SignIn
Kerala Kaumudi Online
Monday, 18 May 2026 1.47 AM IST

കാർ കത്തിച്ചതോ..?; ആരോപണവുമായി യുവതിയുടെ കുടുംബം

1

കോഴിക്കോട്: പേരാമ്പ്ര ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. എട്ടുമാസം ഗർഭിണിയായ പേരാമ്പ്ര പാലേരി കല്ലിക്കണ്ടിവീട്ടിൽ സോനയാണ് മരിച്ചത്. മരണം ആസൂത്രിതമാണെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ സോനയുടെ ഭർത്താവ് രജിൻലാലിനെതിരെ ആരോപിച്ചു. ഷോർട്ട് സർക്യൂട്ടാണെങ്കിൽ കാർ മുഴുവനായും കത്തും. എന്നാൽ എൻജിൻ പോലും കത്തിയിട്ടില്ല. കാറിനുള്ളിൽ മാരകമായ എന്തോ വച്ചിട്ട് മനഃപൂർവം കത്തിച്ചതുപോലെ തോന്നുന്നെന്നും രജിൻലാലിന്റെ നാട്ടുകാരും ഇതേ സംശയമുന്നയിച്ചെന്നും സോനയുടെ അമ്മാവൻ എ.കെ.സത്യൻ പറഞ്ഞു. സോനയെ ഒഴിവാക്കാനായി രജിൻലാലിന്റെ പ്ലാനായിരുന്നു. എന്നാൽ അത് പാളി. കാറിന്റെ പിറകിൽ മാത്രമേ തീ പിടിക്കുകയുള്ളൂ എന്നും അവൻ രക്ഷപ്പെടുമെന്നും കരുതിക്കാണും. അപകടമുണ്ടായപ്പോൾ പിന്നിലെ ഡോർ തുറക്കാൻ ശ്രമിക്കാതെ തോട്ടിൽചാടി രക്ഷപ്പെടാനാണ് രജിൻ ശ്രമിച്ചത്. കാറിനുള്ളിൽ സോന ഉള്ളതായും പറഞ്ഞില്ല. സോനയുടെ മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാനോ വിവരങ്ങൾ തിരക്കാനോ രജിന്റെ കുടുംബക്കാർ ശ്രമിച്ചിട്ടില്ല. ചടങ്ങുകൾ കഴിയുന്ന നാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും വനിതാ കമ്മിഷനിലും പരാതി നൽകും.

ഗൾഫിൽ നിന്നെത്തിയ രജിൻലാൽ സോനയോട് താത്പര്യക്കുറവ് കാണിച്ചിരുന്നെന്നും മറ്റൊരു ബന്ധമുണ്ടോയെന്ന് സംശയമുള്ളതായും സോന കസിനോട് പറഞ്ഞിരുന്നെന്നും സത്യൻ കൂട്ടിച്ചേർത്തു. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. രജിൻലാൽ ഗൾഫിലുള്ളപ്പോഴാണ് സാമൂഹികമാദ്ധ്യമങ്ങളിലൂടെ അടുത്തത്. വിവാഹത്തിന് തയ്യാറെടുത്ത സമയം രജിൻ മറ്റൊരു യുവതിയുമായി ബന്ധത്തിലായി അവരെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ സോന ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പൊലീസ് സ്റ്റേഷനിൽ നടത്തിയ മധ്യസ്ഥചർച്ചയിൽ സോനയെ വിവാഹം കഴിക്കാമെന്ന് രജിൻ ഉറപ്പ് നൽകുകയായിരുന്നു. എന്നാൽ ഇരുവീട്ടുകാരും എതിർത്തതോടെ 2023ൽ സോനയും രജിനും വിവാഹം രജിസ്റ്റർ ചെയ്തു. അകൽച്ചയിലായിരുന്ന ഇരുകുടുബങ്ങളും അടുത്തുവരികയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഷോർട്ട് സർക്യൂട്ടല്ല

ഷോർട്ട് സർക്യൂട്ടല്ല കാർ കത്താൻ കാരണമെന്നാണ് ഫോറൻസിക് പ്രാഥമിക നിഗമനം. സാധാരണ എൻജിൻ ഉള്ള ഭാഗത്ത് നിന്നാണ് പുക വരാറുള്ളത്. എന്നാൽ ഇവിടെ കാറിന്റെ ബാക്കിൽ നിന്നാണ് പുകയുയർന്നത്. എൻജിൻ ടാങ്കിന് ലീക്കില്ല. കാറിൽ സ്ഫോടക വസ്തുക്കളുടെ സാന്നിദ്ധ്യം ആദ്യ പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. വീണ്ടും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സോനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടുത്ത ദിവസം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA