SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.55 PM IST

കൊച്ചിക്ക് കുടിവെള്ളം: പെരിയാറിന്റെ രക്ഷ നീളെ നീളെ

Increase Font Size Decrease Font Size Print Page

p

കൊച്ചി: ഹൈക്കോടതി പലകുറി നിർദ്ദേശവും താക്കീതും നൽകിയിട്ടും പരിസ്ഥിതി, ജനകീയ സംഘടനകൾ ആവശ്യപ്പെട്ടിട്ടും അരക്കോടിയിലേറെ ജനങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പെരിയാറിനെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കാൻ നടപടി നീളുന്നു. പെരിയാർ അതോറിട്ടി രൂപീകരണം ഉൾപ്പെടെ നടപടി ഇഴയുകയാണ്.

1978 മുതൽ പെരിയാറിലെ വെള്ളം നിറംമാറി ഒഴുകുകയും മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്യുന്നത് പതിവാണ്. ഫാക്ടറികളിൽ നിന്നും മറ്റുമായി വൻതോതിൽ മാലിന്യം പെരിയാറിൽ കലരുന്നുണ്ട്. മലിനീകരണം എന്താണ്, ആരാണ് ഉത്തരവാദി, എന്നതൊക്കെ പഠിച്ച നിരവധി റിപ്പോർട്ടുകളുണ്ടെങ്കിലും നടപടികൾ ഉണ്ടായിട്ടില്ലെന്ന് പരിസ്ഥിതി സംഘടനകൾ പറഞ്ഞു.

മലിനീകരണം ആവർത്തിച്ചാലും നടപടിയില്ല

കൊച്ചിക്ക് കുടിവെള്ളം നൽകാൻ പെരിയാറിനെയാണ് കാലങ്ങളായി ആശ്രയിക്കുന്നത്. ആലുവയിൽ നിന്ന് പമ്പ് ചെയ്‌ത് ശുദ്ധീകരിക്കുന്ന വെള്ളമാണ് പൈപ്പിലൂടെ എറണാകുളം, കാക്കനാട്, തൃപ്പൂണിത്തുറ, പശ്ചിമകൊച്ചി മേഖലകളിൽ വിതരണം ചെയ്യുന്നത്. വെള്ളം മലിനീകരിക്കപ്പെട്ടാലും മത്സ്യങ്ങൾ ചത്തുപൊങ്ങിയാലും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് സംഘടനകൾ പറയുന്നു. നിരവധി വ്യവസായ ശാലകൾ പെരിയാർ തീരത്തുണ്ടെങ്കിലും മലിനീകരണം നടത്തിയത് ആരാണെന്ന് തിരിച്ചറിയാനുള്ള സംവിധാനങ്ങൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൈവശമുണ്ട്. മലിനീകരണം ആവർത്തിച്ചാലും നടപടി മാത്രമുണ്ടാകുന്നില്ല.

എങ്ങുമെത്താതെ അതോറിട്ടി

പെരിയാർ സംരക്ഷിക്കാൻ പ്രത്യേക അതോറിട്ടി രൂപീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തിൽ സർക്കാർ അന്തിമതീരുമാനം എടുത്തിട്ടില്ല. അതോറിട്ടി രൂപീകരണം പരിഗണനയിലാണെന്ന് കഴിഞ്ഞ ജനുവരിയിൽ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പെരിയാർ ശുദ്ധീകരിക്കാനും പുനരുദ്ധാരണത്തിനും അടിയന്തര നടപടികൾ സ്വീകരിക്കാൻ അതോറിട്ടി രൂപീകരിക്കണമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്രിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശിച്ചത്. അസോസിയേഷൻ ഒഫ് ഗ്രീൻ ആക്ഷൻ ഫോഴ്സ് സമർപ്പിച്ച ഹർജിയിലായിരുന്നു നിർദ്ദേശം.

കുടിനീരിനായി സമൂഹം ആശ്രയിക്കുന്ന പെരിയാർ ഇനിയും മലിനീകരിക്കപ്പെടരുത്. പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം ശുദ്ധീകരിച്ചും തിളപ്പിച്ചും ഉപയോഗിക്കാൻ സാഹചര്യമില്ലാത്ത ആളുകളുണ്ട്. മലിനജലം കുടിച്ച് വൃദ്ധരും കുട്ടികളും രോഗാവസ്ഥയിലാകാൻ സാദ്ധ്യതയുണ്ട്. നദിയുടെ മേൽനോട്ടത്തിന് അതോറിട്ടിയാണ് ഏറ്റവും ഫലപ്രദമെന്നാണ് കോടതി നിർദ്ദേശിച്ചത്.


അമ്പത് കൊല്ലം പിന്നിട്ട് 2026ലും പെരിയാർ മലിനമാകുമ്പോഴും സർക്കാർ സംവിധാനങ്ങൾ നിർജീവമാണ്. പെരിയാറിനെ രക്ഷിക്കാൻ ജനങ്ങൾ തെരുവിലിറങ്ങേണ്ട ഗതികേടാണ്.

ഡോ. സി.എം ജോയി

പ്രസിഡന്റ്

കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ

TAGS: LOCAL NEWS, ERNAKULAM, PERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.