
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ.വി.എം ഹാക്കിംഗ് തടയാൻ 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന ആരോപണം കാസർകോട് കോൺഗ്രസിൽ വിവാദമായി. പ്രമുഖ കോൺഗ്രസ് നേതാവും കേന്ദ്ര-സംസ്ഥാന വഖഫ് ബോർഡ് മുൻ സി.ഇ.ഒയുമായ അഡ്വ. ബി.എം. ജമാലിനെതിരെയാണ് ആരോപണം. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് ജില്ലാ യോഗം ഇതേക്കുറിച്ച് ചർച്ച നടത്തിയെങ്കിലും, തീരുമാനം യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് വിട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ ചീഫ് ഇലക്ഷൻ
ഏജന്റായിരുന്നു ജമാൽ. കാസർകോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടാണ് വിവാദം. ഫലപ്രഖ്യാപനത്തിന് ഒരാഴ്ച ശേഷിക്കെ, ഉദുമ മണ്ഡലത്തിലെ യു.ഡി.എഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റായ ജമാൽ, ഈ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ സമീപിച്ചാണ് പണം ആവശ്യപ്പെട്ടതെന്നാണ് പരാതി. മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫ് 2,600 വോട്ടുകൾക്ക് പരാജയപ്പെടുമെന്നും ബി.ജെ.പി ഇ.വി.എം ഹാക്ക്
ചെയ്യുമെന്നും പറഞ്ഞത്ര. ഇത് തടയാൻ 40 ലക്ഷം രൂപ ചെലവ് വരുമെന്നും, അതിൽ 15 ലക്ഷം രൂപ മുൻകൂറായി നൽകണമെന്നും ആവശ്യപ്പെട്ടതായാണ് ആരോപണം. ഉന്നത യു.ഡി.എഫ് നേതാക്കളുമായി ആലോചിച്ച ശേഷം, ആരോപണങ്ങൾക്ക് യാതൊരു വിശ്വാസ്യതയും നൽകേണ്ടതില്ലെന്ന് ജില്ല നേതൃത്വം തീരുമാനിച്ചിരുന്നു. പിന്നീട് ജമാൽ മുസ്ലിംലീഗിന്റെ സംസ്ഥാന നേതാക്കളെയും സമീപിച്ചു. ലീഗ് നേതാക്കൾ അഷ്റഫുമായി ബന്ധപ്പെട്ടപ്പോൾ, ഇത് തട്ടിപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കിയതായും പറയുന്നു..
'ആരോപണം അടിസ്ഥാന രഹിതമാണ്. മൂന്ന് സ്ഥാനാർത്ഥികളുടെയും നാമനിർദേശ പത്രിക തയ്യാറാക്കി നൽകിയിരുന്നെങ്കിലും മറ്റൊന്നും നടന്നിട്ടില്ല"
-അഡ്വ. ബി.എം. ജമാൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |