കൊച്ചി: വിഷുക്കണിയുമായി അർദ്ധരാത്രി വീട്ടുമുറ്റത്തെത്തിയ കുട്ടികളെ എയർഗൺ ചൂണ്ടി ഭീഷണിപ്പെടുത്തിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാട്ടും മേളവുമായി എത്തിയ കുട്ടികൾ വീട്ടുമുറ്റത്തുനിന്ന് പോകാൻ വൈകിയതാണ് പ്രകോപനകാരണം. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പൊലീസ് എയർഗൺ കസ്റ്റഡിയിലെടുത്തു.
വസ്ത്രവ്യാപാരിയായ പനങ്ങാട് തെക്കേയറ്റം ബസ് സ്റ്റാൻഡിന് സമീപം പി.കെ.എം. റോഡ് വള്ളുവശേരി വീട്ടിൽ ജെൽസണിനെയാണ് (34) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിഷുദിനത്തിൽ പുലർച്ചെ 1.30നായിരുന്നു സംഭവം. പരിസരവാസികളും കൂട്ടുകാരുമായ അഞ്ച് കുട്ടികളാണ് വിഷുക്കണിയൊരുക്കി സമീപവീടുകളിലെത്തിയത്. കണിയൊരുക്കിയ കസേരയുമായി വിഷുപ്പാട്ടുകൾ പാടിയായിരുന്നു കുട്ടികളുടെ വരവ്. ജെൽസണിന്റെ വീട്ടുമുറ്റത്തെത്തിയപ്പോൾ കണികാണണ്ടെന്നും മടങ്ങിപ്പോകണമെന്നും ഇയാൾ ആവശ്യപ്പെട്ടെങ്കിലും പറഞ്ഞത് വ്യക്തമാകാതെ കുട്ടികൾ വീടിന് മുന്നിൽത്തന്നെ നിന്നു. ക്ഷുഭിതനായ ജെൽസൺ അകത്തുപോയി മുറിയിൽനിന്ന് എയർഗണ്ണുമായി പുറത്തെത്തി കുട്ടികൾക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. വിരണ്ടോടിയ കുട്ടികൾ കണികാണിക്കൽ മതിയാക്കി സ്വന്തം വീടുകളിലെത്തി വിവരമറിയിച്ചു. പുലർച്ചെ 2.30ഓടെ സ്ഥലത്തെത്തിയ പനങ്ങാട് പൊലീസ് ഇരുകൂട്ടരോടും രാവിലെ സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചു.
കൂട്ടത്തിലുണ്ടായിരുന്ന 16കാരന്റെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്. രാവിലെ എയർഗണ്ണുമായി സ്റ്റേഷനിൽ ഹാജരായ ജെൽസണിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.മൂന്ന് വയസുള്ള കുഞ്ഞിന്റെ ഉറക്കം തടസപ്പെടുമെന്ന് കരുതിയാണ് കുട്ടികളോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതെന്നാണ് ഇയാളുടെ വിശദീകരണം. എയർഗണ്ണിൽ സംഭവസമയത്ത് പെല്ലറ്റുകൾ ഉണ്ടായിരുന്നില്ലെന്ന് പനങ്ങാട് പൊലീസ് പറഞ്ഞു. അതേസമയം, ഉച്ചത്തിൽ എന്തോ പൊട്ടുന്ന ശബ്ദം കേട്ടിരുന്നതായി കുട്ടികൾ പറയുന്നു. ഗൺ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |