
□ 78 കാരിയുടെ രണ്ടാം ഓഡിയോ ആൽബം ഉടൻ
ആലപ്പുഴ: ജീവിത ദുരിതങ്ങളും ഏകാന്തതയും മറികടക്കാനായാണ് ചേർത്തല തുറവൂർ നാലുകുളങ്ങര പുന്നത്തറനികർത്തിൽ സരസ്വതിയമ്മ 25-ാം വയസിൽ കവിതയെഴുതിത്തുടങ്ങിയത്. 400ഓളം കവിതകൾ എഴുതിക്കഴിഞ്ഞു. ഖണ്ഡകാവ്യം ഉൾപ്പെടെ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 78-ാം വയസിൽ കവിതാ സമാഹാരം ഓഡിയോ ആൽബമായി പുറത്തിറക്കുന്നതിന്റെ തിരക്കുകളിലാണ് സരസ്വതിഅമ്മ.
13 വർഷം മുമ്പ് സ്ത്രീ പീഡനത്തിനെതിരെ എഴുതിയ കവിതകൾ കൂട്ടിയിണക്കി വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ 'സ്ത്രീ" എന്ന ഓഡിയോ ആൽബം പുറത്തിറക്കിയിരുന്നു. പ്രണയം ഇതിവൃത്തമാക്കിയ 'രാഗശിൽപ്പി" എന്ന കവിതാ സമാഹാരം ദലീമ ജോജോയുടെയും പള്ളിപ്പുറം സുനിലിന്റെയും ശബ്ദത്തിൽ ഓഡിയോ സി.ഡിയാക്കി. ആൽബം ഉടൻ യുട്യൂബിലെത്തും. കവിതകൾ വിറ്റുകിട്ടുന്ന തുക, പാവപ്പെട്ടവർക്കും ക്യാൻസർ രോഗികൾക്കുമായി മാറ്റിവയ്ക്കുന്നതാണ് സരസ്വതിയമ്മയുടെ ശീലം.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മൂന്നാം ക്ലാസ് പാഠപുസ്തകത്തിൽ സരസ്വതിയമ്മയുടെ 'പ്രാർത്ഥന" എന്ന കവിത ഇടം പിടിച്ചിരുന്നു. 1989ൽ പുറത്തിറങ്ങിയ സരസ്വതി അമ്മയുടെ ആദ്യ കവിതാസമാഹാരം 'ഇരുമ്പഴികൾ"ക്ക് അവതാരിക എഴുതിയത് തകഴി ശിവശങ്കരപ്പിള്ളയാണ്. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മൂന്ന് പെൺമക്കളിൽ രണ്ട് പേരും ഓർമ്മയായി. സങ്കടങ്ങൾക്കിടയിലും കവിതയിൽ സന്തോഷം കണ്ടെത്താനുള്ള ശ്രമത്തിലാണവർ.
ഒറ്റപ്പെട്ട ജീവിതം
കുട്ടിക്കാലത്ത് വീട്ടിലെ പ്രശ്നങ്ങൾക്കിടയിൽ ഒറ്റപ്പെട്ട് പോയ ജീവിതമായിരുന്നു സരസ്വതിഅമ്മയുടേത്. നാലു വർഷത്തോളം വീട്ടിൽ നിന്ന് ഭക്ഷണം പോലും നിരസിക്കപ്പെട്ടു. വീടിനോടു ചേർന്നുള്ള കാടു പിടിച്ച പ്രദേശത്തെ മരങ്ങളോടും കിളികളോടും ചങ്ങാത്തം കൂടി. ദാമ്പത്യ ജീവിതവും സുഖകരമായിരുന്നില്ല. പറമ്പിലെ ആഞ്ഞിലിയും പ്ലാവും മറ്റും വിറ്റാണ് പലപ്പോഴും ചെലവിനു തുക കണ്ടെത്തിയിരുന്നത്. ഈ ദുരനുഭവങ്ങളാണ് എഴുത്തിലേക്ക് നയിച്ചത്. കൂട്ടുകാരിക്ക് കവിതാ രൂപത്തിൽ കത്തെഴുതിയായിരുന്നു തുടക്കം. രാഗശില്പം, കണ്ണീർത്തടങ്ങൾ, ഏകലവ്യൻ, കൊറോണയിൽ പൊലിഞ്ഞ ആത്മാക്കൾ എന്നിങ്ങനെ നീളുന്നു സരസ്വതിയമ്മയുടെ രചനകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |