
തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ പേരിൽ സർവകാലാശാല വേണമെന്ന ആവശ്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തമിഴ്‌നാട് ആസ്ഥാനമായ വി.സി.കെ പാർട്ടിയുടെ കേരള ഘടകം ഏർപ്പെടുത്തിയ അയ്യങ്കാളി പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവനേയും മഹാത്മാ അയ്യങ്കാളിയേയും കേരളീയ സമൂഹത്തിന് മറക്കാനാവില്ല. അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനങ്ങൾക്കായി അയ്യങ്കാളി പോരാടുകയായിരുന്നു. അനീതികൾ ചോദ്യം ചെയ്തു കൊണ്ടായിരുന്നു അദ്ദേഹം പ്രവർത്തിച്ചത്. അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവർക്കായുള്ള പോരാട്ടത്തിൽ തമിഴ്‌നാട്ടിൽ മാത്രമല്ല രാജ്യത്താകെ വി.സി.കെക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ശ്രീനാരായണ ഗുരു പുരസ്‌കാരം സി.പി.ഐ നേതാവ് സി.ദിവാകരന് സമ്മാനിച്ചു. കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നത് പാവങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന് കാരണമായിട്ടുണ്ടെന്നും എന്നാൽ ഇന്നും ദളിത് വിഭാഗങ്ങൾ ഭൂമിയില്ലാതെ ജീവിക്കുന്ന
സാഹചര്യമുണ്ടെന്നും സി.ദിവാകരൻ പറഞ്ഞു. വി.സി.കെ പാർട്ടി നേതാവ് തിരുമാവളവൻ എം.പി അദ്ധ്യക്ഷത വഹിച്ചു.
പരസ്പരം പ്രശംസിച്ച്
സതീശനും സി.ദിവാകരനും
ചടങ്ങിൽ പരസ്പരം പ്രശംസയുമായി വി.ഡി.സതീശനും സി.ദിവാകരനും. പ്രതിപക്ഷത്തായിരിക്കെ ഞങ്ങളെ വെള്ളം കുടിപ്പിച്ച നേതാവാണ് വി.ഡി സതീശനെന്നും കേരളത്തിന്റെ താൽപര്യം വി.ഡി സതീശന്റെ കൈയിൽ ഭദ്രമാണെന്നും സി.ദിവാകരൻ പറഞ്ഞു. ഈ പരിപാടിക്ക് താൻ 2 മണിക്കൂർ കാത്തിരുന്നത് സതീശനായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അഭിപ്രായം ആരുടെ മുഖത്തു നോക്കിയും പറയുന്ന നേതാവാണ് സി.ദിവാകരനെന്നും, പാർട്ടി വേറെയാണെങ്കിലും ഏറെ ബഹുമാനമുള്ള നേതാവാണെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |