SignIn
Kerala Kaumudi Online
Thursday, 25 June 2026 4.04 AM IST

വീര്യം കുറഞ്ഞ മദ്യവും വീര്യം കൂടിയ ചർച്ചയും

kerala-assembly

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സിമ്പിളാണ്, പക്ഷേ, ചില സന്ദർഭങ്ങളിൽ പവർഫുള്ളാവും. നിൽക്കൂ, നോക്കൂ, കേൾക്കൂ, ഇരിക്കൂ എന്നൊക്കെ ചിരിച്ചുകൊണ്ട് ചതുരവടിവിൽ പറയുമെങ്കിലും വേണമെന്ന് വിചാരിച്ചാൽ കാര്യങ്ങൾ കടുപ്പിക്കും. ബഡ്ജറ്റ് ചർച്ചകൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിവേള സഭാന്തരീക്ഷത്തിന് തീപിടിപ്പിക്കാൻ പാകത്തിലുള്ളതായിരുന്നെങ്കിലും തിരുവഞ്ചൂരിന്റെ മെയ്‌‌വഴക്കവും അനുനയ സ്വരത്തിലുള്ള അഭ്യർത്ഥനകളുമാണ് കാര്യങ്ങൾ തണുപ്പിച്ചത്.

പി.എംശ്രീ, കരിമണൽ, വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി തുടങ്ങിയ ആയുധങ്ങൾ ഉറയിൽ തിരുകിയാണ് പ്രതിപക്ഷമെത്തിയത്. പി.എംശ്രീ അടിയന്തര പ്രമേയമാക്കി ഭരണപക്ഷത്തെ പൂട്ടുകയായിരുന്നു പ്രതിപക്ഷ തന്ത്രം. പി.എംശ്രീയിൽ ഇടതുസർക്കാർ കഴുത്തും കത്തിയും കൂടി കേന്ദ്രത്തിന് നൽകിയെന്നാണ് വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ കുറ്റപ്പെടുത്തിയത്. മറ്റു മന്ത്രിമാരെ ഇരുട്ടിൽ നിറുത്തിയാണ് കരാർ ഒപ്പുവച്ചതെന്ന് പറഞ്ഞപ്പോൾ സി.പി.ഐ അംഗങ്ങൾ അസ്വസ്ഥരായി ഒന്നിളകി ഇരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ വിഷയത്തിൽ കൈക്കൊണ്ട നടപടികൾ രേഖകൾ സഹിതം വിശദീകരിക്കാൻ തുടങ്ങിയ പി.പ്രസാദിനെ തടസപ്പെടുത്താൻ ഭരണപക്ഷ അംഗങ്ങൾ ശ്രമിച്ചു, എന്നാൽ പറയാനുള്ളത് പറഞ്ഞിട്ടേ മാറൂ എന്ന കമ്മ്യൂണിസ്റ്റ് വീറ് അദ്ദേഹം പ്രകടമാക്കി.

'അന്ന് ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ' എന്ന മന്ത്രി ഷംസുദ്ദീന്റെ പരിഹാസം ചെറിയ ചിരി പടർത്തി. ചർച്ചയിൽ പ്രതിപക്ഷത്തുനിന്നുള്ള അംഗങ്ങൾ കുറവായിരുന്നതിനാൽ ഗോളിയില്ലാ പോസ്റ്റിലെപോലെ ഭരണപക്ഷ അംഗങ്ങൾ ഗോളടിച്ചുകൊണ്ടിരുന്നു. പരിവാരങ്ങളും ആൾക്കൂട്ടവുമില്ലാതെ മുൻമുഖ്യമന്ത്രിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസം കണ്ട കാഴ്ച, അല്പം സങ്കടത്തോടെ വിശദീകരിച്ച ടോണിചമ്മിണി നവകേരള സദസ് കാലത്തെ ഒന്നരകോടിയുടെ ബസിലുള്ള യാത്രയുമായാണ് ഇതിനെ കൂട്ടിയിണക്കിയത്. ആ നാളുകളിലെ ഫാസിസത്തിന്റെ ഇരയും ഗുണഭോക്താവുമാണ് ഇപ്പോൾ സഭയിലുള്ള എ.ഡി.തോമസ് എന്നുകൂടി പറഞ്ഞപ്പോൾ, 'രക്ഷാപ്രവർത്തന'ത്തിന്റെ ഓർമ്മകളിലായിക്കാണും പ്രതിപക്ഷം.

ബഡ്ജറ്റ് ചർച്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയാവട്ടെ നിർദ്ദയമായിരുന്നു. പിടിച്ചു ഞാനവനെന്നെ കെട്ടി, കൊടുത്തു ഞാനവനെനിക്ക് രണ്ട് 'എന്ന പരുവത്തിലായിപ്പോയി പ്രതിപക്ഷം.അക്കമിട്ടാണ് പ്രതിപക്ഷ ആരോപണങ്ങളുടെ മുന വി.ഡി.സതീശൻ ഒടിച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിർദ്ദേശത്തിൽ മുഖ്യമന്ത്രി സമർത്ഥമായി തലയൂരിയെങ്കിലും പി.എംശ്രീയുടെയും വീര്യംകുറഞ്ഞ മദ്യത്തിന്റെയുമൊക്കെ ഉത്ഭവത്തിൽ തൊട്ട് പ്രഹരിച്ചപ്പോൾ പ്രതിപക്ഷത്തിന്റെ ശബ്ദം താണു.

പ്രതിപക്ഷനേതാവ് പിണറായിവിജയൻ ഇടയ്ക്കൊക്കെ തന്റെ ഉഗ്രരൂപമെടുക്കാൻ ശ്രമിച്ചെങ്കിലും പണ്ടേപ്പോലെ ഫലിച്ചില്ല. കാര്യക്കാരന്റെ റോളിലെത്തിയ മുൻ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിന് മുള്ളും മുനയും ഒട്ടുവഴങ്ങുന്നുമില്ല. പക്കമേളക്കാരുടെ കടമ കെ.രാജനും പി.പ്രസാദുമൊക്കെ നിർവഹിച്ചെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA