
കൊച്ചി: സംസ്ഥാനത്തെ 1,500ൽപ്പരം സ്വകാര്യ സെക്യൂരിറ്റി ഏജൻസികളിൽ പത്ത് ശതമാനത്തിന് പോലും ലൈസൻസും പെരുമാറ്റച്ചട്ടങ്ങളുമില്ല. പത്ത് ലക്ഷത്തോളം സെക്യൂരിറ്റി ജീവനക്കാരിൽ ഒട്ടുമുക്കാലും പ്രവർത്തിക്കുന്നത് അനധികൃത ഏജൻസികളിൽ. ആഭ്യന്തരവകുപ്പിന്റെ രജിസ്‌ട്രേഷനും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചുള്ള മറ്റ് മാനദണ്ഡങ്ങളും പാലിച്ചാലേ ഏജൻസിക്ക് പ്രവർത്തിക്കാനാകൂ.
സെക്യൂരിറ്റി ഏജൻസീസ് റെഗുലേഷൻ ആക്ട് (2005) പ്രകാരം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ നടപടി അപൂർവം.
സെക്യൂരിറ്റിക്കാരുടെ വേതനത്തിന്റെ 15 - 20 ശതമാനം വരെ ഏജൻസികൾ സർവീസ് ചാർജായീടാക്കും. വൃദ്ധരെയും രോഗികളെയും വരെ തുച്ഛവേതനത്തിന് നിയോഗിക്കുന്നവരുമുണ്ട്. നിവൃത്തികേടിനാൽ ജോലിക്കെത്തുന്നവരെ ചൂഷണവും ചെയ്യും.
സെക്യൂരിറ്റിക്കാരുടെ സേവനം പലപ്പോഴും പൊലീസിനും ഉപകാരമാണ്. മയക്കുമരുന്ന് ഇടപാടിൽ കൃത്യമായ വിവരം നൽകുന്നവരുണ്ട്. രാത്രി ജോലി ചെയ്യുന്നവർക്ക് സാമൂഹികവിരുദ്ധരുടെ നീക്കം മനസിലാക്കാനും അറിയിക്കാനുമാകും. വ്യാജഏജൻസികൾ റിക്രൂട്ട് ചെയ്യുന്ന സാമൂഹിക വിരുദ്ധരാണെങ്കിലോ തലവേദനയുമാണ്. ഇത്തരം ക്രിമിനൽസംഘമാണ് കഴിഞ്ഞദിവസം എറണാകുളത്ത് പൊലീസിനെ ആക്രമിച്ചത്. യോഗ്യത വിലയിരുത്തലോ പൊലീസ് വെരിഫിക്കേഷനോ ഇവിടെയില്ല.
ചുമതല സ്‌പെഷ്യൽ ബ്രാഞ്ചിന്
സെക്യൂരിറ്റി ഏജൻസികൾക്ക് അംഗീകാരം നൽകേണ്ടതും പ്രവർത്തനം നിരീക്ഷിക്കേണ്ടതും പൊലീസിലെ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ചുമതല.
ഏജൻസി നടത്തിപ്പിന് 3,000 രൂപ ഫീസടച്ച് അപേക്ഷിക്കണം
ഒന്നിലധികം ആളുകൾ ചേർന്നാണ് തുടങ്ങുന്നതെങ്കിൽ ഓരോരുത്തരും 3,000 രൂപ വീതം നൽകണം
അനധികൃത ഏജൻസികൾക്ക് ഫീസ്, ജി.എസ്.ടി ബാധകമല്ല. ഈയിനത്തിൽ സർക്കാരിന് ലക്ഷങ്ങളും നഷ്ടം.
മിനിമം വേതനം, ഏജൻസികളുടെ അംഗീകാരം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഇടപെടലുണ്ടായാൽ തൊഴിലില്ലായ്മയ്ക്ക് ചെറിയൊരു പരിഹാരമാണ് സെക്യൂരിറ്റി സർവീസ്.
ഹബീബ് റഹ്മാൻ,
ജനറൽ സെക്രട്ടറി,
അസോ. ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി
ഇൻഡസ്ട്രി (കേരള).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |