കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ മയക്കുമരുന്നുമായി എട്ടംഗസംഘം പിടിയിലായ കേസിൽ ഡാൻസാഫ് അറസ്റ്റുചെയ്ത ലോൺ കൺസൾട്ടന്റ് കെവിൻ മാത്യു (42) രാസലഹരിയുമായി ബന്ധപ്പെട്ട് ഒന്നരക്കൊല്ലത്തിനിടെ നടത്തിയത് 20ലക്ഷം രൂപയുടെ ഇടപാടുകൾ. ഇയാളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് സാമ്പത്തിക ഇടപാടുകളെപ്പറ്റി പ്രാഥമികവിവരം ലഭിച്ചത്. കേരളത്തിനകത്ത് തന്നെയാണ് ഇടപാടുകളിലേറെയും ഓൺലൈനായി നടന്നിരിക്കുന്നത്.
വെള്ളിയാഴ്ച ചെമ്പുമുക്ക് ഭാഗത്തെ ആഡംബര അപ്പാർട്ട്മെന്റിൽനിന്ന് ഡാൻസാഫ് കസ്റ്റഡിയിലെടുത്ത് തൃക്കാക്കര പൊലീസിന് കൈമാറിയ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 183.55 ഗ്രാം എം.ഡി.എം.എ, 93.51 ഗ്രാം എക്റ്റസി ഗുളികകൾ സഹിതമാണ് പിടികൂടിയത്. ലഹരി ഇടപാടുവഴി ലഭിച്ച ഒരുലക്ഷംരൂപയും കൈവശമുണ്ടായിരുന്നു. തുക ഉയർന്നേക്കുമെന്നാണ് സൂചന.
മാർച്ച് 29ന് ആഡംബര ഹോട്ടലിൽനിന്ന് യുവതികൾ ഉൾപ്പെട്ടസംഘം മയക്കുമരുന്നുമായി അറസ്റ്റിലായതറിഞ്ഞ കെവിൻ ലഹരിവിതരണം നടത്താതെ അപ്പാർട്ട്മെന്റിൽത്തന്നെ കഴിയുകയായിരുന്നു. കൊച്ചി ബോൾഗാട്ടിയിലെ സർക്കാർ കപ്പലിൽ പാർട്ടിയിൽ പങ്കെടുത്ത് ഹോട്ടലിലെത്തിയ എട്ടംഗ യുവസംഘത്തിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തത് കെവിനായിരുന്നു. യുവാക്കൾക്ക് ഒപ്പമുള്ള ജിനു മുരളിക്കാണ് ലഹരി കൈമാറിയത്.
പൊലീസിന് താമസസ്ഥലം കണ്ടെത്താൻ സാധിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കെവിൻ. ദിവസങ്ങളായി ഡാൻസാഫ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ കണ്ടെത്തിയതും പിടിയിലായതും. കെവിന് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നവരെ തിരിച്ചറിയാൻ അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |