SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.23 AM IST

തിരഞ്ഞെടുപ്പ് തോൽവി: സി.പി.എം സെക്രട്ടേറിയറ്റ് റിപ്പോർട്ട് തിരുത്തി സംസ്ഥാന കമ്മിറ്റി 

cpm

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെക്കുറിച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്, സംസ്ഥാന കമ്മിറ്റി തിരുത്തി. വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് പാളിച്ചയുണ്ടായെന്നും സംസ്ഥാന കമ്മിറ്റി നിർദ്ദേശ പ്രകാരം റിപ്പോർട്ടിൽ ഉൾപ്പെടുത്തി. തെറ്റ് തിരുത്തലിനായി പ്ലീനം വിളിക്കില്ല. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ വരെ പങ്കെടുക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി ആഗസ്റ്റിൽ ചേരാനും തീരുമാനിച്ചു.

പാർട്ടി ഏരിയാ തലം വരെ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടാണ് സെക്രട്ടറി എം.വി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചത്. എന്നാൽ റിപ്പോർട്ടിലെ,വർഗീയതയ്‌ക്കെതിരായ പരാമർശങ്ങൾക്ക് കടുപ്പം പോരെന്നായിരുന്നു വിമർശനം. വർഗീയ വിരുദ്ധ നിലപാട് ശക്തമാക്കാനും വർഗീയതയോട് സ്വീകരിച്ച അഴകൊഴമ്പൻ സമീപനം അവസാനിപ്പിക്കാനും തീരുമാനിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ ശക്തമായി എതിർക്കും. ഭൂരിപക്ഷ വർഗീയതയുടെ വക്താക്കളെ ശക്തമായി തള്ളിപ്പറയാനും, മുസ്ലിം ലീഗിന്റെ വർഗീയ സമീപനം തുറന്നു കാട്ടാനുമുള്ള തീരുമാനം റിപ്പോർട്ടിൽ ഉൾപ്പെടുത്തി.

തളിപ്പറമ്പിലും പയ്യന്നൂരും സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ചയുണ്ടായി. പയ്യന്നൂരിൽ ആരോപണ വിധേയനായ ടി.ഐ. മധുസൂദനനെ ഒഴിവാക്കേണ്ടതായിരുന്നു. ഗുരുതരമായ ആരോപണം നേരിട്ടയാളെ സ്ഥാനാർത്ഥിയാക്കിയത് ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും പാർട്ടിക്കെതിരായ വിധിയെഴുത്തിന് കാരണമായി. സ്ഥാനാർത്ഥി നിർണയത്തിൽ കണ്ണൂർ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പരാജയപ്പെട്ടതായും റിപ്പോർട്ടിൽ ഉൾപ്പെടുത്തി. വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും ,വലിയ തെറ്റുണ്ടായെന്നും , തിരുത്തി മുന്നോട്ട് പോകുമെന്നും സെക്രട്ടറി എം.വി.ഗോവിന്ദൻ കമ്മിറ്റിയിൽ പറഞ്ഞു.ആഗസ്റ്റിൽ ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ തെറ്റു തിരുത്താൻ സംഘടനാപരമായ നടപടികളെടുക്കും. പാർട്ടിയുടെ അടിത്തറ ശക്തമാക്കാനും ബഹുജന സ്വാധീനം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളും തീരുമാനിക്കും. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രണ്ടു ദിവസവും സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്തെങ്കിലും സംസാരിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA