SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.19 AM IST

പി.എസ്.സിയിൽ യോഗ്യതാതട്ടിപ്പും

READ ENGLISH VERSION
psc

ആലപ്പുഴ: പി.എസ്.സിയിൽ പരീക്ഷാക്രമക്കേട് വിവാദത്തിനു പിന്നാലെ യോഗ്യതയുമായി ബന്ധപ്പെട്ട ചട്ടവിരുദ്ധ നിയമനനീക്കവും നടക്കുന്നതായി ആക്ഷേപമുയർന്നു. സർക്കാർ മെ‌ഡിക്കൽ കോളേജ് ബയോകെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് എം.ബി.ബി.എസ് ബിരുദവും എം.ഡിയും വേണമെന്നാണ് ചട്ടം. എന്നാൽ,​ബയോകെമിസ്ട്രിയിൽ എം.എസ്‌സിയും പി.എച്ച്ഡിയുമുള്ളവർക്ക് അപേക്ഷിക്കാമെന്ന് പി.എസ്.സി വിജ്ഞാപനം തിരുത്തിയെന്നാണ് ആക്ഷേപം. ആദ്യ വിജ്ഞാപനപ്രകാരം 2025 ഒക്ടോബർ 14ന് നിശ്ചയിച്ചിരുന്ന പരീക്ഷ റദ്ദാക്കിയതായി തലേദിവസം ഉദ്യോഗാർത്ഥികളെ അറിയിക്കുകയും തുടർന്ന് യോഗ്യതകളിൽ മാറ്റം വരുത്തി വിജ്ഞാപനം പുനഃപ്രസിദ്ധീകരിക്കുകയുമായിരുന്നു. യോഗ്യതകളിൽ മാറ്റം വരുത്തിയത് ഒരു നേതാവിന്റെ അടുത്ത ബന്ധുവിനു വേണ്ടിയാണെന്ന ആക്ഷേപവും ശക്തമാണ്.

68900-205500 ശമ്പള സ്കെയിലുള്ള തസ്തികയിലേക്ക് 2025 ജൂൺ 17നാണ് ആദ്യ വിജ്ഞാപനം ഇറക്കിയത്. എം.ബി.ബി.എസും എം.ഡിയുമായിരുന്നു യോഗ്യത. അഞ്ചോളം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സ്ഥാനക്കയറ്റമടക്കം വരുമ്പോൾ 15-20 വരെ ഒഴിവ് വരും. 60ഓളം പേരാണ് അപേക്ഷിച്ചത്.ഒക്ടോബർ 14ന് പരീക്ഷയും പ്രഖ്യാപിച്ചു. എന്നാൽ,​ 13ന് വൈകിട്ട് അഞ്ചുമണിക്കുശേഷം, പരീക്ഷ അനിശ്ചിത കാലത്തേക്ക് മാറ്രിയതായി പി.എസ്‌.സി അറിയിക്കുകയായിരുന്നു. പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ പുതിയ വിജ്ഞാപനവും വന്നു. ഇതിൽ എം.എസ്‌സിയും പി.എച്ച്ഡിയുമുള്ളവർക്കും അപേക്ഷിക്കാമെന്നായിരുന്നു തിരുത്തിൽ.


സർക്കാർ പറഞ്ഞിട്ടും കേട്ടില്ല

പുതിയ വിജ്ഞാപനത്തിനെതിരെ സർക്കാർ കത്ത് നൽകിയിട്ടും റദ്ദ് ചെയ്യാൻ പി.എസ്.സി തയ്യാറായിട്ടില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. ഇതിനെതിരെ ഒരുവിഭാഗം ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിനെ സമീപിച്ചിരുന്നു. എന്നാൽ,​ പരീക്ഷ നടത്തുമെന്നും തർക്കത്തിൽ തീരുമാനമായതിനുശേഷമേ നിയമനം നടത്തുകയുള്ളുവെന്നുമായിരുന്നു പി.എസ്.സി നൽകിയ മറുപടി.മെഡിക്കൽ ബിരുദമില്ലാത്തവരെ നിയമിച്ചാൽ കോഴ്സിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് സർക്കാർ ഫെബ്രുവരി 19ന് പി.എസ്.സിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.


മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ തകർക്കുന്ന സമീപനമാണിത്. ഇതിനെതിരെ പി.എസ്.സിയെ സമീപിച്ചെങ്കിലും നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. നിയമ നടപടിയുമായി മുന്നോട്ടുപോകും

-ഡോ. ഏബൽ ജെയ്സൺ,​ ഉദ്യോഗാർത്ഥി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA