തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പറഞ്ഞ വാക്ക് പാലിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ ചരിത്രമെഴുതുകയായി. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനും ആശാവർക്കർമാരുടെ വേതനം 3000 രൂപ വർദ്ധിപ്പിക്കാനും ആദ്യ മന്ത്രിസഭായോഗത്തിൽ തീരുമാനം.
മുൻമുഖ്യമന്ത്രി പിണറായിവിജയന്റെ ഗൺമാൻമാർ കരിങ്കൊടികാട്ടിയ യൂത്തുകോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എസ്.ഐ.ടി അന്വേഷണവും പ്രഖ്യാപിച്ചു.
ജൂൺ 15 മുതലാണ് സൗജന്യയാത്ര.രാജ്യത്ത് ഇത് നടപ്പാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് കേരളം.വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും. വാക്കാണ് പ്രധാനമെന്നും വിശ്വാസ്യതയുടെ തെളിവാണിതെന്നും മന്ത്രിസഭായോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ വി.ഡി.സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ അഞ്ച് ഇന്ദിരാഗ്യാരന്റിയിലെ ആദ്യ ഇനമായിരുന്നു സ്ത്രീകൾക്ക് സൗജന്യയാത്ര.രണ്ടാമത്തെ ഗ്യാരന്റിയായ വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കാനും തീരുമാനിച്ചു.രാജ്യത്ത് ആദ്യമായാണിത്. ജപ്പാനിൽ നടപ്പാക്കിയത് പഠിച്ച് ആ മാതൃകയിലാകും വയോജന വകുപ്പ്. രണ്ടുമാസത്തിനകം നടപ്പാകും.
ഒരു സമൂഹം പരിഷ്‌കൃതമാണോ എന്ന് വിലയിരുത്തുന്നത് അതു വയോജനങ്ങൾക്ക് എങ്ങനെ കരുതൽ നൽകുന്നു എന്നത് നോക്കിയാണെന്നും കേരളം പരിഷ്‌കൃതസമൂഹമെന്ന സൽപേര് സ്വന്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശമാർക്ക് ഇനി 12000
ആശമാർക്ക് 3000രൂപയുടെ വേതന വർദ്ധന അടുത്തമാസം മുതൽ ലഭിക്കും. ഇതോടെ ഓണറേറിയം 9000രൂപയിൽ നിന്ന് 12000 ആകും.
സാമ്പത്തിക സ്ഥിതി പഠിച്ചശേഷം ഇനിയും വർദ്ധിപ്പിക്കും. ആശമാരുടെ സമരപന്തലിൽ ചെന്ന് ഉറപ്പുകൊടുത്തത് അനുസരിച്ചാണ് തീരുമാനം. റിട്ടയർമെന്റ് ആനുകൂല്യം വേണമെന്ന ആവശ്യം ഒരുമാസത്തിനുള്ളിൽ തീരുമാനിക്കും. അങ്കണവാടി ജീവനക്കാർക്ക് 1000രൂപയുടെ വേതനവർദ്ധന നൽകും. 15500ൽ നിന്ന് 16500ആകും.ഉച്ചഭക്ഷണ പാചകതൊഴിലാളികൾക്കും പ്രീപ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും ആയിരംരൂപവീതം കൂട്ടാനും തീരുമാനിച്ചു.
രക്ഷാപ്രവർത്തന കേസ്
എസ്.ഐ.ടി ക്ക്
2023ഡിസംബർ 15നാണ് നവകേരളസദസിന്റെ ബസിനു നേർക്ക് ആലപ്പുഴയിൽ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ്,കെ.എസ്.യു പ്രവർത്തകരെ ഗൺമാൻമാർ മൃഗീയമായി മർദ്ദിച്ചത്. ഗൺമാൻമാർ ചെയ്തത് രക്ഷാപ്രവർത്തനമെന്നാണ് പിണറായി സർക്കാർ സ്ഥിരീകരിച്ചത്. പുനരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്ട്രേട്ട് കോടതി 2024നവംബർ 8ന് ഉത്തരവിട്ടിരുന്നു.എന്നാൽ നടപടി ഉണ്ടായില്ല.
അന്വേഷണ സംഘത്തെ ആഭ്യന്തരവകുപ്പ് പ്രഖ്യാപിക്കും.
ധവളപത്രം പുറത്തിറക്കും
സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ ധവളപത്രം പുറത്തിറക്കും.ഇതിനായി ഉദ്യോഗസ്ഥരും സാമ്പത്തിക വിദഗ്ധരും അടങ്ങിയ സംഘത്തെ നിയോഗിക്കും.
നിയമസഭ 21മുതൽ
നിയമസഭയുടെ പ്രത്യേക സമ്മേളനം 21ന് ചേരാൻ ഗവർണറോട് ശുപാർശ ചെയ്യും. 21ന് എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞ. 22ന് സ്പീക്കർ തിരഞ്ഞെടുപ്പ്. 29ന് ഗവർണറുടെ നയപ്രഖ്യാപനം. ജി.സുധാകരൻ പ്രോടൈം സ്പീക്കറാകും.
ജാജു ബാബു
അഡ്വക്കേറ്റ് ജനറൽ
*സംസ്ഥാന അഡ്വക്കേറ്റ് ജനറൽ ആയി ജാജു ബാബുവിനെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി ടി.അസഫലിയെയും നിയമിക്കും.
*തദ്ദേശ ഓംബുഡ്സ്മാൻ,സംസ്ഥാന ഇലക്ഷൻ കമ്മിഷൻ,ഇൻഫർമേഷൻ കമ്മിഷൻ,പി.എസ്.സി.അംഗങ്ങൾ തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള നടപടികൾ ഗവർണർക്ക് ശുപാർശ നൽകാനും തീരുമാനിച്ചു.
*മഴക്കാല പൂർവ്വനടപടികൾ വേഗത്തിലാക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |