
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ഈ മാസം 15ന് പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം. സർക്കാരും മന്ത്രിയുമില്ലാത്ത സാഹചര്യത്തിൽ ഫലം പ്രഖ്യാപിക്കണോ എന്നതാണ് പ്രശ്നം. ഫല പ്രഖ്യാപനം നീണ്ടാൽ പ്ലസ് വൺ പ്രവേശനവും വൈകും. ഇന്ന് പരീക്ഷാബോർഡ് ചേർന്ന് പരീക്ഷാഫലത്തിന് അംഗീകാരം നൽകും.
ഇന്നലെ ചേർന്ന ക്യൂ.ഐ.പി യോഗത്തിലും ഇക്കാര്യത്തിൽ വ്യക്തത നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കഴിഞ്ഞില്ല. എല്ലാ അധ്യാപക സംഘടനകളും സമയബന്ധിതമായി പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു. ഇന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ അറിയിച്ചു.
മേയ് 15ന് എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി.ശിവൻകുട്ടി അറിയിച്ചത്. ഇതസുരിച്ചുള്ള നടപടികളും പൂർത്തിയായി. എന്നാൽ ഭരണം മാറുകയും സർക്കാരിന്റെ സത്യപ്രതിജ്ഞ വൈകുകയും ചെയ്തതോടെ ഫലം പ്രഖ്യാപിക്കുന്നതിൽ ആശയക്കുഴപ്പമായി. സർക്കാരുമില്ല, വിദ്യാഭ്യാസ മന്ത്രിയുമില്ല.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഫലം പ്രഖ്യാപിക്കുന്നതിന് തടസമില്ല. 2019ൽ അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്.
മറ്റ് സിലബുകളിലെല്ലാം ഫലം വന്നെങ്കിലും എസ്എസ്എൽസി ഫലം വരാത്തതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ട്. മൂല്യനിർണയം മേയ് 2ന് പൂർത്തിയായി. പരീക്ഷ ബോർഡ് ചേർന്ന് ഫലം അംഗീകരിച്ച് അന്തിമ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ പ്രഖ്യാപിക്കാം. പുതിയ വിദ്യാഭ്യാസമന്ത്രി ചുമതലയേൽക്കുന്നതുവരെ ഫലം പ്രഖ്യാപിക്കാൻ കാത്തിരിക്കണമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |