സാഹചര്യത്തിൽ പരമാവധി ശ്രദ്ധവേണം

- മുഖ്യമന്ത്രി

പിണറായി വിജയൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA