SignIn
Kerala Kaumudi Online
Saturday, 29 August 2026 5.15 AM IST

താളം തെറ്റിയ ജീവിതത്തിന് കരുതലുമായ് എം.എൽ.എ

reji

കുട്ടനാട്: ഭർത്താവിന്റെ മരണത്തിനും വാഹനാപകടത്തിൽ മകന് സാരമായി പരിക്കറ്റതിനും ശേഷം വർഷങ്ങളായി ദുരിതജീവിതം നയിച്ച മണിയമ്മയ്ക്കും മകനും റെജി ചെറിയാൻ എം.എൽ.എയുടെ ഓണസമ്മാനമായി വീട് നിർമ്മിച്ചു നൽകി. തലവടി ഗ്രാമപ്പഞ്ചായത്തിലെ 16-ാം വാർഡിൽ പഴയചിറ മണിയമ്മയ്ക്കായി ആർ.സി. ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽ ഉത്രാടനാളിൽ റെജി ചെറിയാൻ എം.എൽ.എ കൈമാറി. തുടർന്ന് എം.എൽ.എയും പത്നി മേരി റെജിയും മണിയമ്മയ്ക്കും മകൻ കണ്ണനുമൊപ്പം പുതിയ വീട്ടിലെ പാലുകാച്ചൽ ചടങ്ങിലും പങ്കെടുത്തു.

ഭർത്താവ് രാധാകൃഷ്ണൻ ഷോക്കേറ്റ് മരിച്ചതോടെയാണ് മണിയമ്മയുടെ കുടുംബം പ്രതിസന്ധിയിലായത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഭർത്താവിന്റെ മരണശേഷം ലഭിച്ച നഷ്ടപരിഹാരത്തുക ഉപയോഗിച്ച് മകളുടെ വിവാഹം നടത്തി. വിദേശത്തായിരുന്ന മകൻ കണ്ണൻ നാട്ടിൽ തിരിച്ചെത്തി പുതിയ വീട് നിർമ്മിക്കുന്നതിനായി പഴയ വീട് പൊളിച്ചുമാറ്റി വാടകവീട്ടിലേക്ക് മാറിയതിന് പിന്നാലെ, അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ മരിയാപുരം ജംഗ്ഷന് സമീപം വാഹനാപകടത്തിൽപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കണ്ണൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. വിദഗ്ധ ചികിത്സയ്ക്കുശേഷവും പൂർണമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിലാണ്.
തൊഴിലുറപ്പ് ജോലിയിൽനിന്നുള്ള വരുമാനവും പെൻഷനുമായിരുന്നു കുടുംബത്തിന്റെ പ്രധാന ആശ്രയം. ആസ്ത്മാ രോഗിയായ മണിയമ്മയ്ക്ക് ജോലിക്ക് പോകുന്നതിനും ബുദ്ധിമുട്ടുകളുണ്ട്. കണ്ണന്റെ ചികിത്സ, മരുന്ന്, ഭക്ഷണം തുടങ്ങിയ ചെലവുകൾ കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെയാണ് റെജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ആർ.സി. ട്രസ്റ്റ് സഹായവുമായി എത്തിയത്.

തലവടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റിജിൻ ജോസഫ്, വൈസ് പ്രസിഡന്റ് സുഷമ സുധാകരൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു വി.ആർ., ജനപ്രതിനിധികളായ ബിജു പാലത്തിങ്കൽ, അജിത് പിഷാരത്, റീത്താമ്മ, റെറ്റി ചെറിയാൻ, മോളമ്മ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL