
കൊച്ചി : കെ.എസ്.യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലെത്തി തുടർച്ചയായി ആറ് തവണ എം.എൽ.എയായ വി.ഡി. സതീശൻ ആദ്യമായി വഹിക്കുന്ന അധികാരപദവി മുഖ്യമന്ത്രിയുടേതാണ്. എം.എൽ.എയായിരുന്ന കാലത്ത് ഒരിക്കലും മന്ത്രിയാകാൻ അവസരം കിട്ടിയില്ല. 1964 മേയ് 31നാണ് ജനനം. നെട്ടൂരിലെ സ്‌കൂൾ പഠനകാലത്ത് പതിനഞ്ചാം വയസിൽ കെ.എസ്.യു പ്രവർത്തകനായി. പ്രീഡിഗ്രിക്ക് തേവര സേക്രഡ് ഹാർട്ട് കോളേജിൽ ചേർന്നത് പുതിയ ദിശാബോധം നൽകി. മലയാളം മീഡിയത്തിൽ പഠിച്ച അദ്ദേഹം ഇംഗ്ളീഷ് മീഡിയത്തിൽ നിന്ന് വന്നവരെയും കവച്ചുവച്ച് ഇംഗ്ളീഷ് പ്രസംഗം, എഴുത്ത് എന്നിവയിൽ ശ്രദ്ധ നേടി. ഡിഗ്രിക്ക് ചേരുമ്പോൾ അടിയുറച്ച കെ.എസ്.യു നേതാവായി.
രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് എൽ.എൽ.ബിയും ഗവ. ലാ കോളേജിൽ നിന്ന് എൽ.എൽ.എമ്മും കരസ്ഥമാക്കി. ഹൈക്കോടതിയിൽ അഭിഭാഷകനായി കുറച്ചുകാലം പ്രാക്ടീസ് ചെയ്‌തെങ്കിലും പൂർണസമയ രാഷ്ട്രീയത്തിലേക്ക് വഴിമാറി. കോളേജ് പഠനകാലത്ത് കേരള, മഹാത്മാഗാന്ധി സർവകലാശാലകളിൽ അഞ്ചുതവണ യൂണിയൻ കൗൺസിലറായി. രാജഗിരി കോളേജ് യൂണിയൻ ചെയർമാനായിരുന്നു. 1986 മുതൽ 1987 വരെ എം.ജി സർവകലാശാല യൂണിയന്റെ ആദ്യ ചെയർമാനായി. കുറച്ചുനാൾ എൻ.എസ്.യു ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ്, തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി, എ.ഐ.സി.സിയുടെ 84ാം പ്ലീനറി സമ്മേളനത്തിലെ സാമ്പത്തിക പ്രമേയ കമ്മിറ്റിയംഗം, ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ സമിതി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 2021 മേയ് 22നാണ് പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്. പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനായിരുന്നു. കോൺഗ്രസ് രാഷ്ട്രീയകാര്യ ഉന്നത സമിതിയംഗമായും പ്രവർത്തിച്ചു.
യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ 1996ലാണ് സി.പി.ഐയുടെ കുത്തകയായിരുന്ന പറവൂരിൽ മത്സരിക്കാൻ സതീശനെ പാർട്ടി നിയോഗിച്ചത്. ആദ്യത്തെ മത്സരത്തിൽ പി.രാജുവിനോട് തോറ്റത് കേവലം 1,116 വോട്ടിനായിരുന്നു. പറവൂരിൽ താമസിച്ച് രാഷ്ട്രീയവും പൊതുപ്രവർത്തനവും തുടർന്നു. 2001ൽ സിറ്റിംഗ് എം.എൽ.എ പി.രാജുവിനെ 7,434 വോട്ടിന് തോൽപ്പിച്ച് ആദ്യജയം സ്വന്തമാക്കി. 2021ൽ എം.ടി. നിക്‌സണിനെ 22,000 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ആറാം മത്സരത്തിൽ ഇ.ടി. ടൈസണെ 20,600 വോട്ടുകൾക്കാണ് തോല്പിച്ചത്. ഭാര്യ : ലക്ഷ്മി പ്രിയ. മകൾ : ഉണ്ണിമായ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |