ആലപ്പുഴ: കാലവർഷത്തെ തുടർന്ന് ജില്ലയിൽ 3165 കർഷകരുടെ 1112 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.പി.സിന്ധു അറിയിച്ചു. നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ വിളകളെയാണ് പ്രധാനമായും കാലവർഷക്കെടുതി ബാധിച്ചത്. പ്രാഥമിക പരിശോധനയിൽ 1.32 കോടിയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാമങ്കരി, ചമ്പക്കുളം, കരുവാറ്റ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം വലിയ രീതിയിൽ ഉയരുന്ന സാഹചര്യമുണ്ട്. ചമ്പക്കുളം പഞ്ചായത്തിലെ 600 ചക്കം, കരുവാറ്റയിലെ ചാലുക്കൽ എന്നീ പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും കൃഷിനാശമുണ്ടായിട്ടില്ല.
രാമങ്കരി ബ്ലോക്കിലെ അഞ്ച് കൃഷിഭവനുകളിലും ചെങ്ങന്നൂരിലെ പാണ്ടനാട് കൃഷിഭവനിലും വെള്ളം കയറിയതിനാൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. തൈപ്പറമ്പ് വടക്ക് പാടശേഖരത്തിലെ മോട്ടോർ ഷെഡ് പൂർണമായി തകർന്നു. പുളിങ്കുന്ന് തെക്കേ മണപ്പിള്ളിയിൽ മടവീഴ്ച സംഭവിച്ചത് പുനസ്ഥാപിച്ചു.
കൃഷിനാശം സംഭവിച്ച കർഷകർ വിവരം അടിയന്തരമായി കൃഷിഭവനിൽ റിപ്പോർട്ട് ചെയ്യുകയും കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിൽ വിളനാശം രജിസ്റ്റർ ചെയ്യുകയുംവേണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
53 ദുരിതാശ്വാസ
ക്യാമ്പുകൾ, 2635 പേർ
ജില്ലയിൽ മഴക്കെടുതിയെത്തുടർന്ന് വിവിധ താലൂക്കുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 2635 പേരെ മാറ്റിപ്പാർപ്പിച്ചു. ആകെ 53 ക്യാമ്പുകളിലായി 813 കുടുംബങ്ങളിലെ 1055 പുരുഷന്മാരും 1137 സ്ത്രീകളും 443 കുട്ടികളുമാണ് കഴിയുന്നത്.
ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടെ 26 ക്യാമ്പുകളിലായി 507 കുടുംബങ്ങളിൽ നിന്നുള്ള 1644 പേരാണ് കഴിയുന്നത്. ഇതിൽ 681 പുരുഷന്മാരും 711 സ്ത്രീകളും 252 കുട്ടികളുമുണ്ട്.
കാർത്തികപ്പള്ളി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 94 കുടുംബങ്ങളിൽ 303 പേരും കുട്ടനാട് താലൂക്കിലെ 16 ക്യാമ്പുകളിലായി 159 കുടുംബങ്ങളിൽ നിന്നുള്ള 532 പേരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. കൂടാതെ മാവേലിക്കര താലൂക്കിലെ അഞ്ച് ക്യാമ്പുകളിലായി 24 കുടുംബങ്ങളിൽ നിന്നുള്ള 82 പേരും അമ്പലപ്പുഴ താലൂക്കിലെ ഒരു ക്യാമ്പിൽ ആറ് കുടുംബങ്ങളിലെ 23 പേരും ചേർത്തല താലൂക്കിലെ മൂന്ന് ക്യാമ്പുകളിൽ 23 കുടുംബങ്ങളിലെ 51 പേരും കഴിയുന്നുണ്ട്.
ജില്ലാപഞ്ചായത്തിൽ
ഹെൽപ്പ് ഡെസ്‌ക്
അതിശക്തമായ മഴയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഹെൽപ്പ് ഡെസ്ക് നമ്പറിൽ വരുന്ന സന്ദേശങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നൽകി ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഹെൽപ്പ് ഡെസ്ക് നമ്പറുകൾ: 9567507083, 0477 2252496, 0477 2253836.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |