
കൊച്ചി: സംസ്ഥാനത്തെ 33,115 അങ്കണവാടികളിൽ പ്രീ-സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ടി.സി മാതൃകയിൽ സർട്ടിഫിക്കറ്ര് നൽകും. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് കേരളത്തിലും 'വിദ്യാരംഭം" (ഏർളി ചൈൽഡ്‌ഹുഡ് കെയർ ആൻഡ് എഡ്യുക്കേഷൻ ) സർട്ടിഫിക്കറ്റ് നൽകുക. കുട്ടികളുടെ ഐ.ഡി നമ്പർ, അങ്കണവാടി കേന്ദ്രത്തിന്റെ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന സർട്ടിഫിക്കറ്റ് ആദ്യകാല പഠനത്തിന്റെ ഔപചാരിക രേഖയാവും. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്‌ക്കാനും പ്രീ-സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. അദ്ധ്യയന വർഷാവസാനം അങ്കണവാടികൾ വഴി നേരിട്ട് കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
വനിതാ-ശിശുവികസന വകുപ്പിനാണ് ചുമതല.
പത്ത് അക്ക തിരിച്ചറിയൽ നമ്പർ
1. സർട്ടിഫിക്കറ്റിൽ 10 അക്ക ഐ.ഡി ഉണ്ടാകും. ഇതിൽ ആദ്യത്തെ 4 അക്കങ്ങൾ അങ്കണവാടി സെന്റർ കോഡും അടുത്ത 4 അക്കങ്ങൾ കുട്ടിയുടെ അപാർ (ഓട്ടോമേറ്റഡ് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്ട്രി) ഐ.ഡിയുടെ അവസാന നാല് അക്കങ്ങളും അവസാന 2 അക്കങ്ങൾ സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്ത വർഷവും സൂചിപ്പിക്കും.
2. എ 4 സൈസിൽ, 220 ജി.എസ്.എം വൈറ്റ് കാർഡിൽ മൾട്ടി കളർ പ്രിന്റിംഗിലാണ് സർട്ടിഫിക്കറ്റ് തയാറാക്കുന്നത്.
3. സർക്കാർ അംഗീകൃത ഏജൻസിയായ സി-ആപ്റ്റ്, ഗവൺമെന്റ് പ്രസ് എന്നിവ മുഖേനയായിരിക്കും ഇവ അച്ചടിച്ച് നൽകുക.
നടപ്പ് അദ്ധ്യയന വർഷം മുതൽ സർട്ടിഫിക്കറ്റ് കുട്ടികൾക്ക് നൽകാനാണ് തീരുമാനം. സന്തോഷ് കുമാർ ടി.കെ,അഡിഷണൽ സെക്രട്ടറി
വനിതാ-ശിശുവികസന വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |