SignIn
Kerala Kaumudi Online
Thursday, 18 June 2026 7.02 AM IST

കൊട്ടിക്കയറി ഇലഞ്ഞിത്തറമേളം; ചൂട് വകവയ്ക്കാതെ ആവേശത്തിൽ പൂര പ്രേമികൾ

READ ENGLISH VERSION
thrissur-pooram

തൃശൂർ: തൃശൂർ പൂരത്തിന്റെ ആവേശങ്ങളിൽ ഒന്നായ പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി. വടക്കുന്നാഥ ക്ഷേത്രത്തിൽ കിഴക്കൂട്ട് അനിയൻ മാരാർ പ്രാമാണ്യം വഹിച്ചാണ് മേളം ആരംഭിച്ചത്. മൂന്നാംതവണയാണ് കിഴക്കൂട്ട് അനിയൻ മാരാർ ഇലഞ്ഞിത്തറമേള പ്രമാണിയാകുന്നത്. കനത്ത ചൂട് വകവയ്ക്കാതെ ആയിരങ്ങളാണ് മേളം കാണാൻ ക്ഷേത്ര പരിസരത്ത് എത്തിയത്.

രണ്ടുമണിയോടെയാണ് മേളം തുടങ്ങിയത്. തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തിൽവരവ് പഞ്ചവാദ്യം കഴിഞ്ഞതിന് ശേഷമാണ് ഇലഞ്ഞിത്തറമേളം ആരംഭിച്ചത്. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തിൽ ഒന്നര മണിക്കൂറാണ് പഞ്ചവാദ്യം അരങ്ങേറിയത്. വെെകിട്ട് അഞ്ച് മണിയോടെ മേളം കൊട്ടി അവസാനിപ്പിച്ച് തെക്കോട്ടിറക്കം ആരംഭിക്കും. തെക്കിന്റെ തേവർ എന്നറിയപ്പെടുന്ന കൊമ്പൻ തൃക്കടവൂർ ശിവരാജുവാണ് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. 16 വർഷത്തിന് ശേഷമാണ് തിരുവിതാംകൂർ ദേവസ്വത്തിന്റെ കൊമ്പൻ ശിവരാജു തൃശൂർ പൂരത്തിനെത്തുന്നത്. തൃശൂർ പൂരത്തിൽ തിടമ്പാന ആകുന്നത് ഇതാദ്യമായിരുന്നു.

കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പുറപ്പെട്ടതോടെയാണ് ഇന്ന് രാവിലെ ശക്തന്റെ തട്ടകം പൂരദിനത്തിലേക്ക് ഉണർന്നത്. പൂരത്തിന്റെ പ്രധാന ആകർഷണമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ് കാണാൻ വൻ ജനകൂട്ടമാണ് തടിച്ചുകൂടിയത്. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നടയിലൂടെ രാമൻ പുറത്തേക്ക് വന്ന നിമിഷം പൂരപ്രേമികൾക്ക് വികാരനിർഭരമായ നിമിഷമായിരുന്നു. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിലേയ്ക്ക് എത്തുകയാണ്. പുലർച്ചെ നാലേമുക്കാലോടെ കണിമംഗലം ശാസ്‌താക്ഷേത്രത്തിൽ നിന്നാണ് ആദ്യഘടകപൂരം ആരംഭിച്ചത്. തൊട്ടുപിന്നാലെ കാരമുക്ക്, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, ലാലൂർ, അയ്യന്തോൾ, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ് ക്ഷേത്രങ്ങളിലെ ഘടകപൂരങ്ങളും വടക്കുന്നാഥനെ വിധിപ്രകാരം കാണാനെത്തും.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെത്തുടർന്ന് ഇന്നലെ സാമ്പിൾ വെടിക്കെട്ടും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ ഒഴിവാക്കി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വമായ കുടമാറ്റം 15 മിനിറ്റ് മാത്രമാക്കി ചുരുക്കി. പൂരത്തിന്റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR, POORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA