
കൊച്ചി: യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസ് റോഡരികിൽ ഒതുക്കി ഡ്രൈവറുടെ ഫോൺ വിളി. സംസാരം നീണ്ടതോടെ യാത്രക്കാർ ഇടഞ്ഞു. കിഴക്കൻ മേഖലയിൽ നിന്ന് രാവിലെ ഒമ്പതിന് എറണാകുളത്തേക്ക് പുറപ്പെട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ് 11ഓടെ മാമംഗലത്ത് എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.യാത്ര വൈകിയെങ്കിലും ഡ്രൈവർക്കെതിരെ ആരും പരാതിപ്പെട്ടിട്ടില്ല.
ഇടപ്പള്ളിയും പിന്നിട്ട് യാത്രക്കാരുമായി എറണാകുളം സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് ഡ്രൈവർക്ക് ഫോൺകാൾ വന്നത്. പിന്നെ ഒന്നും നോക്കിയില്ല, ബസ് റോഡരികിൽ ഒതുക്കി ഡ്രൈവർ സംസാരം തുടങ്ങി. ഒന്നര മിനിറ്റോളം നീണ്ടതോടെ കണ്ടക്ടറെത്തി ബസെടുക്കാൻ നിർദ്ദേശിച്ചു. പക്ഷേ, ഡ്രൈവർ കൂട്ടാക്കില്ല. പിന്നാലെ വന്ന പല ബസുകളും കടന്നുപോയതോടെ യാത്രക്കാരുടെ നിലവിട്ടു. ബസ് ബഹളത്തിൽ മുങ്ങി.
സ്വകാര്യ ആവശ്യത്തിനായി വാഹനം നിറുത്തിയ ശേഷം ഫോണിൽ സംസാരിക്കുന്നതിൽ തെറ്റില്ലെന്ന ഡ്രൈവറുടെ മറുപടി കേട്ടതോടെ യാത്രക്കാർ അമ്പരന്നു. സംസാരമെല്ലാം കഴിഞ്ഞാണ് ഡ്രൈവർ ബസെടുത്തത്. 'സ്റ്റോപ്പ് പോലുമില്ലാത്ത സ്ഥലത്താണ് ബസ് നിറുത്തിയത്. ഒന്നര മിനിറ്റ് ഡ്രൈവർ ഫോണിൽ സംസാരിച്ചു. വിളി കഴിഞ്ഞാണ് ബസ് എടുത്തത്" - യാത്രക്കാരനായ എവിൻ കേരളകൗമുദിയോട് പറഞ്ഞു.
ആലുവ പാസ്‌പോർട്ട് ഓഫീസിന് മുന്നിൽ ബസ് നിറുത്താൻ കണ്ടക്ടർ ബെല്ലടിച്ചെങ്കിലും നിറുത്തിയിരുന്നില്ല. അവിടെ സ്റ്റോപ്പ് ഇല്ലെന്ന കാരണമാണ് ഡ്രൈവർ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |