SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

തോട്ടം രാജശേഖരൻ തൂലികയെ പടവാളാക്കിയ സവ്യസാചി

thottam-rajasekgharan-
തോട്ടം രാജശേഖരൻ

ശ്രീനാരായണ ഗുരുദേവന്റെ സതീർത്ഥ്യനായിരുന്ന വെളുത്തേരി കേശവനാശാന്റെ ചെറുമകനായിരുന്ന തോട്ടം രാജശേഖരന്റെ വിയോഗം ഒരു മഹാനഷ്ടമാണ്. ജീവിതത്തിന്റെ എല്ലാതുറകളിലും അപ്രതിരോധ്യമായ ആർജവത്തോടെ എഴുതുകയും പ്രസംഗിക്കുകയും ചെയ്ത തോട്ടം രാജശേഖരനു തുല്യം തോട്ടം രാജശേഖരൻ മാത്രം. താൻ മുറുകെ പിടിക്കുന്ന ആദർശത്തിനു മുന്നിൽ അണുകിട വ്യതിചലിക്കാതെ അവസാനനിമിഷം വരെ പോരാടിയിരുന്ന വ്യക്തിയാണ് അദ്ദേഹം. അതിൽ എന്ത് കഷ്ടനഷ്ടങ്ങളുണ്ടായാലും അദ്ദേഹം സഹിക്കുമായിരുന്നു. 96ാം വയസ്സിലും അദ്ദേഹത്തിൽ തീഷ്ണമായ മേധാശക്തി ഒരുപോലെ ജ്വലിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് മണക്കാടുള്ള അദ്ദേഹത്തിന്റെ തോട്ടം ഭവനത്തിൽ ഈ ലേഖകനും ശിവഗിരിയിലെ ഏതാനും സന്യാസിമാരും

നെടുംകുന്നം ഗോപാലകൃഷ്ണനും സന്ധിച്ച് സംസാരിക്കുകയുണ്ടായി. അപ്പോഴും എതിരും പതിരുമില്ലാതെ ആ വാഗ്ഭടൻ തന്റെ ഇച്ഛാശക്തിക്ക് യാതൊരു ഊനവും വരുത്താതെ സംസാരിക്കുകയുണ്ടായി. സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിൽ ആദർശശുദ്ധിയോടെ താൻ നിലകൊണ്ടതിൽ പല ഇഷ്ടസുഹൃത്തുക്കളും അകന്നു പോയ കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗുരുദേവനോടും ഗുരുദേവദർശനത്തോടും അതിരറ്റ ആരാധനയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. താൻ കൊച്ചുകുട്ടിയായിരിക്കുമ്പോൾ പിന്നീട് രാഷ്ട്രീയനേതാവായ വാമദേവനുമൊത്ത് ശിവഗിരിയിൽ ചെന്നതും അന്ന് ശ്രീനാരായണതീർത്ഥർ സ്വാമികളും മംഗളാനന്ദസ്വാമികളും തന്നെ വശീകരിച്ച കാര്യം അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. തീർത്ഥർ സ്വാമികളുടെ കർമ്മനിഷ്ഠയാണ് തനിക്ക് ഹിതകരമായത്. മംഗളാനന്ദ സ്വാമികൾ 'കറുത്ത പെണ്ണേ കരിം കുഴലീ..." എന്ന പാട്ടുപാടി കഥാപ്രാസംഗികനെ വെല്ലുന്ന രീതിയിൽ പ്രഭാഷണം നടത്തിയത് തന്റെ ജീവിതത്തിലെ ഒരു പാഠമായി അദ്ദേഹം സ്വീകരിച്ചു. അക്കാലം തൊട്ടേ ശിവഗിരി തീർത്ഥാടനത്തിലും ഗുരുവിനെ സംബന്ധിച്ച പ്രധാനവിശേഷങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. അതിന്റെ തുടർച്ചയെന്നവണ്ണമാണ് ഗുരുവിന് ഒരു കാണിക്കയായി 'നാരായണഗുരു നായകൻ" എന്ന ജീവിതചരിത്രഗ്രന്ഥം രചിച്ചത്. ഒരു നോവലിന്റെ ശൈലയിൽ രചിക്കപ്പെട്ട ഈ ബൃഹത്ഗ്രന്ഥത്തിൽ ഗുരുദേവന്റെ തപശ്ചര്യയേയും ചട്ടമ്പിസ്വാമികളുമായിട്ടുള്ള ആത്മബന്ധത്തേയും ഗുരുദേവകൃതികളെയും സംബന്ധിച്ച് നല്ല പഠനമുണ്ട്. ഈ ഗ്രന്ഥം പ്രകാശനം ചെയ്യാൻ ഞാൻ തന്നെ എത്തിച്ചേരണമെന്ന് അദ്ദേഹം ശാഠ്യം പിടിക്കുകയും അന്ന് ബീഹാറിൽ ആയിരുന്ന ഞാൻ ഏറെ ബുദ്ധിമുട്ടിയാണ് തിരുവനന്തപുരത്ത് എത്തി ഗ്രന്ഥപ്രകാശനം ചെയ്തത് എന്നത് ഓർക്കുന്നു.
തോട്ടം രാജശേഖരന്റെ സാഹിത്യസൃഷ്ടികൾ മനുഷ്യജീവിതത്തിന്റെ സമസ്തവശങ്ങളേയും അന്യൂനമായി ചേർത്തിണക്കിക്കൊണ്ടുള്ളതായിരുന്നു. അദ്ദേഹത്തിന്റെ ഉദ്യോഗപർവ്വം രണ്ടു വാല്യമാണ്. സിനിമ സത്യവും മിഥ്യയും ഒരു ബൃഹത് ഗ്രന്ഥമാണ്. മലയാള സിനിമയിലെ ആരംഭം വളർച്ച, പുരോഗതി, ലോകസിനിമാരംഗത്ത് മലയാളസിനിമകൾക്കുള്ള സ്ഥാനം ഒക്കെ ഈ ഗ്രന്ഥത്തിൽ അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.
പബ്ലിക്ക് റിലേഷൻസ് ഓഫീസറായി ദീർഘകാലം അദ്ദേഹം സേവനം ചെയ്തു. പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായിരുന്നു. കേരള രാഷ്ട്രീയത്തിലെ പ്രമുഖനായ കെ. കരുണാകരൻ തുടങ്ങി നിരവധി നേതാക്കന്മാരുമായി അടുത്തും അകന്നും തോട്ടം രാജശേഖരൻ തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ബുദ്ധചരിതവും ദർശനവും ആസ്പദമാക്കി എഴുതിയ നോവലാണ് 'ബോധി". അതിഗംഭീരമായ രചനയാണിതെന്ന് പറയണം. ഭഗവാൻ ബുദ്ധനോട് അസാമാന്യമായ ആരാധന അദ്ദേഹം വച്ചുപുലർത്തി. താൻ ഒരു ബുദ്ധിസ്റ്റ് ആണെന്ന് അഭിമാനിക്കുകയും ചെയ്തു.
ഗുരുദേവന്റെ സതീർത്ഥ്യനായിരുന്ന വെളുത്തേരിയുടെ ജീവിതചരിത്രം 'വീരശൃംഗല"എന്ന പേരിൽ എഴുതി പ്രസിദ്ധം ചെയ്തു. തന്റെ മുതുമുത്തച്ഛനായിരുന്ന ആ മഹാന്റെ ജീവിതം ആരാധനാഭാവത്തോടുകൂടിയാണ് അദ്ദേഹം ആവിഷ്‌കരിച്ചിട്ടുള്ളത്. അതുപോലെ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും അടർന്നൂവീണ 'എന്റെ പത്മനാഭാ" തുടങ്ങിയ ഗ്രന്ഥങ്ങളും ഗവേഷണപഠനങ്ങളാണ്. 'തൃഷ്ണ " എന്ന നോവലും അനുവാചകർക്ക് പ്രിയങ്കരമായിരുന്നു.

തോട്ടം മണക്കാട് ഒരു അക്ഷരഗ്രാമമാണ്. പല മഹത്തുക്കളുടെയും വൈജ്ഞാനിക തലങ്ങൾ നിറഞ്ഞുനിന്ന ഗ്രാമം. മണക്കാട് ശ്രീനാരായണ ജന്മശതാബ്ദി സ്മാരക ലൈബ്രറി ഉണ്ടായിരുന്നു. ഈ ലൈബ്രറിയുടെ മുഖ്യ പ്രവർത്തകരിൽ ഒരാളായാണ് തോട്ടം രാജശേഖരൻ തന്റെ സാമൂഹിക പ്രവർത്തനങ്ങൾ ആരംഭിച്ചത്. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സ്മാരകത്തിന്റെ സെക്രട്ടറിയായി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു.

തോട്ടം രാജശേഖരന്റെ അന്ത്യകാലം ശിവഗിരി സ്മരണയോടുകൂടിയുള്ളതായിരുന്നു. വെളുത്തേരി കേശവനാശാന്റെ സ്മരണയെ ശാശ്വതീകരിക്കുവാൻ ശിവഗിരിമഠവുമായി അദ്ദേഹം ചില കരാറുകൾ ചെയ്തു തീർത്തു. ശിവഗിരിയിലെ സന്യാസിമാരുമായി അടുത്ത ആത്മബന്ധം ഉതിർക്കുകയും ചെയ്തു. അദ്ദേഹം നിര്യാതനാകുമ്പോൾ മഹത്തായ സംഭാവനകൾ സമുദായത്തിനും സമൂഹത്തിനും നൽകിയ വലിയ ഒരു മഹാശയന്റെ നിറസാന്നിദ്ധ്യമാണ് നഷ്ടമായിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA