SignIn
Kerala Kaumudi Online
Friday, 31 July 2026 4.03 AM IST

'സോറി സർ'  ദുരൂഹം! നിതിൻ രാജ് കേസിൽ വിദ്യാർത്ഥികളുടെ  മനംമാറ്റം

READ ENGLISH VERSION
aa

കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വകുപ്പ് മേധാവി ഡോ. റാമിനെതിരെ നേരത്തേ വിദ്യാർത്ഥികൾ ശക്തമായി രംഗത്തെത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം കണ്ടത് മറ്റൊരു ദൃശ്യം. ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിനെ തെളിവെടുപ്പിനായി കോളേജിലേക്ക് എത്തിച്ചപ്പോൾ, റാമിനെതിരെ നേരത്തേ ശബ്ദമുയർത്തിയ അതേ ക്യാമ്പസിലെ ഒരു വിഭാഗം വിദ്യാർത്ഥിനികൾ 'സോറി സർ' എന്ന് പറഞ്ഞ് വിതുമ്പി. റാമിനെ പൊലീസ് വാഹനത്തിനരികിൽ കണ്ടപ്പോഴായിരുന്നു ഈ വൈകാരിക രംഗം.

ഈ സംഭവം കേസിന്റെ ഗതിയിൽ പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്. നിതിൻ രാജിന്റെ മരണശേഷം ഭൂരിഭാഗം വിദ്യാർത്ഥികളും ഡോ. റാമിനെതിരെ രംഗത്തെത്തിയിരുന്നു. ജാതി അധിക്ഷേപം, ബോഡി ഷെയിമിംഗ്, ക്ലാസിൽ പെൺകുട്ടികളെ അപമാനിക്കൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അന്ന് ഉയർന്നത്. നാല് വിദ്യാർത്ഥികൾ പൊലീസിന് നൽകിയ മൊഴിയാണ് റാമിനെ ഒന്നാം പ്രതിയാക്കാൻ കാരണമായത്. ആരോപണം ഉന്നയിച്ചവരുടെ പട്ടികയിൽ ഇല്ലാതിരുന്ന വിദ്യാർത്ഥികളാണ് ഇപ്പോൾ അനുകൂല നിലപാടുമായി രംഗത്തെത്തിയത്.

മാനേജ്‌മെന്റ് നിരീക്ഷണം;

ഇന്റേണൽ മാർക്ക് സമ്മർദ്ദം
മാനേജ്‌മെന്റ് അന്വേഷണ വിധേയമായി റാമിനെ പുറത്താക്കിയെങ്കിലും, അദ്ദേഹത്തിനെതിരായ വ്യക്തമായ നിലപാട് മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. അദ്ധ്യാപകരിൽ പലരും റാമിനെ അനുകൂലിക്കുന്നതായി സൂചനയുണ്ട്. ഇന്റേണൽ മാർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാനേജ്‌മെന്റിന്റെ നിലപാട് നിർണായകമാകുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സമീപനം സംശയങ്ങൾക്ക് ബലം നൽകുന്നു.

നിതിന്റെ സഹപാഠി ആർച്ചയുൾപ്പെടെയുള്ളവർ റാമിനെതിരെ നേരത്തേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പരാതി നൽകിയാലും തനിക്ക് ഒന്നും സംഭവിക്കില്ലെന്ന മട്ടിലാണ് വകുപ്പ് മേധാവിയുടെ പെരുമാറ്റമെന്നും, പേടിച്ചാണ് പലരും തുറന്നു പറയാത്തതെന്നും സഹപാഠി വ്യക്തമാക്കിയിരുന്നു. മറ്റൊരു വിദ്യാർത്ഥിനി കീർത്തിയും മുമ്പ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്രയും നാളും മെല്ലെപ്പോക്ക് നടത്തിയ കൈംബ്രാഞ്ച് കോടതി വിമർശനങ്ങൾക്ക് പിന്നാലെ കേസ് അന്വേഷണം വേഗത്തിലാക്കി. ഡിവൈ.എസ്.പി ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ചില രേഖകൾ കഴിഞ്ഞദിവസം ശേഖരിച്ചു. നിതിൻ മരിച്ച സമയത്ത് റാം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു; ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHIN RAJ CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA