
നദികൾ കരകവിഞ്ഞു, റാന്നിയും പാലായും മുങ്ങി
തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രി മുതൽ കലിതുള്ളിപ്പെയ്ത അപ്രതീക്ഷിത മഴ സംസ്ഥാനത്ത് 9 പേരുടെ ജീവനെടുത്തു. ഉറങ്ങിക്കിടന്ന അമ്മയും മകനുമടക്കം ഉരുൾപൊട്ടലിനിരയായി. കുട്ടികളടക്കം മുങ്ങിമരിച്ചു. കടലിൽ വള്ളം മറിഞ്ഞ് തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും രണ്ടുപേരെ വീതവും കൊല്ലം തങ്കശേരിയിൽ ഒരാളെയും കാണാതായി. കണ്ണൂർ കാഞ്ഞിരപ്പുഴയിലും ഒരാൾ ഒഴുക്കിൽപ്പെട്ടു.
നദികൾ കരകവിഞ്ഞ് നാടിനെ വിഴുങ്ങി. കോട്ടയത്തും ഇടുക്കിയിലും കണ്ണൂരും ഉരുൾപൊട്ടി. വെള്ളപ്പൊക്കത്തിൽ പത്തനംതിട്ട റാന്നി ഒറ്റപ്പെട്ടു. പത്തോളം ഡാമുകൾ തുറന്നു. ചുരങ്ങളും മലയോര പാതകളും വഴിയുള്ള ഗതാഗതം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തു.
127 വീടുകൾ ഭാഗികമായും 17 വീടുകൾ പൂർണമായും തകർന്നു. നൂറോളം വാഹനങ്ങളും നശിച്ചു. 65 ദുരിതാശ്വാസ ക്യാമ്പുകളിലായി 1465 പേരുണ്ട്. കാസർകോട് മുതൽ പത്തനംതിട്ടവരെ അതീവ ജാഗ്രതയിലാണ്. അതേസമയം, മഴമുന്നറിയിപ്പ് അധികൃതർ കൃത്യമായി നൽകിയില്ലെന്ന് ആക്ഷേപമുണ്ട്.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത് വെളുപ്പിനു രണ്ടരയോടെ ഉരുൾപൊട്ടി പയ്യാനിത്തോട്ടത്ത് റെജീന (48), മകൻ ജോസഫിൻ (28) എന്നിവരാണ് മരിച്ചത്. വീട് ഒലിച്ചുപോയി. ഗൃഹനാഥൻ ജോണി അയൽവാസിയുടെ വീട്ടിൽ കൂട്ടുകിടക്കാൻ പോയതിനാൽ അപകടത്തിൽപ്പെട്ടില്ല. മറ്റു മക്കളായ ജോമിറ്റും സോമിറ്റും ബന്ധുവീട്ടിലായിരുന്നു.
വാകത്താനത്ത് വാട്ടർ ടാങ്കിനെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ചക്കൻചിറ പേരുക്കുന്നേൽ കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ (11) മരിച്ചു. കോട്ടയം കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലായി നാലിടങ്ങളിൽ ഉരുൾപൊട്ടി. മീനച്ചിൽ, മണിമലയാറുകൾ കരകവിഞ്ഞു. പാലാ, ഈരാറ്റുപേട്ട, മണിമല പ്രദേശങ്ങൾ വെള്ളത്തിലായി.
മലപ്പുറം കൊണ്ടോട്ടിയിലും വണ്ടൂരിലുമായി തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു. കൊണ്ടോട്ടി നീറാട് കൂനയിൽ കണ്ണപ്പംതൊടി അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ മുഹമ്മദ് ആദം ഐമൻ (4), ആലപ്പുഴ സ്വദേശി അബ്ദുൾ മുനീറിന്റെ മകൻ അബ്ദുൾ മുഹയിൻ (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്.
ഇടുക്കി കോലാഹലമേട്ടിൽ വീട്ടിലേക്ക് കൂറ്റൻ മൺത്തിട്ട ഇടിഞ്ഞുവീണ് വൈക്കം മറവൻതുരത്ത് സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. സഹോദരി ലീലാമണിയുടെ വീട്ടിലെത്തിയതാണ്. അടുത്ത മുറിയിലുണ്ടായിരുന്ന ലീലാമണി അദ്ഭുതകരമായി രക്ഷപ്പട്ടു. പ്രഭാകരൻനായർക്ക് കേൾവി ശക്തിയില്ലാത്തതിനാൽ മണ്ണിടിഞ്ഞ ശബ്ദം കേട്ടില്ല. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷികല്ലേൽ രവിയുടെ ഭാര്യ സുമതി (69) മരിച്ചു. മകൻ രതീഷിനെയും രവിയെയും നാട്ടുകാർ രക്ഷപ്പെടുത്തി.
വയനാട്ടിൽ മീൻകുളത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് പടിഞ്ഞാറത്തറ മഞ്ഞൂറ മാങ്കോട്ട് ബെന്നി (57) മരിച്ചു. തൃശൂർ മതിലകത്ത് തോട്ടിൽ വീണ് പള്ളത്ത് വീട്ടിൽ ശശിധരൻ (75) മരിച്ചു. തൃശൂർ, ഗുരുവായൂർ നഗരത്തിൽ വെള്ളം കയറി. കണ്ണൂർ പേരാവൂർ കൊട്ടംചുത്ത് വി.പി.ഹനീഫ (46) കാഞ്ഞിരപ്പുഴയിൽ തേങ്ങയെടുക്കാൻ ചാടിയപ്പോൾ ഒഴുകിപ്പോയി.
പമ്പാനദിയിൽ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിൽ, ശബരിമലദർശനം കഴിവതും ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതോടെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. കോഴിക്കോട്, വില്ല്യാപ്പളളി, ഈങ്ങാപ്പുഴയടക്കം ടൗണുകൾ വെള്ളത്തിലായി. പാലക്കാട് ജില്ലയിൽ നാലു വീടുകൾ തകർന്നു. പമ്പ, മണിമല, അച്ചൻകോവിൽ നദികൾ കരകവിഞ്ഞു. കോന്നി തൂമ്പാക്കുളത്തും കൊക്കാത്തോട്ടിലും ഉരുൾപൊട്ടി.
കൊല്ലത്ത് കല്ലടയാറും ശംഖിലിയാറും നിറഞ്ഞുകവിഞ്ഞു. മൂവാറ്റുപുഴയാറും പെരിയാറും കരകവിഞ്ഞ് എറണാകുളം ജില്ലയിൽ വ്യാപക നാശമുണ്ടായി. ആലുവ ശിവക്ഷേത്രം ഭാഗികമായി മുങ്ങി.
പരീക്ഷകൾ മാറ്റി
കനത്ത മഴയെത്തുടർന്ന് എം.ജി, ശ്രീനാരായണ ഓപ്പൺ സർവകലാശാലകളിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. ഇന്ന് നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷയും (സെറ്റ്) മറ്റൊരു തീയതിയിലേക്ക് മാറ്റി.
കൂടുതൽ മഴ ഇടുക്കിയിൽ- 213 മില്ലി മീ.
പത്തനംതിട്ടയിൽ 162 മില്ലി മീ.
മലപ്പുറത്ത് 158 എം.എം
കോട്ടയത്ത് 133എം.എം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |