SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

കാരുണ്യത്തിന് പര്യായം പദ്‌മകുമാർ ഡോക്ടർ

padmakumar

ആലപ്പുഴ: പ്രഗത്ഭനായ ജനറൽ മെഡിസിൻ ഡോക്ടറാണ് ബി. പദ്‌മകുമാർ. പ്രിൻസിപ്പലിന്റെ കുപ്പായമഴിച്ച് കഴിഞ്ഞ ഏപ്രിലിൽ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ നിന്നിറങ്ങിയ ഡോക്ടർ സഞ്ചരിക്കുന്നത് കാരുണ്യത്തിന്റെ വഴിക്കാണ്.

ആലപ്പുഴ നഗരസഭാ പരിധിയിലെ വീടുകളിൽ എല്ലാ ചൊവ്വാഴ്ചയുമെത്തും. നിർദ്ധനരായ കിടപ്പുരോഗികൾക്കും വയോധികർക്കും സൗജന്യ ചികിത്സ നൽകും. അവരുടെ വിഷമങ്ങൾ കേട്ട് സാന്ത്വനിപ്പിക്കും. മരുന്നിന് പണമില്ലെങ്കിൽ വാങ്ങി നൽകും. രോഗികളുടെ കൂട്ടത്തിൽ സ്കൂളിലും കോളേജിലും പഠിപ്പിച്ച അദ്ധ്യാപകരുമുണ്ട്.

കൗൺസിലർമാരുടെയും ആശ പ്രവർത്തകരുടെയും സഹായത്തോടെയാണ് ചികിത്സ ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കുന്നത്. ഹെൽത്ത് ഏജ് മൂവ്മെന്റ്, ടോക്കിംഗ് പാ‌ർലർ, സീനിയർ സിറ്റിസൺ ഫോറം എന്നീ സംഘടനകളും സഹായത്തിനുണ്ട്.

10 വീടുകളാണ് ആഴ്ചയിലൊരു ദിവസം സന്ദർശിക്കുക. ചികിത്സിക്കാനെത്തുന്ന അവസാന വീട്ടിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. ഇവിടെ എത്തുന്നവർക്കും മരുന്ന് സൗജന്യം. ഓരോ ക്യാമ്പിലും 25 പേരെങ്കിലും എത്തുന്നുണ്ട്. ദിവസത്തിന്റെ എണ്ണം കൂട്ടി മറ്റ് സ്ഥലങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നത് ആലോചനയിലാണ്. കുട്ടനാടൻ മേഖലകളിൽ നിന്നടക്കം വിളിക്കുന്നുണ്ട്.

ആലപ്പുഴ എ.എൻ പുരം ലക്ഷ്മി നികേതനിൽ സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന പരേതനായ പി.കെ ബാലസുന്ദരത്തിന്റെയും ഭാനുമതിയമ്മയുടെയും മകനാണ് പദ്മകുമാർ. ഭാര്യ: പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിലെ ഫിസിഷ്യൻ മീര ആ‌ർ. നായർ. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ചരിത്ര ഗവേഷണ വിദ്യാർത്ഥി കാ‌ർത്തിക് പി.നായരാണ് മകൻ.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസായി. ഔറംഗബാദ് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ഡി നേടിയത് റാങ്കോടെ. പഠിച്ചിറങ്ങിയ കോളേജിന്റെ പ്രിൻസിപ്പലായെന്ന പ്രത്യേകതയുമുണ്ട്.

കിടപ്പുരോഗികൾക്കും വയോധികർക്കും അവരുടെ രോഗത്തിനു പുറമേ വിഷമങ്ങളും തുറന്നു പറയാനുള്ള അവസരം കൂടിയാണിത്.

-ഡോ. ബി. പദ‌്‌മകുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA