
ആലപ്പുഴ: ബാല്യങ്ങളെ കഥകളിലേക്ക് മടക്കണം. അതിലൂടെ തങ്ങളുടെ ഏകാന്തത മറക്കണം. ഓർമ്മയിലാണ്ട കഥകളെയും നാടൻ കളികളെയും സ്‌കൂൾ മുറ്റങ്ങളിലേക്ക് മടക്കുകയാണ് ആലപ്പുഴയിലെ ഒരുപറ്റം അമ്മൂമ്മമാരും അപ്പൂപ്പന്മാരും. 'അമ്മൂമ്മ കഥകളുടെ കഥാമാധുര്യം'' എന്ന പേരിലുള്ള പദ്ധതി ഇതിനകം ഏഴ് സ്‌കൂളുകളിൽ നടപ്പാക്കി. കഴിഞ്ഞ മാസമായിരുന്നു തുടക്കം.
വിരമിച്ച അദ്ധ്യാപകരാണ് കഥപറയുന്നത്. യു.പി വിഭാഗം കുട്ടികളാണ് കേൾവിക്കാർ. സ്‌കൂൾ സമയത്താണ് കഥപറച്ചിൽ. ക്ലാസ് മുറികളിലും സ്‌കൂൾ പരിസരങ്ങളിലെ മരച്ചുവടുകളിലുമാണ് ഒത്തു ചേരൽ. മുത്തശ്ശികഥ, പുരാണങ്ങൾ, ചരിത്രകഥകൾ, ബാലസാഹിത്യം, ചെറുകവിതകൾ എന്നിവയെല്ലാം കുട്ടികളുമായി പങ്കുവയ്‌ക്കും. ജെൻ സി തലമുറയ്ക്ക് കേട്ടറിവ് പോലുമില്ലാത്ത ഓലപ്പന്ത്, വാച്ച്, കണ്ണട, ഓലക്കാലിലെ പാമ്പ് തുടങ്ങിയ കളിപ്പാട്ടങ്ങളും കരകൗശലങ്ങളും നിർമ്മിക്കാനും പഠിപ്പിക്കും.
ഒന്നേകാൽ മണിക്കൂറാണ് ക്ലാസ്. റീൽസിനും കാർട്ടൂണിനും പിന്നാലെ പാഞ്ഞിരുന്ന കുട്ടിക്കൂട്ടം കഥകൾക്കായി കാത്തിരിക്കുകയാണിപ്പോൾ. വായനശാലകളിലെ കുട്ടിക്കൂട്ടങ്ങൾക്കും കഥാമാധുര്യം പകരുന്നുണ്ട്. മുതിർന്നവരെ ചേർത്തൊരുക്കിയ 'ടോക്കിംഗ് പാർലർ'' എന്ന സംഘടനായാണ് സംഘാടകർ.
മൂന്ന് തലമുറകളുടെ സംഗമം
പരിപാടിയെക്കുറിച്ചഞ്ഞ് ധാരാളം രക്ഷിതാക്കളാണ് ടോക്കിംഗ് പാർലറിനെ ബന്ധപ്പെടുന്നത്. ഇപ്പോൾ പല വേദികളും മൂന്ന് തലമുറകളുടെ സംഗമമാണ്. സംഘത്തിലെ 13 പേർ റിട്ട. അദ്ധ്യാപകരാണ്. കൂടാതെ വിരമിച്ചവരും വീട്ടമ്മമാരുമുണ്ട്. വിവിധ സ്ഥലങ്ങളിലെ പരിപാടികൾക്കായി തദ്ദേശീയമായി തന്നെ അപ്പുപ്പന്മാരെയും അമ്മുമ്മമാരെയും കണ്ടെത്താൻ ടോക്കിംഗ് പാർലർ ശ്രമിക്കാറുണ്ട്.
പുതുതലമുറ ആവേശത്തോടെയാണ് അമ്മുമ്മക്കഥകൾ കേട്ടിരിക്കുന്നത്. റീൽസും കാർട്ടൂണും മാത്രം കണ്ട് ഭാവനയില്ലാതാകുന്ന കുട്ടികളിൽ പുതിയ സംസ്‌കാരം വളർത്തിയെടുക്കാനാണ് ശ്രമം
- ചന്ദ്രദാസ് കേശവപിള്ള,
ടോക്കിംഗ് പാർലർ സംസ്ഥാന കോ-ഓർഡിനേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |