
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മാനദണ്ഡങ്ങളും ഹൈക്കോടതി നിർദ്ദേശവും അട്ടിമറിച്ച് ഉന്നത ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തിന് നീക്കം. ലക്ഷങ്ങളുടെ അധിക വരുമാനം കിട്ടുന്ന മേജർ ക്ഷേത്രങ്ങളിലെ നിയമനത്തിന് വൻ തുകയുടെ കോഴയെന്നാണ് ആരോപണം. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് കമ്മിഷണർ തുടങ്ങിയ തസ്തികകളിലേക്കാണിത്. മാനദണ്ഡം മറി കടന്നുള്ള നടപടിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് എതിർത്തതോടെ, കരട് പട്ടിക തടഞ്ഞു വച്ചു.
ബോർഡ് ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉന്നതരാണ് ക്രമക്കേടിന് പിന്നിൽ. ബോർഡിലെ സ്ഥലംമാറ്റത്തിൽ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഇത് ഹൈക്കോടതി ദേവസ്വം ബെഞ്ചും അംഗീകരിച്ചതാണ്. ഒരു വർഷം ക്ഷേത്രത്തിൽ ഓഫീസർമാരയി നിയമിക്കുന്നവരെ അടുത്ത വർഷം ഗ്രൂപ്പുകളിലെ ഓഫീസുകളിലേക്ക് മാറ്റണം. ക്ഷേത്രങ്ങളിലെ ചുമതലയുള്ളപ്പോൾ ഗുരുതര വീഴ്ച വരുത്തിയവരേയും ഓഡിറ്റിംഗിൽ പ്രതികൂല പരാമർശമുള്ളവരേയും ക്ഷേത്രങ്ങളിൽ നിയമിക്കരുത്. വിജിലൻസ് റിപ്പോർട്ടിൽ പേരുള്ളവരേയും ബോർഡിലേക്ക് അടയ്‌ക്കേണ്ട തുക കൃത്യസമയത്ത് നൽകാത്തവരേയും നിയമിക്കാൻ പാടില്ല. ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം. മൂന്നു വർഷത്തേക്കാണ് നിയമന വിലക്ക്.
ദേവസ്വം കമ്മിഷണർ ഓഫീസിലെത്തിയ കരട് സ്ഥലം മാറ്റലിസ്റ്റിൽ ഈ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. ക്രമക്കേട് നടത്തിയവരുടെ വിവരങ്ങൾ മറച്ചു വച്ച് പട്ടിക തയ്യാറാക്കി. ക്രമക്കേട് നടത്തിയെന്ന അന്വേഷണ റിപ്പോർട്ടുള്ളവരും ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തിയവരും പട്ടികയിലുണ്ട്. രണ്ട് വർഷം മുമ്പ് ക്ഷേത്രത്തിൽ നിന്നും പണം അപഹരിച്ച ശേഷം കഴിഞ്ഞ മാസം ഓഡിറ്റിന് തീരുമാനിച്ചപ്പോൾ തിരിച്ചടച്ചവരുമുണ്ട്.
മലയാലപ്പുഴ,ചെട്ടികുളങ്ങര, ഏറ്റുമാനൂർ, വള്ളിയംകാവ്, തിരുവല്ലം, ശ്രീകണ്‌ഠേശ്വരം തുടങ്ങിയ ക്ഷേത്രങ്ങളിലേക്കാണ് കൂടുതൽ അപേക്ഷരും ശുപാർശയും. മേജർ ക്ഷേത്രങ്ങളിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായാൽ ശമ്പളത്തിന് പുറമ ലക്ഷങ്ങളാണ് പ്രതിമാസ വരുമാനം. വഴിപാടുകൾക്കുള്ള പൂജാദ്രവ്യങ്ങൾ വാങ്ങുന്നത് അഡ്മിനി്സട്രേറ്റീവ് ഓഫീസർമാരാണ്.
വഴിപാടിന് ഭക്തരിൽ നിന്നും വാങ്ങുന്ന തുകയുടെ പകുതി മാത്രമേ ബോർഡിന് ലഭിക്കൂ. ബാക്കി തുക പൂജാ ദ്രവ്യങ്ങൾ വാങ്ങി നൽകുന്ന ഉദ്യോഗസ്ഥർക്കുള്ളതാണ്. ഈ ക്ഷേത്രങ്ങളിലേക്കള്ള നിയമനത്തിന് 15 മുതൽ 20 ലക്ഷം രൂപ വരെയാണ് കോഴയെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |