SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

മരിക്കും വരെ ആ അമ്മ മക്കളെ ഒറ്റയ്ക്കാക്കിയില്ല,​ സുമതിയെ തിരഞ്ഞ് വളർത്തുനായകൾ

dod-1
കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച സുമതിയുടെ വീടിന്റെ അവശേഷിച്ച അടുക്കള ഭാഗത്തെത്തി യജമാനരെ തേടുന്ന നായകൾ. ഇന്നലെ കഴിക്കാനായി പാകം ചെയ്തുവെച്ച ഭക്ഷണവും കാണാം ഫോട്ടോ: വിഷ്ണു സാബു

തൊടുപുഴ: ഉരുൾപ്പൊട്ടലുണ്ടായ കുടയത്തൂർ അടൂർമലയിൽ ഉറ്റവരെ തിരയുന്ന വളർത്തുനായ്ക്കൾ ദുരന്തഭൂമിയിലെ നൊമ്പരക്കാഴ്ചയായി. ദുരന്തശേഷം നിത്യവും സ്‌നേഹവായ്‌പ്പോടെ അന്നംതരുന്ന 'അമ്മ'യെ തേടി അലയുന്ന രണ്ട് മിണ്ടാപ്രാണികളുടെ വൈകാരിക പ്രകടനങ്ങളാണ് ഏവരുടെയും മനസിൽ പതിയുന്നത്. ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് ശേഷമുണ്ടായ ദുരന്തത്തിൽ ഉരുൾപൊട്ടലിൽ മഷികല്ലേൽ രവിയുടെ ഭാര്യ സുമതിയാണ് (69 ) മരിച്ചത്. സാരമായി പരിക്കേറ്റ മകൻ എം.ആർ.രതീഷ് (38) തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ദുരന്തത്തിൽ നിന്ന് രവി (72) നിസാര പരിക്കോടെ രക്ഷപ്പെട്ടു. കുടുംബം വളർത്തിയ നായകളാണ് യജമാനരെ തിരഞ്ഞ് ദുരന്തഭൂമിയിൽ അലഞ്ഞ് നടക്കുന്നത്. വീട്ടിൽ വളർത്തുന്ന മൂന്ന് നായകളെയും രാത്രിയിൽ അഴിച്ചുവിടും. ഒരു നായയ്ക്ക് സുഖമില്ലാതിരുന്നതിനാൽ ഇന്നലെ സമീപത്തെ പറമ്പിലായി മാറ്റികെട്ടിയിട്ടിരുന്നു. ഇതിനാലാണ് മൂന്നും അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. പ്രിയപ്പെട്ടവരെ തിരഞ്ഞ് വീടിനും സമീപത്തുമായി പ്രത്യേകതരം ശബ്ദങ്ങൾ പുറപ്പെടുവിച്ചും മണം പിടിച്ചുമാണ് നായകൾ ചുറ്റിത്തിരിയുന്നത്. ഇടയ്ക്ക് ദുരന്തത്തിൽ തകർന്ന വീടിന്റെ അവശേഷിക്കുന്ന ഏകഭാഗമായ അടുക്കളയിലേക്കും അവിടെ പാത്രങ്ങളിൽ ഇരിക്കുന്ന ആഹാര സാധനങ്ങളിലേക്കും ഉറ്റുനോക്കി നിൽക്കും.

പിന്നെയും വീടിന് ചുറ്റും കറങ്ങും. സ്‌നേഹവായ്‌പ്പോടെ തലോടുന്ന കരങ്ങളെ തിരഞ്ഞുള്ള അലച്ചിലിലാണ് ഈ മിണ്ടാപ്രാണികൾ. നായകളെ സുമതി സ്‌നേഹത്തോടെ എന്റെ 'മക്കൾ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എവിടെ പോയാലും ഈ മക്കളുടെ കാര്യം പറഞ്ഞ് വീട്ടിലേക്ക് മടങ്ങുമെന്ന് അയൽവാസികളും പറയുന്നു. വീട്ടിൽ മക്കൾ ഒറ്റയ്ക്കാണെന്നും പറഞ്ഞ് ചില സമയങ്ങളിൽ അയൽവാസികൾ വിശേഷം പറയാനായി പിടിച്ച് നിറുത്തിയാൽപ്പോലും സുമതി ധൃതി കാട്ടുമായിരുന്നു. കെട്ടിയിടുന്നതിനാൽ സമീപവാസികൾക്കും നായകളെ അത്ര പരിചയം പോരാ. അപരിചിതരെ കണ്ടാൽ ഉച്ചത്തിൽ കുരയ്ക്കുമെങ്കിലും സുമതി 'മക്കളേ' എന്ന് വിളിച്ചാൽ പിന്നെ ഇവ നിശബ്ദയാകും. കുടുംബം ദുരന്തത്തിലകപ്പെട്ടതോടെ നായകളുടെ ജീവിതവും വഴിമുട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA