
തുറവൂർ : അരൂക്കുറ്റിയിൽ വീട്ടിൽ കയറി സ്ത്രീ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ആക്രമിച്ച കേസിൽ നാലുപേരെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. അരൂക്കുറ്റി പഞ്ചായത്ത് ഏഴാംവാർഡിലെ വടുതല വിഷ്ണു ഭവനത്തിൽ പ്രകാശന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലാണ് കൈവെട്ടിച്ചിറ സുരേഷ് (61), സുധീഷ് (40), സുധീർ (37), സുജിത്ത് (36) എന്നിവരെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 12ഓടെയാണ് ആക്രമണമുണ്ടായത്. പ്രകാശൻ (56), ഭാര്യ രജനി (51), മകൻ വിഷ്ണു (29), വിഷ്ണുവിന്റെ ഭാര്യ അതീന (23) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രജനിയെയും കാലൊടിഞ്ഞ വിഷ്ണുവിനെയും അതീനയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടേറ്റ പ്രകാശൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളായ സുരേഷിനും മകൻ സുജിത്തിനും ആക്രമണത്തിനിടെ പരിക്കേറ്റിരുന്നു.
അയൽവാസികളും ബന്ധുക്കളുമായ ഇരുകുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന ദീർഘകാല വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പൂച്ചാക്കൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പ്രകാശനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ കൈവെട്ടിച്ചിറ സുരേഷ് ഉൾപ്പെടെ ഏഴ് പേരാണ് പ്രതികൾ. സുരേഷിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ച കേസിൽ പ്രകാശൻ, രജനി, വിഷ്ണു എന്നിവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |