
തിരുവനന്തപുരം: മന്ത്രിസഭയിൽ മാത്രമല്ല, അവരുടെ പേഴ്സണൽ സ്റ്റാഫിലും പിന്നാക്ക, ദളിത് വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിദ്ധ്യം നൽകണമെന്ന് ഇന്നലെ കന്റോൺമെന്റ് ഹൗസിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദർശിച്ച
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കേരളകൗമുദി മുഖപ്രസംഗവും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി സ്വാമിമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയെയും ആവശ്യമുണ്ട്. കേരളത്തിൽ 42 ഓളം പിന്നാക്ക സമുദായങ്ങളുടെ വളർച്ചയ്ക്ക് ഇതാവശ്യമാണ്. എല്ലാവരുടെയും വോട്ട് വാങ്ങി ജയിച്ച ജനപ്രതിനിധികൾ ജാതി മത ഭേദമില്ലാതെ പ്രവർത്തിക്കണം. നിയമസഭയിൽ പ്രതിനിധികളില്ലാത്ത സമുദായങ്ങൾക്കും പ്രത്യേക പരിഗണന നൽകണം. ഏതെങ്കിലും ജാതിമത വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ അമിത പ്രാതിനിദ്ധ്യം നൽകരുതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ ശിവഗിരി മഠത്തിന്റെ അനുമോദനം അറിയിച്ച് പൊന്നാടണിയിച്ചു. കേരളത്തിൽ സാമൂഹ്യ നീതിയും സാമൂഹ്യ സമത്വവും ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് സ്വാമി ശുഭാംഗാനന്ദ അഭ്യർത്ഥിച്ചു. മഠത്തിന്റെ ആവശ്യങ്ങൾ അതേ അർത്ഥത്തിൽ ഉൾക്കൊള്ളുമെന്ന് വി.ഡി.സതീശൻ അറിയിച്ചു.
മുഖ്യമന്ത്രി ആദ്യം
ശിവഗിരിയിൽ
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഖ്യമന്ത്രി വി.ഡി.സതീശൻ ആദ്യമെത്തുക ശിവഗിരി മഹാസമാധിയിലായിരിക്കുമെന്ന് പറഞ്ഞതായി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |