
മേപ്പാടി: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പശ്ചാത്തലത്തിൽ കോഴിക്കോട് മേപ്പാടി തുരങ്കപാത തുടർനിർമ്മാണം വിശദ പഠനത്തിന് ശേഷം മാത്രം. ഇതോടെ നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി അനിശ്ചിതത്വത്തിലായി.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന നിബന്ധനകൾ കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി. അപകടകാരണത്തെപ്പറ്റി പ്രത്യേക അന്വേഷണവും ഉണ്ടാകും. ഈ രണ്ട് അന്വേഷണങ്ങളുടെയും റിപ്പോർട്ട് വിലയിരുത്തിയാകും അന്തിമതീരുമാനം.
ഉപകരാറിലൂടെ നിർമ്മാണം ഏറ്റെടുത്ത ഭോപ്പാലിലെ ദിലീപ് ബിൽഡ്‌കോണിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി വിലക്കാനിടയുണ്ട്. മണ്ണിടിച്ചിലുണ്ടാകാതിരിക്കാൻ ചേർന്ന ഉന്നതതല യോഗത്തിലെ മുൻകരുതൽ നിർദ്ദേശം പോലും കമ്പനി പാലിക്കാത്തത് സർക്കാർ ഗൗരവത്തിലെടുത്തിട്ടുണ്ട്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല. പദ്ധതി നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. അവരിൽ നിന്നാണ് ദിലീപ് ബിൽഡ്‌കോൺ നിർമ്മാണമേറ്റെടുത്തത്.
2025 ആഗസ്റ്റിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 2134 കോടിയാണ് ചെലവ്. അയഞ്ഞ മണ്ണുള്ള മേപ്പാടിയിലെ ഭൂപ്രകൃതി പരിഗണിക്കാതെയാണ് നിർമ്മാണമെന്ന് ആക്ഷേപമുണ്ട്. തുരങ്കപാത തുടങ്ങുന്ന കോഴിക്കോട് ആനക്കാംപൊയിലിൽ മണ്ണിന്റെ അളവ് കുറവാണ്. എന്നാൽ മേപ്പാടിയിൽ പാറ തുരക്കേണ്ട സ്ഥലത്തെത്താൻ 300 മീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലും 30 മീറ്റർ ഉയരത്തിലും മണ്ണ് മാറ്റേണ്ടതുണ്ട്.
മഴയ്ക്ക് മുൻപ് മണ്ണ് നീക്കിയില്ല
മഴയ്ക്കു മുൻപേ പാറയ്ക്ക് സമീപം വരെ മണ്ണ് നീക്കാനുള്ള കരാർ കമ്പനിയുടെ പദ്ധതി പാളി. കുഴിച്ചെടുന്ന മണ്ണ് നിർമ്മാണ സ്ഥലത്തിന് സമീപം വൻമല പോലെ കൂട്ടിയിട്ടതും വിനയായി. മണ്ണ് സൂക്ഷിക്കാൻ സ്ഥലമൊരുക്കാതെ ഖനനം തുടങ്ങിയതും പിഴവായി. ഒരു ലക്ഷം ക്യുബിക് മീറ്റർ മണ്ണ് സൂക്ഷിക്കാനുള്ള സ്ഥലമാണ് വേണ്ടിയിരുന്നത്. നിർമ്മാണ മേഖലയ്ക്ക് 12 മീറ്റർ അകലെ മണ്ണിടിച്ചിൽ ഉണ്ടായതാണ് പ്രശ്നമായതെന്ന് അവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |