SignIn
Kerala Kaumudi Online
Saturday, 08 August 2026 3.58 AM IST

വിമാനം അപകടത്തിലാക്കാൻ ശ്രമം: മജിസ്ട്രേട്ടിന്റെ വസതിയിലും പ്രതി അക്രമാസക്തനായി

ss

നെടുമ്പാശേരി: ആകാശത്ത് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാനും ജനൽച്ചില്ല് ഇടിച്ചുപൊട്ടിക്കാനും ശ്രമിച്ച് അറസ്റ്റിലായ യുവാവ് അങ്കമാലിയിൽ മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കിയപ്പോഴും അക്രമാസക്തനായി.

പാലക്കാട് തെക്കേ വാവന്നൂർ അത്താണിക്കൽ വീട്ടിൽ ജംഷീർ യൂസഫാണ്(34) കസേര വലിച്ചെറിഞ്ഞ് ബഹളമുണ്ടാക്കിയത്. മജിസ്ട്രേട്ട് പരാതിപ്പെടാത്തതിനാൽ പൊലീസ് കേസെടുത്തില്ല.

അറസ്റ്റ് നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ജംഷീറിനെ അങ്കമാലി മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കിയത്. പ്രതിയുടെ വക്കീൽ വക്കാലത്ത് ഒപ്പിടുമ്പോഴാണ് ഇയാൾ പ്രകോപിതനായത്. വക്കീലിന്റെ കൈവശമുണ്ടായിരുന്ന രേഖകൾ അടങ്ങിയ ഫയലും വലിച്ചെറിഞ്ഞു. പൊലീസ് ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടെയാണ് കസേര വലിച്ചെറിഞ്ഞത്. നടപടികൾ പൂർത്തിയാക്കി ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
ബുധനാഴ്ച രാത്രി ബാത്തിക് എയർ വിമാനത്തിൽ മലേഷ്യയിലെ ക്വലാംലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുമ്പോഴാണ് ജംഷീർ അക്രമാസക്തനായത്. എമർജൻസി വാതിലിന് അരികിലെ വിൻഡോ സീറ്റിലായിരുന്ന ഇയാൾ വിമാനം കൊച്ചിയിൽ എത്തുന്നതിന് അര മണിക്കൂർ മുമ്പ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും വാതിലിന്റെ ജനൽപാനൽ ഇടിച്ച് പൊട്ടിക്കുകയുമായിരുന്നു. എല്ലാവരെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

തടയാൻ ശ്രമിച്ച വിമാനജീവനക്കാരോടും സഹയാത്രികരോടും തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എല്ലാവരും ചേർന്ന് കീഴ്‌പ്പെടുത്തി കൈകൾ ബന്ധിച്ചു. വിമാനം കൊച്ചിയിലിറങ്ങിയതോടെ സി.ഐ.എസ്.എഫ് നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു.

തന്റെ ശരീരത്തിൽ 'ജിന്ന്" കയറിയതായും ഇയാൾ പറയുന്നുണ്ടായിരുന്നു. പത്ത് വർഷത്തോളമായി മലേഷ്യയിൽ ഹോട്ടൽ - സൂപ്പർ മാർക്കറ്റ് സ്ഥാപനത്തിലെ ജോലിക്കാരനാണ്. അവധിക്ക് നാട്ടിലേക്ക് വരുമ്പോഴാണ് സംഭവം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA