
മൂവാറ്റുപുഴ: കാറിലെത്തിയ അജ്ഞാതൻ യൂസ്ഡ് കാർ ഷോറൂമിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് കത്തിക്കാൻ ശ്രമിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ മേക്കടമ്പ് ഓലിക്കൽ അജി ചാക്കോയുടെ ഉടമസ്ഥതയിലുള്ള 'മൈ കാർ' ഷോറൂമിന് നേരെയാണ് ആക്രമണമുണ്ടായത്. തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. അജിയുടെ വീടിനോട് ചേർന്നാണ് ഷോറൂം പ്രവർത്തിക്കുന്നത്. ആക്രമണത്തിൽ സമീപത്തെ കേക്ക് ഷോപ്പിന്റെ വാതിൽചില്ല് തീച്ചൂടിൽ പൊട്ടി. പുലർച്ചെ 3.30നും 5.30നും ഇടയിൽ ഷോറൂമിലേക്ക് കുപ്പിയെറിയുന്ന ദൃശ്യങ്ങൾ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൂന്ന് ബിയർ കുപ്പികളിലും ഒരു പ്ലാസ്റ്റിക് കുപ്പിയിലുമായാണ് പെട്രോൾ കൊണ്ടുവന്നത്. കുപ്പിയിൽനിന്ന് പെട്രോൾ ഒഴിച്ചശേഷം സിഗരറ്റ് കത്തിച്ചെറിഞ്ഞ് തീപിടിപ്പിക്കാനായിരുന്നു ശ്രമം. കടയുടെ മുന്നിലുണ്ടായിരുന്ന ചവിട്ടി കത്തിച്ചാണ് കേക്ക് ഷോപ്പിന് മുന്നിൽ തീയിട്ടത്. 3.30ഓടെ ആദ്യം സ്ഥലത്തെത്തി തീയിട്ട അക്രമി, തീ പടർന്നില്ലെന്ന് മനസിലാക്കി 5.30ഓടെ വീണ്ടും എത്തുകയായിരുന്നു. എറണാകുളം ഭാഗത്തുനിന്നാണ് ഇയാൾ എത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |