
ശിവഗിരി: ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേന്തിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ദുഃഖിപ്പിക്കുന്നതാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ആർക്കും അവകാശമില്ല. തെറ്റ് തെറ്റുതന്നെയാണ്. എന്നാൽ പാർട്ടി നേതാവ് എന്ന നിലയിൽ വി.ഡി. സതീശനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് ചേന്തി അനിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ സമീപിക്കാൻ ധൈര്യം കാണിച്ചത്. ജയന്തി ദിനത്തിൽ മുഖ്യമന്ത്രിക്ക് സ്വാഭാവികമായും തിരക്കേറിയ നിരവധി പരിപാടികളുണ്ടായിരുന്നു. ചെമ്പഴന്തിയിൽ വൈകിട്ട് 6.30ന് നിശ്ചയിച്ചിരുന്ന പരിപാടിയിൽ മുഖ്യമന്ത്രി ആറുമണിക്ക് മുമ്പുതന്നെ എത്തി സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. സ്വാതന്ത്ര്യ ബോധത്തിന്റെ ഭാഗമായി സംഭവിച്ചുപോയതിനെ വലിയ തെറ്റായി കണ്ട് ചേന്തി അനിലിനെപ്പോലുള്ളവരെ നടപടിക്ക് വിധേയരാക്കുന്നത് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ തിരുത്തപ്പെടേണ്ടതാണ്. സംഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് സമചിത്തതയോടെ പെരുമാറാൻ ചേന്തി അനിലിന് സാധിക്കട്ടെ. മുഖ്യമന്ത്രി അനിലിന് മാപ്പ് നൽകണം. ഇത് രാജ്യത്തുടനീളമുള്ള ഗുരുഭക്തരുടെ വികാരം കൂടിയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ചേന്തി അനിലിന് ജാമ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ തടഞ്ഞ് മോശമായി പെരുമാറിയ കേസിൽ ഡി.സി.സി മുൻ അംഗം ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കാർത്തിക എസ്. വർമ്മയാണ് ജാമ്യം അനുവദിച്ചത്. പ്രതി സമാന കുറ്റ കൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട പ്രാരംഭ നടപടി ക്രമങ്ങൾ പൊലീസ് പാലിക്കാത്തതാണ് ജാമ്യം ലഭിക്കാനിടയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |