
സംഘർഷഭരിതമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. യുദ്ധവും കലാപവും മത ജാതി ഗോത്ര സംഘർഷങ്ങളും രാഷ്ട്രീയ വൈരവും സാമ്പത്തിക സൈനിക മേൽക്കോയ്മകളും അതിർത്തി തർക്കങ്ങളും തുടങ്ങി രാഷ്ട്ര നേതാക്കളുടെ വ്യക്തിവൈരാഗ്യങ്ങളും ബിസിനസ് തർക്കങ്ങളും കുടുംബവഴക്കുകളും മയക്കുമരുന്ന് മാഫിയകളും ടെക്‌നോളജിയും വരെ ലോകസമാധാനത്തിന് ഭീഷണിയാകുന്ന രീതിയിലേക്ക് അശാന്തി വളർത്തുന്നു. പശ്ചിമേഷ്യൻ യുദ്ധവും വർഷങ്ങളായി തുടരുന്ന യുക്രെയിന്റഷ്യ സംഘർഷവും മറ്റും സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ സങ്കീർണമാണ്. അസ്വസ്ഥതകളുടെ മുൾമുനയിലാണ് ലോകമെന്നതാണ് ഇന്നത്തെ യാഥാർത്ഥ്യം. മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുന്ന രീതിയിലേക്ക് സാഹചര്യങ്ങൾ മാറിക്കഴിഞ്ഞു. മനുഷ്യനന്മയ്ക്ക് വേണ്ടി കണ്ടുപിടിച്ച അതിശയകരമായ സാങ്കേതികവിദ്യകൾ പലതും മനുഷ്യകുലം ഇല്ലാതാക്കാൻ കഴിയുന്ന രീതിയിലേക്ക് മാറ്റിയെടുക്കുന്ന കാലമാണിത്.
മാനവരാശിക്ക് അറിവിന്റെയും സനാതനധർമ്മത്തിന്റെയും മധുരം പകർന്ന നമ്മുടെ രാജ്യത്തുപോലും അശാന്തിയുടെ ആശങ്കകളുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം ലോകാചാര്യനായ ശ്രീനാരായണ ഗുരുദേവ ദർശനത്തിന്റെ അപാരമായ സാദ്ധ്യതകളെക്കുറിച്ച് വിലയിരുത്താൻ. പ്രപഞ്ചത്തിൽ ഈ ഭൂമിയല്ലാതെ മനുഷ്യർക്ക് മറ്റൊരു ആശ്രയസ്ഥാനമില്ല. മനുഷ്യരുടെ ദുരയും സ്വാർത്ഥതയും അസഹിഷ്ണുതയും മതവെറിയും യുദ്ധക്കൊതിയും അഹങ്കാരവും മാറ്റി നിറുത്തിയാൽ ഈ ലോകം എത്ര സുന്ദരമാണ്. അശാന്തി പടർത്തുന്ന ഏതു ശക്തിയെയും സൗമ്യതയോടെ നേരിടുന്നതിനും ശമിപ്പിക്കുന്നതിനും ഗുരുദേവ ദർശനത്തിനാകും. നമ്മുടെ നാടും ലോകവും മാനവരും നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും പരിഹാരത്തിനുള്ള സിദ്ധൗഷധമാണ് ഗുരുദർശനം. ദിനംതോറും ദൃശ്യമാകുന്ന ചെറുതും വലുതുമായ സംഭവവികാസങ്ങൾ തെളിയിക്കുന്നത് ഗുരുവിന്റെയും ഗുരുദർശനത്തിന്റെയും പ്രസക്തിയും പ്രധാന്യവുമാണ്. സംഘർഷവും ദുഃഖവുമല്ല, ശാന്തിയും സന്തോഷവുമാണ് മനുഷ്യന് വേണ്ടത്.
എത്രയോ ഗുരുപരമ്പരകൾക്ക് ജന്മമേകിയ മണ്ണാണ് ഭാരതത്തിന്റേത്. അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരകളായി അടിമകളെപ്പോലെ ജീവിച്ചിരുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി ശാന്തതയോടെ ഇടപെട്ട്, ഒരു തുള്ളി ചോരപോലും വീഴാതെ ഒരു ഭൂവിഭാഗത്തെ നവോത്ഥാനത്തിലേക്ക് നയിക്കാൻ കഴിഞ്ഞ മറ്റൊരു സന്യാസിവര്യൻ ഗുരുവിന് മുമ്പോ ശേഷമോ ജന്മം കൊണ്ടുകാണില്ല. പ്രാചീനമായ ഒരു സംസ്‌കാരത്തിന്റെ അന്തഃസത്തയെ ആവാഹിച്ചെടുത്ത് കാച്ചിക്കുറുക്കി, ഏതുകാലത്തിനും യോജിക്കുന്ന രീതിയിൽ പരിഷ്‌കരിച്ച് ലോകത്തിന് മുന്നിൽ സമർപ്പിച്ച ഗുരുവിന്റെ കാല, ദേശ, മതാതീതമായ ദർശനത്തെ ഈ ഭൂമണ്ഡലത്തിലെ ഓരോ മനുഷ്യനിലേക്കും എത്തിക്കേണ്ടതുണ്ട്.
അഹിംസയിൽ അധിഷ്ഠിതമായ ധർമ്മത്തെയാണ് ഗുരു മുന്നോട്ടുവച്ചത്. അതു പ്രായോഗികതലത്തിൽ എത്തിച്ചതാകട്ടെ സ്‌നേഹവും നർമ്മവും ഉപദേശവും ഭക്തിയും ആത്മീയതയും കരുണയും തരാതരം പോലെ ആയുധമാക്കിയായിരുന്നു. മനുഷ്യന്റെ ആത്മീയവും ശാരീരികവും ബൗദ്ധികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വേണ്ടിയുള്ള സാരാംശങ്ങൾ സൂക്ഷ്മമായ തലത്തിൽ അദ്ദേഹം മനസുകളിലേക്ക് പകർന്നു. മഹാരഥന്മാരും ധിഷണാശാലികളുമായ വലിയൊരു ശിഷ്യപരമ്പരയെ സൃഷ്ടിക്കാൻ സാധിച്ചു എന്നതും ഗുരുവിന്റെ ദീർഘവീക്ഷണത്തിന് തെളിവാണ്. നൂറ്റാണ്ടുകളായി കേരളത്തിൽ കൊടികുത്തി വാണ ജാതിഭ്രാന്തിന്റെ നെറുകയിൽ ഗുരുദേവൻ കൊടുത്ത അടിയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. ഇത്രയും ലളിതവും അതിശക്തവും ഫലവത്തും മർമ്മത്തുകൊളളുന്നതുമായ സന്ദേശം ലോകത്തെ സാമൂഹ്യപരിഷ്‌കരണ ദൗത്യങ്ങളിൽ അനന്യമായതാണ്. തന്റെ കാഴ്ചപ്പാടുകളെ എതിർക്കുന്നവർക്ക് പോലും ആദരവ് തോന്നിക്കുന്ന രീതിയിൽ ഗുരു തന്റെ പ്രവൃത്തികളെ രൂപപ്പെടുത്തി. മനുഷ്യവർഗത്തിന് മാർഗദർശിയായി ഗുരുദേവൻ. മനുഷ്യൻ ബൗദ്ധികവും സാമ്പത്തികവും ആത്മീയവുമായി ശക്തനാകണമെന്നായിരുന്നു യോഗിയും കവിയും വിപ്ലവകാരിയുമായ സന്യാസിവര്യനായിരിക്കുമ്പോഴും ഗുരുവിന്റെ നിലപാട്. ഗുരുവിനെ ഒരു ജാതിയിലേക്ക് ഒതുക്കിക്കെട്ടാനുള്ള ശ്രമങ്ങൾ പണ്ടു മുതലേയുള്ളതാണ്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പ്രദേശത്തിന്റെയും പരിമിതികളിൽ ഒതുങ്ങാത്ത പ്രായോഗിക നിലപാടുകളുടെ പ്രവാചകനായിരുന്നു ഗുരു. ഭൗതികമായ മുന്നേറ്റത്തോടൊപ്പം തന്നെ ആന്തരികമായ ഉന്നമനവും വേണമെന്ന കാഴ്ചപ്പാട് മനുഷ്യന്റെ സമഗ്രമായ പുരോഗതിക്ക് വേണ്ടിയായിരുന്നു. സമ്പത്തുകൊണ്ടു മാത്രം മനുഷ്യൻ നന്നാവില്ല. ആത്മീയമായ ഔന്നത്യവും അതിന് അനിവാര്യമാണ്. പരിമിതികളേതുമില്ലാതെ ആർക്കും ഉൾക്കൊള്ളാവുന്ന ഗുരുവിന്റെ ദർശനം അതിലേക്കുള്ള വഴികാട്ടിയാണ്. ഗുരു ഭാരതത്തിൽ പിറവിയെടുത്തതോ, ഹൈന്ദവ സന്യാസിയായതോ ഒന്നും ഒരു തടസമേയല്ല. ലോകത്തിന് പകർന്ന സന്ദേശങ്ങളുടെ, സമീപനങ്ങളുടെ മഹിമ മാത്രം വിലയിരുത്തിയാൽ മതി. ഗുരുസന്ദേശങ്ങൾ പ്രചരിപ്പിക്കാൻ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സർക്കാരുകൾക്കും രാജ്യത്തെ ചെറുതും വലുതുമായ സംഘടനകൾക്കും വലിയ സംഭാവനകൾ നൽകാനാകും. യോഗവിദ്യയെ ലോകവ്യാപകമായി പ്രചരിപ്പിക്കാൻ കേന്ദ്രസർക്കാർ ചെയ്തതുപോലെ തന്നെ ഗുരുദർശനത്തെയും അന്താരാഷ്ട്രതലങ്ങളിലേക്കെത്തിക്കാൻ കേന്ദ്രസർക്കാർ മുൻകൈ എടുക്കണമെന്ന് ആഗ്രഹവും പ്രകടിപ്പിക്കട്ടെ. ഗുരുദേവൻ കൊളുത്തിയ വിളക്കിന്റെ പ്രഭ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തണം. ആനന്ദത്തോടെ ജീവിക്കാൻ വേണ്ട എല്ലാ രഹസ്യങ്ങളും അടങ്ങിയതാണ് ആ ദർശനം.
ബുദ്ധനെയും ക്രിസ്തുവിനെയും പോലെ തന്നെ ലോകം ഏറ്റെടുക്കേണ്ട മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവൻ. കേരളം എന്ന ചെറിയൊരു ഭൂപ്രദേശത്ത്, അവിടുത്തെ മനുഷ്യ സമൂഹത്തിൽ മാത്രം ഗുരുവിന്റെ ദർശനം ഒതുങ്ങിപ്പോകുന്നുണ്ടോ എന്നു സംശയിച്ചാൽ തെറ്റുപറയാനാവില്ല. ഗുരുദർശനത്തിന്റെ സൗരഭ്യം ലോകത്തെമ്പാടും പടർത്തുവാനുള്ള ദൗത്യം മലയാളികൾ മാത്രമല്ല, രാജ്യം ഒറ്റക്കെട്ടായി തന്നെ ഏറ്റെടുക്കണം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ വാഴുന്ന മാതൃകാസ്ഥാനമായി ലോകം മാറട്ടെ.....
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |