SignIn
Kerala Kaumudi Online
Thursday, 25 June 2026 7.34 PM IST

ദിക്ഷലിന്റെ കുടുംബത്തിന് വീടുമായി ന്യൂ രാജസ്ഥാൻ

READ ENGLISH VERSION

dikshal

ചിറയിൻകീഴ്: ഉറക്കത്തിൽ പാമ്പ് കടിയേറ്റു മരിച്ച എട്ടുവയസുകാരൻ ദിക്ഷലിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡിയും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റുമായ സി.വിഷ്ണുഭക്തൻ. കാനഡയിലുള്ള വിഷ്ണുഭക്തൻ നാടിനെ നൊമ്പരപ്പെടുത്തിയ വാർത്ത കേരളകൗമുദി ഇ-പേപ്പറിലൂടെയാണ് അറിഞ്ഞത്. വീടുവച്ചു നൽകാനുള്ള സന്നദ്ധത അദ്ദേഹം ഫോണിലൂടെ കുടുംബത്തെയും കേരളകൗമുദിയെയും അറിയിക്കുകയായിരുന്നു.

അടച്ചുറപ്പുള്ള വീടിന്റെ അഭാവമാണ് കുരുന്നിന് പാമ്പു കടിയേൽക്കാൻ ഇടയാക്കിയത്. വീട്ടുകാരുടെ താല്പര്യപ്രകാരം 750 സ്ക്വയർ ഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് മൂന്ന് മാസത്തിനുളളിൽ നിർമ്മിച്ചു നൽകും. ഒരാഴ്ചയ്ക്കകം നാട്ടിലെത്തുന്ന അദ്ദേഹം, വീട്ടുകാരെ സന്ദർശിച്ച് കൂടിയാലോചിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കും.

സുമനസിന്റെ കാരുണ്യത്തിൽ കിട്ടിയ 5 സെന്റിൽ തകര ഷീറ്റ് മേഞ്ഞ ചായ്പ്പിൽ പ്ലൈവുഡ് കൊണ്ട് മറച്ചാണ് കുടുംബം കഴിയുന്നത്. നിന്നുതിരിയാൻ ഇടമില്ലാത്ത രണ്ടു കുടുസു മുറികളിൽ തറയിട്ടിട്ടില്ല. ഇവിടെയാണ് കുട്ടികളടക്കം ആറുപേരുടെ താമസം. വസ്ത്രങ്ങളും പാത്രങ്ങളും വയ്ക്കാൻപോലും സ്ഥലമില്ല. പരിസരമാകെ കാടുപിടിച്ച് ഇഴജന്തുക്കളുടെ ആവാസ കേന്ദ്രവുമാണ്.

നിരവധിപേർക്ക് വിഷ്ണുഭക്തൻ സഹായം ചെയ്തുവരുന്നുണ്ട്. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടു വയ്ക്കാൻ സർക്കാർ നൽകുന്ന നാല് ലക്ഷം രൂപയിൽ പണി പൂർത്തിയാക്കാൻ കഴിയാത്ത കുടുംബങ്ങൾക്ക് 50,000രൂപ വിലവരുന്ന ഗ്രാനൈറ്റ്, ടൈൽസ്, സാനിട്ടറിവെയർ എന്നിവയെല്ലാം 10,000 രൂപയ്ക്ക് ന്യൂ രാജസ്ഥാൻ മാർബിൾസ് നൽകുന്നുണ്ട്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് നിർദ്ദേശിക്കുന്ന ഡയാലിസിസ് രോഗികൾക്കും ക്യാൻസർ രോഗികൾക്കുമായി മാസം തോറും ഒരു ലക്ഷം രൂപ വീതം ചികിത്സാ ധനസഹായം നൽകുന്നു.

കേരളകൗമുദിയിൽ ദിക്ഷലിന്റെ ദാരുണാന്ത്യം വായിച്ചപ്പോൾ വളരെ വിഷമം തോന്നി. വീടുവച്ചു നൽകി കുടുംബത്തെ ചേർത്ത് നിറുത്തും

- സി.വിഷ്ണുഭക്തൻ

എം.ഡി ,ന്യൂ രാജസ്ഥാൻ മാർബിൾസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEW RAJASTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA