SignIn
Kerala Kaumudi Online
Monday, 25 May 2026 12.48 PM IST

വഖഫ് നിയമങ്ങളിൽ ഭേദഗതി വേണം: ഭൂസംരക്ഷണ സമിതി

waqaf

കൊച്ചി: വഖഫ് നിയമങ്ങളിലെ എട്ടോളം വകുപ്പുകളിൽ അടിയന്തര ഭേദഗതി വരുത്തുകയും താമസക്കാരുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുകയും വേണമെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി. ഈ ആവശ്യങ്ങൾ ഉന്നയിച്ച് റിപ്പബ്ലിക് ദിനത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിലെ എം.പിമാർക്കും കത്തയയ്ക്കും.

ഇതോടൊപ്പം മുനമ്പം നിവാസികൾ സെക്രട്ടേറിയറ്റിലേക്ക് പദയാത്ര സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 23ന് അടുത്ത ഹിയറിംഗ് നടത്തുന്ന മുനമ്പം കമ്മിഷൻ ഫെബ്രുവരിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ട് സമർപ്പിച്ച് 15 ദിവസങ്ങൾക്ക് ശേഷമാകും മുനമ്പം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് പദയാത്ര.

ഫറൂഖ് കോളേജിന് ക്രയവിക്രയ അവകാശത്തോടെ വിട്ടുകിട്ടിയ ഭൂമി 1951ൽ കോളേജ് പോക്ക് വരവ് നടത്തി അതിന് പട്ടയം ലഭിച്ചിട്ടുണ്ടെന്നതുൾപ്പെടെ രേഖകളിലുണ്ടെന്നും ഭൂസംരക്ഷണ സമിതി നേതാക്കൾ വ്യക്തമാക്കുന്നു.

മുനമ്പം വഖഫ് ഭൂമിയാണെന്ന് കോടതികൾ നേരത്തേ വിധി പ്രസ്താവിച്ചിട്ടില്ല എന്നതിന് 2024ലെ കോടതി വിധിയാണ് പ്രധാന തെളിവെന്നും ഭാരവാഹികൾ ആവർത്തിച്ചു. സ്ഥലവാസികളുടെ എതിർപ്പു മൂലം 2009ലെ സർവേ പൂർത്തിയായിട്ടില്ല, ഭൂസംരക്ഷണ സമിതിയിൽ 610 അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, മുനമ്പത്ത് വേളാങ്കണ്ണി മാതാ ഇടവകാംഗങ്ങളായി തന്നെ നാനൂറോളം കുടുംബങ്ങളുണ്ട് എന്നീ വസ്തുതകൾ മറച്ചുവയ്ക്കപ്പെടുകയാണെന്നും കുറ്റപ്പെടുത്തി. ഭൂ സംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ റോക്കി പാലയ്ക്കൽ, കൺവീനർ ജോസഫ് ബെന്നി, ഫാ. ജോഷി മയ്യാറ്റിൽ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, MUNAMBAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL