
തിരുവനന്തപുരം: ശബരിമലയിലേക്ക് നെയ്യ് വിൽക്കാനുള്ള തീരുമാനം മിൽമ തിരുവനന്തപുരം യൂണിയൻ എടുത്തത് നടപടിക്രമം അട്ടിമറിച്ചെന്ന് റിപ്പോർട്ട്. എം.ഡിയെയും ബോർഡിനെയും അറിയിക്കാതെയാണ് പിരിച്ചുവിടപ്പെട്ട മിൽമ ഭരണസമിതി നെയ്യ് വില്പനയ്ക്കുള്ള കരാറുണ്ടാക്കിയത്.
ദേവസ്വം ബോർഡുമായി വില്പന തീരുമാനിച്ച് 53 ദിവസങ്ങൾക്ക് ശേഷമാണ് മിൽമയുടെ ഡയറക്ടർ ബോർഡിൽ വിഷയമെത്തിയത്. അരവണ പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചു വന്ന നെയ്യിന്റെ ഗുണനിലവാരം കുറവാണെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസറാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ശബരിമല ഉന്നതതല അവലോകനയോഗം ഇക്കാര്യം ചർച്ച ചെയ്തു. തുടർന്ന് ശബരിമലയിലേക്ക് നെയ്യ് വിതരണത്തിനായി ദേവസ്വം ബോർഡ് മിൽമ തിരുവനന്തപുരം മേഖലാ യൂണിയനുമായി ചർച്ച നടത്തി. ലിറ്ററിന് 510 രൂപയ്ക്ക് നെയ്യ് ശബരിമലയ്ക്ക് നൽകാമെന്ന് തിരുവനന്തപുരം യൂണിയൻ ചെയർമാനും ഭരണസമിതിയും തീരുമാനമെടുത്തു.
പഠനം നടത്തി മിൽമ എം.ഡിയാണ് നെയ്യുടെ വില്പന വിലയടക്കം തീരുമാനിക്കേണ്ടത്. എന്നാൽ വില്പനയുടെ കാര്യം മിൽമ എം.ഡി അറിഞ്ഞില്ല. തിരുവനന്തപുരം യൂണിയനിൽ ഒരു ലിറ്റർ നെയ്യ്‌ക്ക് 558.42 രൂപയായിരുന്നു ഹോൾസെയിൽ വില. എന്നാൽ, വിപണിയിൽ 720 രൂപയും. ഹോൾസെയിൽ വിലയേക്കാൾ 48.42 രൂപ കുറച്ച് വിൽക്കുന്നതിന് യൂണിയൻ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. 2025 ജൂൺ 11നാണ് നെയ്യ് നൽകാൻ സന്നദ്ധരാണെന്ന് അറിയിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന് യൂണിയൻ കത്ത് നൽകി. 2025 ജൂലായ് ഏഴിന് നെയ്യെടുക്കാൻ തയ്യാറെന്ന് അറിയിച്ച് ദേവസ്വം ബോർഡ് സെക്രട്ടറി, മിൽമയ്ക്ക് ഉത്തരവ് കൈമാറി. എന്നാൽ, ആഗസ്റ്റ് അഞ്ചിനാണ് ഇടപാട് മിൽമ ബോർഡ് യോഗത്തിൽ ചർച്ചയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |