SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.08 AM IST

കേരളകൗമുദി വാർഷികാഘോഷം ആലപ്പുഴയ്‌ക്ക് അഭിമാനം

ആലപ്പുഴ: ജനപങ്കാളിത്തത്തിലും പ്രൗഢിയിലും കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷം

ഗംഭീരമായി. ഉപരാഷ്ട്രപതിയും ഗവർണറുമുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവിയിൽ മുപ്പതുവർഷം പൂർത്തിയാക്കി,​ പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ വെള്ളാപ്പള്ളി നടേശനുള്ള ആദരവും ആഘോഷത്തിന്റെ മാറ്റികൂട്ടി.

ജില്ലയിൽ ആദ്യമായി എത്തുന്ന രാജ്യത്തെ രണ്ടാമത്തെ പൗരനായ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനെ സ്വീകരിക്കുന്നതിന് കുറ്റമറ്റ സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിനായി ആഴ്ചകൾ നീണ്ട മുന്നൊരക്കമാണ് ജില്ലാ ഭരണകൂടവും പൊലീസും സ്വീകരിച്ചിരുന്നത്. ഡി.ഐ.ജി യതീഷ് ചന്ദ്ര, ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപ്, ജില്ലാ കളക്ടർ ഷാജി വി.നായർ, എ.ഡി.എം സി.പ്രേംജി, ആലപ്പുഴ ഡിവൈ.എസ്.പി വിശാൽ ജോൺസൺ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജി.സുനിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ക്രമീകരണങ്ങൾ. 550 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി നഗരത്തിൽ വിന്യസിച്ചിരുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു മാദ്ധ്യമ സ്ഥാപനം ആലപ്പുഴയിൽ ഇത്ര വലിയ സുരക്ഷാക്രമീകരണങ്ങളോടെ ആഘോഷം സംഘടിപ്പിച്ചത്.

വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ഞായറാഴ്ച അതിരാവിലെ തന്നെ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി എസ്.എൻ.ഡി.പി യൂണിയൻ നേതാക്കളും യോഗം പ്രവർത്തകരും വനിതാ സംഘം പ്രവർത്തകരും കേരള കൗമുദിയുടെ വായനക്കാരും അഭ്യുദയാകാംക്ഷികളും ഒഴുകിയെത്തിയതോടെ ആഘോഷചടങ്ങ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 10ന് ആരംഭിച്ച പരിപാടിയിൽ പങ്കെടുക്കാൻ രാവിലെ 8 മുതൽ തന്നെ ആളുകൾ ലിയോ തേർട്ടീന്ത് സ്കൂളിലേക്ക് എത്തിതുടങ്ങിയിരുന്നു. കർശനമായ സുരക്ഷാ പരിശോധനകളും വി.വി.ഐ.പി പ്രോട്ടോക്കോൾ നിബന്ധനകളും പാലിച്ചായിരുന്നു പരിപാടികൾ.

പരിപാടിയിൽ പങ്കെടുക്കാൻ രാവിലെ 9.30ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് ഉപരാഷ്ട്രപതി ആലപ്പുഴയിലെത്തിയത്. ആലപ്പുഴ പൊലീസ് മൈതാനത്ത് ഇറങ്ങിയ ഉപരാഷ്ട്രപതിയെ സംസ്ഥാന സർക്കാരിനുവേണ്ടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജി.സുധാകരൻ എം.എൽ.എ, ജില്ലാ കളക്ടർ ഷാജി വി.നായർ, ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ മോളി ജേക്കബ്, ജില്ലാ പൊലീസ് മേധാവി ടി. കെ വിഷ്ണുപ്രദീപ്‌ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് വൻ സുരക്ഷാ അകമ്പടിയോടെ കോൺവെന്റ് സ്‌ക്വയർ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലെത്തിയ അദ്ദേഹത്തെ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, ഡെപ്യൂട്ടി എഡിറ്റർ എ.സി റെജി, ചീഫ് മാനേജർ എസ്.വിമൽകുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

സത്യം, വിശ്വസനീയത, ജനവിശ്വാസം എന്നിവ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങളായി ഉയർത്തിപ്പിടിക്കാനും മലയാള മാധ്യമരംഗത്തെ ശക്തമായ ശബ്ദമായി തുടരാനും കേരളകൗമുദിക്ക് സാധിക്കട്ടെയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഉപരാഷ്ട്രപതി ആശംസിച്ചു. ക്രിയാത്മകമായ മാധ്യമപ്രവർത്തനത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം, നവീനാശയങ്ങൾ, ശാസ്ത്ര നേട്ടങ്ങൾ, കാരുണ്യപ്രവർത്തനങ്ങൾ, സാമൂഹിക സേവനം, പോസിറ്റീവായ സാമൂഹിക മാറ്റങ്ങൾ എന്നിവയ്ക്ക് മാധ്യമങ്ങൾ പ്രാധാന്യം നൽകണമെന്ന് അഭ്യർത്ഥിച്ചു.

വാർഷികാഘോഷ ഉദ്ഘാടനവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള എക്സലൻസ് അവാർഡുകളുടെ വിതരണവും നിർവഹിച്ചശേഷം 11 മണിയോടെ ആലപ്പുഴ ഹെലിപ്പാഡ് വഴി ഉപരാഷ്ട്രപതി പത്തനംതിട്ടയിലേക്ക് തിരിച്ചു. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിലാകമാനം ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗതനിയന്ത്രണവുമാണ് ഏർപ്പെടുത്തിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL