
ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ മഹാരാഷ്ട്രയിലെ കോച്ചിംഗ് രംഗത്തെ പ്രമുഖനായ 'എം സാർ' എന്ന ശിവ്‌രാജ് മൊട്ടേഗാവോങ്കറെ സി.ബി.ഐ അറസ്റ്റു ചെയ്‌തു. രേണുകയ് കരിയർ സെന്റർ'(ആർ.സി.സി) സെന്റർ ഡയറക്‌ടറായ ശിവ്‌രാജിനെ ലാത്തൂരിൽ നിന്നാണ് പിടികൂടിയത്. മൊബെൽ ഫോൺ,ലാപ്ടോപ്പ് എന്നിവയിൽ നിന്ന് ചോദ്യപേപ്പർ കണ്ടെത്തി.
മേയ് 3ന് നടന്ന പരീക്ഷയ്‌ക്ക് മുൻപ് ചോദ്യപേപ്പറും ഉത്തരസൂചികയും ഇയാൾക്ക് ലഭിച്ചെന്നാണ് വിവരം. പരീക്ഷാനടത്തിപ്പുക്കാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്‌ക്കുള്ളിൽ (എൻ.ടി.എ) നിന്ന് ചോദ്യപേപ്പർ ചോർന്നുവെന്ന സംശയം ബലപ്പെട്ടിരിക്കെയാണ് പുതിയ അറസ്റ്റും. ചോദ്യപേപ്പർ തയ്യാറാക്കാൻ എൻ.ടി.എ നിയോഗിച്ചിരുന്ന വിദഗ്ദ്ധസമിതിയിലെ രസതന്ത്രം അദ്ധ്യാപകൻ പി.വി. കുൽക്കർണിയെ ചോദ്യംചെയ്‌തപ്പോഴാണ് ശിവ്‌രാജിന്റെ പങ്കും വെളിപ്പെട്ടത്. റാക്കറ്റിലെ മുഖ്യ കണ്ണിയും ബ്യൂട്ടീഷ്യനുമായ മനീഷ വാഗ്‌മാറെയും ഈ പേര് പറഞ്ഞിരുന്നു. ഇതോടെ,കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. 28 അംഗ സി.ബി.ഐ സംഘം ലാത്തൂരിൽ ക്യാമ്പു ചെയ്‌താണ് അന്വേഷിക്കുന്നത്. പണം നൽകി ചോദ്യപേപ്പർ സംഘടിപ്പിച്ചുവെന്ന് സംശയിക്കുന്ന വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ഡോക്‌ടർമാരെയും ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇതിനിടെ,നീറ്റ് യു.ജി പരീക്ഷ ഈ വർഷം തന്നെ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്രായി (സി.ബി.ടി) നടത്തണമെന്ന ഹർജിയുമായി ആർ.ജെ.ഡി എം.പി സുധാകർ സിംഗ് സുപീംകോടതിയിലെത്തി.
100 കോടി വാർഷിക
വരുമാനം
ശിവ്‌രാജ് മൊട്ടേഗാവോങ്കർ 'രേണുകയ് കരിയർ സെന്ററുകൾ' വഴി 100 കോടി വാർഷിക വരുമാനമുണ്ടാക്കുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. ലാത്തൂർ,പൂനെ,നാസിക്ക്,കോലാപൂർ,ഛത്രപതി സാംഭാജിനഗർ,സോലാപൂർ,നന്ദഡ് എന്നിവിടങ്ങളിലാണ് സെന്ററുകൾ. നീറ്റ്,ജെ.ഇ.ഇ പരീക്ഷാ പരിശീലനത്തിനായി വർഷം തോറും 40,000ത്തോളം പ്രവേശനം നേടുന്നുണ്ട്. എം.എസ്.സി രസതന്ത്രത്തിൽ ഗോൾഡ് മെഡലിസ്റ്റാണ് ശിവ്‌രാജ്.
എൻ.ടി.എ മേധാവി
ഹാജരാകണം
എൻ.ടി.എ മേധാവി പ്രദീപ് കുമാർ ജോഷി 21ന് നേരിട്ടു ഹാജരാകണമെന്ന് വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി നിർദ്ദേശിച്ചു. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് അദ്ധ്യക്ഷനായ സമിതിയാണിത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തുടങ്ങിയവരും നേരിട്ടെത്തണം. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായ വിദഗ്ദ്ധസമിതി നിർദ്ദേശിച്ച പരിഷ്‌ക്കാരങ്ങൾ എൻ.ടി.എയിൽ എത്രത്തോളം നടപ്പാക്കിയെന്ന് വിലയിരുത്തും.
ധർമേന്ദ്ര പ്രധാനെതിരെ
അവകാശലംഘന നോട്ടീസ്
ന്യൂഡൽഹി: വിദ്യാഭ്യാസ കാര്യത്തിനായുള്ള പാർലമെന്ററി സമിതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ അവകാശലംഘന നോട്ടീസ്. കോൺഗ്രസ് രാജ്യസഭാ എം.പി ജയറാം രമേശ്, രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണന് നോട്ടീസ് കൈമാറി. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശമുണ്ടായത്. പാർലമെന്ററി സമിതിയുടെ ശുപാർശകൾ നടപ്പാക്കാത്തതിനെ കുറിച്ച് മാദ്ധ്യമപ്രവർത്തർ ചോദിച്ചു. പ്രതിപക്ഷ അംഗങ്ങൾ കൂടി അടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |