
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന ഡ്രൈവിൽ ഒരു മാസത്തിനകം 26,000 കേസെടുത്തെന്ന് എക്‌സൈസ് മന്ത്രി എം.ലിജു. കേരളകൗമുദി കഴക്കൂട്ടം അൽ സാജ് അമരാന്തയിൽ സംഘടിപ്പിച്ച ആന്റി നാർക്കോട്ടിക്സ് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് സമൂഹത്തിൽ ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിനെ പ്രതിരോധിച്ചേ മതിയാകൂ. ഇതിനായാണ് എക്‌സൈസ് വകുപ്പ് 'മയങ്ങില്ല കേരളം' പദ്ധതി നടപ്പാക്കുന്നത്. മയക്കുമരുന്ന് എന്നതിനു പകരം ഏറ്റവും യോജിക്കുക മയക്ക് വിഷം എന്നാണ്. വളരെ വലിയ ഭീഷണിയാണ് കേരളം നേരിടുന്നത്. എക്‌സൈസ് വകുപ്പിന്റെ ഡി അഡിക്ഷൻ സെന്ററുകളുടെ എണ്ണം 11ൽ നിന്ന് 77 ആയി ഉയർത്തും. ഡി അഡിക്ഷനൊപ്പം പുനരധിവാസവും ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി ഒരു പാക്കേജ് തയ്യാറാക്കും.
കഴിഞ്ഞ ദിവസം ശിവഗിരിയിൽ സച്ചിദാനന്ദ സ്വാമിയുമായും ശുഭാംഗാനന്ദ സ്വാമിയുമായും സംസാരിച്ചു. ശ്രീനാരായണഗുരു ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ്. ശിവഗിരി കുന്നുകളിൽ ഒരു റീഹാബിലേറ്റഷൻ സെന്റർ വേണമെന്ന അഭ്യർത്ഥനയോട് ഏറ്റവും അനുകൂലമായാണ് മഠം പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു.
'കേരളകൗമുദി ഒപ്പമുണ്ട്
എന്നതിൽ അഭിമാനം'
കേരളകൗമുദിക്ക് മഹത്തായ പാരമ്പര്യമാണുള്ളതെന്ന് മന്ത്രി എം.ലിജു. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് നിർണായക പങ്കുവഹിച്ച മാദ്ധ്യമമാണ്. പത്രാധിപർ കെ.സുകുമാരന്റെ ഉജ്വല പാരമ്പര്യം പേറുന്ന പത്രം സംസ്ഥാന സർക്കാരിന്റെ മയക്ക് വിഷ വ്യാപനത്തിന് എതിരെയുള്ള പോരാട്ടത്തിൽ കൂടെയുണ്ട് എന്നതിൽ അഭിമാനമുണ്ട്.
ലഹരിയിൽ നിന്ന് കുട്ടികൾ
മാറിനിൽക്കണം: ജ്യോതിസ് ചന്ദ്രൻ
കുട്ടികളുടെ ഭാവി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾ ഞങ്ങൾ നടപ്പാക്കി വരുന്നുണ്ടെന്ന് ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ പറഞ്ഞു. കുട്ടികളിൽ നല്ല പൗരബോധം വളർത്താനുള്ള അദ്ധ്യയന രീതി സ്കൂളിൽ നടപ്പാക്കണം. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മനസിലാക്കാനും ലഹരി ഉൾപ്പെടെയുള്ള ദു:ശീലങ്ങളിൽ നിന്നും മാറിനിൽക്കാനും കുട്ടികൾക്ക് കഴിയണം.
ലഹരി അക്രമകാരികളാക്കും:
അരുൺ ബി.നായർ
ലഹരിയുടെ ഉപയോഗം മനുഷ്യരെ അക്രമകാരികളാക്കി മാറ്റുമെന്ന് ബോധവത്കരണ ക്ലാസെടുത്ത ഡോ.അരുൺ ബി.നായർ പറഞ്ഞു. ലഹരിയിൽ നിന്നും മാറിനിൽക്കാൻ ആദ്യം വേണ്ടത് ശരീരത്തിൽ ആരോഗ്യകരമായ രീതിയിൽ ഡോപാമിൻ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ജീവിതശൈലിയാണ്. വ്യായാമം ചെയ്യുന്നതും നല്ല സൗഹൃദങ്ങൾ നിലനിറുത്തുന്നതും ഇത് വർദ്ധിക്കാൻ ഇടയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |