SignIn
Kerala Kaumudi Online
Friday, 03 July 2026 4.37 AM IST

'നിർണയം' വഴിത്തിരിവായ ലക്ഷ്മിയെ നേരിൽ കാണാൻ തിരക്കഥാകൃത്ത്

lekshmi

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.പി.എൽ.ലക്ഷ്മിയുടെ വിജയഗാഥയിൽ മനം നിറഞ്ഞ് 'നിർണയം' ചിത്രത്തിന്റെ തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി. മോഹൻലാൽ ചിത്രം 'നിർണയം' ആണ് എൻജിനിയറിംഗ് ദമ്പതിമാരുടെ മകളായ ലക്ഷ്മിയെ മെഡിക്കൽ പ്രൊഫഷനിലേക്കെത്തിച്ചത്. പവർലിഫിറ്റിംഗ് താരം കൂടിയായ ലക്ഷ്മിയെക്കുറിച്ച് ഡോക്ടേഴ്സ് ദിനത്തിൽ 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത വായിച്ച് ചെറിയാൻ കൽപ്പകവാടി ലക്ഷ്മിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തന്റെ രചനയിൽ പ്രചോദനം ഉൾക്കൊണ്ട് ഒരാൾ ഡോക്ടറായി മാറിയത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നേരിൽ കാണാനുള്ള ആഗ്രഹവും പങ്കുവച്ചാണ് ചെറിയാൻ കൽപ്പകവാടി ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. യാദൃശ്ചികമായെത്തിയ ഫോൺ കോൾ ഡോ.ലക്ഷ്മിക്കും ഹൃദ്യാനുഭവമായി.

കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ

31 വർഷങ്ങൾക്ക് മുമ്പ് അവയവ കടത്ത് പ്രമേയമാക്കി ആലപ്പുഴക്കാരൻ ചെറിയാൻ കൽപ്പകവാടി നിർണയത്തിന് തിരക്കഥയൊരുക്കുമ്പോൾ അത് കേരളത്തിന് കേട്ടുകേൾവിയില്ലാത്ത വിഷയമായിരുന്നു.സംഗീത് ശിവനായിരുന്നു സംവിധായകൻ. മുംബയിലെ തെരുവുകളിൽ നിന്ന് കുട്ടികളെ കാണാതാകുന്നതും, പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതും, ഇതിന് പിന്നിലെ അവയവക്കടത്ത് മാഫിയേയും കുറിച്ചുള്ള ലേഖനമായിരുന്നു കഥയ്ക്ക് പ്രചോദനമായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 1980 - 85 എം.ബി.ബി.എസ് ബാച്ച് വിദ്യാർത്ഥിയായിരുന്നു ചെറിയാൻ. എന്നാൽ പ്രൊഫഷനായി സിനിമയാണ് തിരഞ്ഞെടുത്തത്. എം.ബി.ബി.എസ് കാലയളവിലെ അറിവും അനുഭവങ്ങളും സിനിമയിൽ സഹായിച്ചുവെന്നും ചെറിയാൻ കൽപ്പകവാടി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, NIRNAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA