
കൊച്ചി: ഷോട്ട് പുട്ടും ക്രിക്കറ്റ് ബാളും നിശ്ചിത ദൂരമെറിയാൻ പോലും ശാരീരിക ക്ഷമതയില്ലാത്തവരെ പൊലീസിലെടുത്തിട്ട് എന്തു ചെയ്യാനാണെന്ന് ഹൈക്കോടതി . പൊലീസിൽ നിയമിക്കാൻ സർക്കാർ തീരുമാനിച്ച ബോഡി ബിൽഡർമാർക്ക് ശാരീരിക ക്ഷമതയില്ലെന്ന് തെളിഞ്ഞു. ശാരീരിക സൗന്ദര്യമെന്നാൽ ശാരീരിക ക്ഷമതയാണെന്ന് മറക്കരുതെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു.
ബോഡി ബിൽഡിംഗ് ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി നേടിയ ഷിനു ചൊവ്വ എന്നിവർക്ക് പൊലീസിൽ നൽകിയ നിയമനത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. ബോഡി ബിൽഡർമാർക്ക് നിയമന ഉത്തരവ് നൽകിയെങ്കിലും പരിശീലനത്തിനടക്കം അനുമതി നൽകിയിട്ടില്ലാത്തതിനാൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. അഴിമതി അന്വേഷണം ഭയന്നാണ് ഇക്കാര്യത്തിൽ സർക്കാർ പിന്മാറിയതെന്ന് ഹർജിക്കാരനായ കെ.എം. ഷാജഹാന്റെ അഭിഭാഷകൻ വാദിച്ചു. 41 വയസ്സുള്ളയാളെയാണ് ഇൻസ്പെക്ടറായി നിയമിക്കാൻ തീരുമാനിച്ചതെന്നും വിശദീകരിച്ചു.
നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ മുദ്ര വച്ച കവറിൽ സമർപ്പിച്ച രേഖകൾ പരിശോധിക്കാനായി കോടതി ഹർജി മാറ്റി.
ബോഡി ബിൽഡർമാരുടെ നിയമനം മുൻ സർക്കാരിന്റെ നയ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വിശദീകരണം ഫയൽ ചെയ്തു. ഹർജിയിലെ എതിർ കക്ഷിയായ ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്. ശ്രീജിത്തിന് കേസ് പരിഗണനയിലിരിക്കേ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയതിനെ കോടതി നേരത്തേ വിമർശിച്ചിരുന്നു.
'ജോലി ചെയ്യാനാകണ്ടേ?"
ബോഡി ബിൽഡർമാരെ സി.ഐ റാങ്കിൽ നേരിട്ട് നിയമിക്കാനുള്ള തീരുമാനത്തെ ഹൈക്കോടതി വിമർശിച്ചു. പരമാവധി സബ് ഇൻസ്പെക്ടർ വരെയുള്ള നിയമനമാണ് ചട്ടത്തിൽ പരാമർശിച്ചിട്ടുള്ളത്. ഫുട്ബാൾ താരം ഐ.എം. വിജയനടക്കമുള്ളവരെ ഇത്തരത്തിലാണ് നിയമിച്ചത്. കായിക താരങ്ങൾക്കുള്ള ആദരമെന്ന നിലയിലാണ് ഇൻസ്പെക്ടറായുള്ള നിയമനമെന്ന് ഷിനു ചൊവ്വയുടെ അഭിഭാഷകൻ വിശദീകരിച്ചു. അംഗീകാരമാണെങ്കിലും. ജോലി ചെയ്യാനാകണ്ടേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |