
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് വർഷത്തിനുശേഷം യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചപ്പോൾ ആ വിജയത്തിന്റെ മാറ്റ് കൂട്ടിയത് ചില മണ്ഡലങ്ങളിൽ മുന്നണി നേടിയ അട്ടിമറി വിജയങ്ങളാണ്. അരനൂറ്റോണ്ടോളം ഇടതുകോട്ടയായിരുന്ന തിരുവനന്തപുരത്തെ വാമനപുരം നിയമസഭാ മണ്ഡലം മികച്ച ഭൂരിപക്ഷത്തോടെ സ്വന്തമാക്കിയ സുധീർ ഷായുടെ വിജയം അത്തരത്തിലൊന്നായിരുന്നു. വർഷങ്ങളോളം ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന മണ്ഡലം പിടിച്ചടക്കിയതിനെ കുറിച്ചും ഭാവി വികസന പദ്ധതികളെ കുറിച്ചും സുധീർഷാ പാലോട് കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
1971ൽ കല്ലറ കുഞ്ഞു കൃഷ്ണപിള്ളയ്ക്ക് ശേഷം ഒരു യുഡിഎഫ് സ്ഥാനാർത്ഥിയും മണ്ഡലത്തിൽ ജയിച്ചിട്ടില്ല. മുൻ കാലങ്ങളിൽ യുഡിഎഫ് മികച്ച വിജയം നേടിയ സാഹചര്യത്തിലും വാമനപുരം എൽഡിഎഫിന്നെ കൈവിട്ടിട്ടില്ലായിരുന്നു. ആ മണ്ഡലമാണ് ഇപ്പോൾ ഐക്യ ജനാധിപത്യ മുന്നണി അര നൂറ്റാണ്ടിനുശേഷം തിരിച്ചുപിടിക്കുന്നത്. ഒമ്പത് പഞ്ചായത്തിലും ലീഡ് നിലനിർത്താനും 12,285 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാനും സാധിച്ചു. ജാതി മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എല്ലാ വിഭാഗവും യുഡിഎഫിനൊപ്പം നിന്നു. അതുകൊണ്ട് ജനങ്ങൾക്ക് മേൽ വലിയ ഉത്തരവാദിത്തമാണുള്ളത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് നാടിന്റെ പൊതുവായ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നതാണ് ലക്ഷ്യം.

മലയോര മേഖലയിൽ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. സംഘടനാ പ്രവർത്തനങ്ങളിലൂടെ തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇക്ബാൽ കേളേജിൽ യൂണിയൻ ഭാരവാഹിയായാണ് തുടക്കം. പിന്നീട് കെ എസ് യു ജില്ലാ ഭാരവാഹിയും യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായി. തുടർന്ന് ഡിസിസി ജില്ലാ വൈസ് പ്രസിഡന്റായി ചുമതലയേറ്റു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് കല്ലറ ഡിവിഷനിൽ മത്സരിച്ച് ആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ഈ നിയമസഭ തിരഞ്ഞടുപ്പിൽ വാമനപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മണ്ഡലം തിരിച്ചുപിടിക്കാനും സാധിച്ചു. സാധാരണക്കാരെ എന്നും ചേർത്തുനിർത്തുന്ന പാർട്ടിയാണ് യുഡിഎഫ്. കഴിഞ്ഞ പത്തുവർഷക്കാലം പിണറായി വിജയൻ സർക്കാരിനെതിരെ സമരം ചെയ്യുകയും മർദ്ദനമേൽക്കുകയും ചെയ്തവരുടെ പ്രതിനിധി കൂടിയാണ് ഞാൻ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡി കെ മുരളി വിജയിച്ചത് പതിനായിരത്തോളം വോട്ടുകൾക്കാണ്. അദ്ദേഹമുൾപ്പെട്ട ഇടതുപക്ഷത്തിന്റെ തോൽവിക്ക് പിന്നിൽ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ്. ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുപോയ ഒരു ഭരണകൂടത്തെ അധികാരത്തിൽ നിന്ന് മാറ്റണമെന്ന് വളരെ കൃത്യമായി ജനങ്ങൾ തീരുമാനിച്ചുറപ്പിച്ചിരുന്നു. വാമനപുരം മണ്ഡലത്തിൽ ഒരേ മുന്നണിയിലെ നേതാക്കൾ ആവർത്തിച്ച് വിജയിച്ചിട്ടും ആ നാടിന്റെ ഒരു വികസന പ്രവർത്തനങ്ങളും അവരേറ്റെടുത്തിട്ടില്ല എന്നത് ജനങ്ങൾക്ക് മനസിലായി.

മണ്ഡലത്തിൽ ഒരുപാട് വികസനപ്രവർത്തനങ്ങൾ യഥാർത്ഥ്യമാക്കേണ്ടതുണ്ട്. വളരെയധികം സാധാരണക്കാർ താമസിക്കുന്ന മലയോര പ്രദേശമാണിത്. വനത്താൽ ചുറ്റപ്പെട്ട സ്ഥലമായതിനാൽ തന്നെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ വന്യജീവി ആക്രമണത്തിനെതിരെ ശാശ്വതവും ശാസ്‌ത്രീയവുമായ പരിഹാരം കണ്ടെത്തുന്നതിന് കൃത്യമായ ഇടപെടൽ നടത്തും. മൃഗങ്ങൾക്ക് അവരുടെ ആവാസവ്യവസ്ഥ ഒരുക്കുന്ന തരത്തിലുള്ള ഒരു മാർഗമാണ് കണ്ടെത്തേണ്ടത്.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പൊൻമുടി, ബ്രൈമൂർ തുടങ്ങിയ പരിസ്ഥിതിലോല പ്രദേശങ്ങളിൽ പരിസ്ഥിതിക്ക് ഇണങ്ങാത്ത നിരവധി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിൽ ടൂറിസം സാദ്ധ്യതകൾ വിപുലീകരിക്കും. കൂടാതെ അവിടത്തെ ലയങ്ങളുടെ അവസ്ഥ വളരെ മോശമാണ്. അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന തരത്തിൽ പദ്ധതികൾ ആവിഷ്കരിക്കും.
നീണ്ടവർഷക്കാലം എൽഡിഎഫ് ഭരിച്ചിട്ടും താലൂക്ക് നിലവാരത്തിലുള്ള ഒരു സർക്കാർ ആശുപത്രിയെന്ന ആവശ്യം സാധ്യമായിട്ടില്ല. പാലോട്, കല്ലറയിലെ തറട്ട എന്നീ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ താലൂക്ക് നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികൾ നടപ്പിലാക്കും.
ഏറ്റവും കൂടുതൽ പടക്ക നിർമാണശാലകൾ പ്രവർത്തിക്കുന്ന സ്ഥലമാണ് നന്ദിയോട് . അവിടെ ഒരു ഫയർസ്റ്റേഷൻ ഇല്ലാത്തത് വലിയ പരിമിതി ആണ്. ഫയർസ്റ്റേഷൻ നിർമിക്കുന്നതിന് സാധ്യമായത് ചെയ്യും.
പാലോട് പോലുള്ള സ്ഥലങ്ങളിൽ ബസ് സ്‌റ്റാൻഡുകളുടെ അവസ്ഥ ശോചനീയമാണ്. അത് മെച്ചപ്പെടുത്തണം. സെറ്റിൽമെന്റ് പ്രദേശങ്ങളിലുൾപ്പെടെ ഉണ്ടായിരുന്ന ബസ്റൂട്ടുകൾ കഴിഞ്ഞ കാലങ്ങളിൽ വെട്ടി ചുരുക്കിയിരുന്നു. അത് പുന:സ്ഥാപിക്കണം.
സിപിഎം വളഞ്ഞ വഴിയിൽ ജയിക്കാനാണ് ശ്രമിച്ചത്. 2000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്നാണ് പ്രചരണത്തിനിടെ ഇടതുപക്ഷം അവകാശപ്പെട്ടത്. പിന്നീട് 50 വർഷത്തെ പാരമ്പര്യവും സംഘടനാ പ്രവർത്തനവും പ്രചരണായുധമാക്കി. ഒന്നും വിജയിക്കാതെ വന്നപ്പോൾ വർഗീയ പ്രചരണം നടത്തി. എന്നാൽ പ്രബുദ്ധരായ ജനങ്ങൾ അതെല്ലാം തള്ളിക്കളഞ്ഞ് യുഡിഎഫിനെ ഏറ്റെടുത്തു. ജാതി-മത ചിന്തകൾക്ക് അതീതമായാണ് ജനങ്ങൾ വോട്ടുനൽകിയത്. ജനങ്ങൾ അവരിലൊരാളായാണ് എന്നെ ഏറ്റെടുത്തത്. ജെൻസി വോട്ടർമാർ മുതൽ പ്രായമായവരും സ്ത്രീകളുമുൾപ്പെടെ യുഡിഎഫിന് വോട്ട് ചെയ്തു. മണ്ഡലത്തിന്റെ പൊതുവായ സ്വഭാവം വച്ച് ഇടതുപക്ഷവിശ്വസികളുടെ കൂടി വോട്ട് കിട്ടാതെ യുഡിഎഫിന് ഇത്രയും ഭൂരിപക്ഷത്തിൽ ജയിക്കാൻ സാധിക്കില്ലായിരുന്നു. നല്ല ഇടതുപക്ഷം എനിക്ക് വോട്ട് ചെയ്തെന്നാണ് എന്റെ വിശ്വാസം.

വെഞ്ഞാറമൂട് മേൽപ്പാല നിർമാണം അശാസ്ത്രീയമാണ്. 12 പില്ലറുകൾ സ്ഥാപിക്കാനായിരുന്നു ആദ്യ തീരുമാനം എന്നാൽ ഒമ്പത് പില്ലറുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. ഇനി നിർമാണം അങ്ങനെതന്നെ പൂർത്തിയാക്കുകയേ നിർവാഹമുള്ളൂ. നിലവിലെ മേൽപ്പാല നിർമാണത്തിലൂടെ ഗതാഗത കുരുക്ക് പൂർണമായും ഒഴിവാക്കാൻ കഴിയുമെന്ന് വിചാരിക്കുന്നില്ല അതിന് മറ്റെന്തെങ്കിലും ശാസ്‌ത്രീയ മാർഗം കണ്ടെത്താൻ ശ്രമിക്കും. ജനങ്ങൾക്കിടയിൽ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇതിനെത്തുടർന്ന് വെഞ്ഞാറമൂട് ജംഗ്‌ഷനിലെ നിരവധി കച്ചവടക്കാരുടെ ജീവനോപാധിയാണ് നഷ്ടമായത്. ആ സ്ഥലത്തിന്റെ സ്വാഭാവികത തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.

2005 കെ.എസ് യു കാലം മുതലുള്ള സൗഹൃദവും ആത്മബന്ധവുമാണ് ഷാഫി പറമ്പിലുമായുള്ളത്. അദ്ദേഹം എന്റെ ഒരു സഹോദരതുല്യനാണ്. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മണ്ഡലത്തിൽ അദ്ദേഹം വന്നിരുന്നു. യുവാക്കൾക്കിടയിലും പുതിയ വോട്ടർമാർക്കിടയിലും ആവേശമുണ്ടാക്കാൻ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഒരുപാട് സഹായിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |