SignIn
Kerala Kaumudi Online
Saturday, 16 May 2026 5.33 AM IST

വിഷപ്പുകയിൽ നിന്ന് നാടിനെ കാത്ത് തീരാരോഗികളായി,​ ബ്രഹ്മപുരം തീയണച്ച ഉദ്യോസ്ഥരുടെ ദൈന്യത

brahmapuram

കൊച്ചി: കൊച്ചിയെ വിഷപ്പുകയിൽ മുക്കിയ ബ്രഹ്മപുരം മാലിന്യമല തീപിടിത്തം. 12 ദിവസം രാപകൽ പ്രയത്നിച്ച് തീ കെടുത്തിയത് 1500 ഫയർഫോഴ്‌സുകാർ. 2023 മാർച്ച് രണ്ട് മുതൽ 14 വരെ നീണ്ട രക്ഷാപ്രവർത്തനത്തിന് അന്ന് കൈയടി കിട്ടി.

പക്ഷേ,​ ഉദ്യോഗസ്ഥർ ഇന്നും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാൽ നട്ടം തിരിയുന്നു. ചികിത്സാച്ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നു. കടുത്ത ശ്വാസംമുട്ടൽ, ചൊറിഞ്ഞുതടിക്കൽ, വായ്പുണ്ണ്, തളർച്ച എന്നിവയ്ക്ക് പലരും ഇപ്പോഴും ചികിത്സയിൽ. അന്ന് ഡിപ്പാർട്ട്‌മെന്റ് തലത്തിൽ ആരോഗ്യപരിശോധന നടത്തി മരുന്നു നൽകി. പിന്നെപ്പിന്നെ സ്വന്തം പോക്കറ്റിൽ നിന്ന് പണം കണ്ടെത്തേണ്ട സ്ഥിതിയായി. തുടർചികിത്സാ പാക്കേജും മറ്റും വെറും വാക്കായി.

രാസമാലിന്യങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെ കത്തിയ വിഷപ്പുകയാണ് ഇവർ ദിവസങ്ങളോളം ശ്വസിച്ചത്. ദുരന്തമേഖലയിൽ 13 മണിക്കൂറോളം തുടർച്ചയായി പ്രവർത്തിച്ച തൃക്കാക്കര ഫയർസ്റ്റേഷൻ ഓഫീസർ ഉൾപ്പെടെയുള്ളവർ ബോധംകെട്ടുവീണിരുന്നു. ഭക്ഷണം കഴിച്ചാൽ ഛർദിക്കുന്ന അവസ്ഥ. ഇടയ്ക്കിടെ തൈരു മാത്രം കഴിച്ചാണ് പിടിച്ചുനിന്നതെന്ന് മൂവാറ്റുപുഴ സ്റ്റേഷൻ ഓഫീസറായ കെ.എൻ.സതീഷ് പറഞ്ഞു. രക്തത്തിൽ വിഷാംശം കലർന്നെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറഞ്ഞത്.

മരണക്കെണി

70 ഏക്കറിലേറെ സ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. 30 അടി മുകളിലേക്കു കത്തിക്കയറി. സമീപത്തെ കടമ്പ്രയാർ മലിനമാകാതെ തീ കെടുത്തുകയെന്നതും വെല്ലുവിളിയായിരുന്നു. പമ്പുചെയ്യുന്ന വെള്ളം താഴ്ന്നുപോകാതെ പരന്നൊഴുകി. ഇതൊഴിവാക്കാൻ മുകളിലെ തീ കെടുന്നതിനനുസരിച്ച് മാലിന്യം മറിച്ചിട്ട് വെള്ളം സ്‌പ്രേചെയ്തു. അകത്തേക്കു കടന്നുചെല്ലാൻ വഴികളില്ലാത്തതും ചതുപ്പുനിലവും ദൗത്യസംഘത്തെ വലച്ചു. കടുത്തപുകയിൽ അവ്യക്തമായ വഴികളിലൂടെ പലപ്പോഴും നടന്നിറങ്ങിയത് ചതുപ്പിലേക്കായിരുന്നു. രാത്രി ഒരുമണിക്ക് ചതുപ്പിൽ കഴുത്തോളം മുങ്ങിയ ഉദ്യോഗസ്ഥനെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്.

ജീവൻ പണയംവച്ചാണ് സേന ദൗത്യം പൂർത്തിയാക്കിയത്. ആരോഗ്യപ്രശ്‌നങ്ങൾ വിട്ടുമാറിയിട്ടില്ല. എങ്കിലും വിജയിച്ചതിൽ അഭിമാനം

കെ. ഹരികുമാർ, ജില്ലാ
ഫയർ ഓഫീസർ, എറണാകുളം

രാസമാലിന്യമടക്കം കത്തിയ പുക ശ്വാസകോശത്തിലെത്തിയാൽ ദീർഘനാളത്തെ ചികിത്സ ആവശ്യമാണ്. മുടങ്ങിയാൽ കടുത്ത പ്രശ്നങ്ങളുണ്ടാകും

ഡോ. വി.പി. കുര്യൻ ഐപ്പ്,
ത്വക് രോഗ വിദഗ്ദ്ധൻ, എറണാകുളം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SMOKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA