
ഒമാനിലെ ജോലി മതിയാക്കി ലഹരിക്കച്ചവടം
കൊച്ചി: വിഷുദിനത്തിൽ കെണിയൊരുക്കി ലഹരിവേട്ടയ്ക്ക് പോയ കൊച്ചിയിലെ എക്സൈസ് സംഘത്തിന് ഇത്തവണ കൈനീട്ടം വെറുതെയായില്ല. ഒരു മാസമായി നിരീക്ഷണത്തിലുള്ള മലപ്പുറം സ്വദേശി 5 ലക്ഷം രൂപയുടെ രാസലഹരിയും ഹാഷിഷ് ഓയിലുമായി പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി സുഹൈൽ റാഷിദാണ് (29) പള്ളുരുത്തി ഭാഗത്ത് നിറുത്തിയിട്ട കാറിൽ ലഹരിസാധനങ്ങളുമായി പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കുടുക്കിയത്. 142 ഗ്രാം എം.ഡി.എം.എയും 3.074 ഗ്രാം ഹാഷിഷ് ഓയിലും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഒമാനിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ദുബായിൽ പരിചയപ്പെട്ട പ്രവാസി മലയാളിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ തിരിച്ചെത്തി ലഹരി വിതരണം തുടങ്ങുകയായിരുന്നു. മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ ആവശ്യക്കാർക്ക് സുരക്ഷിതമായി കൈമാറിയാൽ 30000 മുതൽ 50000 രൂപ വരെയാണ് കമ്മീഷൻ. വിതരണത്തിനിടെ മുന്തിയ ഹോട്ടലുകളിൽ താമസ സൗകര്യം, ഭക്ഷണം തുടങ്ങി ഇൻസെന്റീവുമുണ്ട്. ജീവിതം അടിപൊളിയായി നീങ്ങുമ്പോഴാണ് കഷ്ടകാലത്തിന് വിഷുദിവസം പിടിയിലായത്. ആദ്യമായാണ് അറസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും സുഹൈൽ റാഷിദ് ഒരു മാസത്തിലേറെയായി നിരീക്ഷണത്തിലായിരുന്നു.
ഡൽഹി രജിസ്ട്രേഷൻ കാർ
പള്ളുരുത്തിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുമ്പോൾ കൈവശം 48 ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നു. കാറിന്റെ ഡാഷ് ബോർഡിൽ ഇടപ്പള്ളിയിലെ ഒരു ഹോട്ടൽ മുറിയുടെ താക്കോൽ കിട്ടിയത് നിർണായകമായി. സുഹൈലുമായി മുറി പരിശോധിച്ചപ്പോൾ 94.23 ഗ്രാം എം.ഡി.എം.എയും 4 ഗ്രാം ഹാഷിഷും കൂടി കണ്ടെടുത്തു. ലഹരി സാധനങ്ങൾ തൂക്കാനുള്ള ഡിജിറ്റൽ ത്രാസും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഡൽഹി രജിസ്ട്രേഷൻ ഹോണ്ട സിറ്റി കാർ സുഹൃത്തിന്റേതാണ്. ഈ കാറിന്റെ ഉടമയും കേസിൽ പ്രതിയായേക്കും.
നിശാപാർട്ടി സംഘങ്ങൾക്ക്
നിശാപാർട്ടി സംഘങ്ങൾക്കാണ് രാസലഹരി വിതരണമെന്ന് എക്സൈസ് സംശയിക്കുന്നു. തൃശൂർ, അങ്കമാലി ഭാഗങ്ങളിൽ വിതരണം നടത്തി ശേഷമുള്ള 142 ഗ്രാമുമായിട്ടാണ് ഇടപ്പള്ളിയിൽ എത്തുന്നത്. മുമ്പ് നിരവധി തവണ സുഹൈൽ ലഹരി വിതരണം നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇയാളെ ഇടനിലക്കാരനായി ഉപയോഗിച്ച് രാസലഹരി വിതരണം നടത്തുന്ന ആളെക്കുറിച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. സ്പെഷ്യൽ സ്ക്വാഡ് സി.ഐ രഞ്ജിത് കുമാർ, ഇൻസ്പെക്ടർ ഡി.എസ്. അരുൺ, പ്രിവന്റീവ് ഓഫീസർമാരായ അജിത് കുമാർ, റൂബൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജോമോൻ, ജിജോ അശോക്, ലത എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും അറസ്റ്റും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |