
ജില്ലയിൽ 25 ശതമാനം അധിക വില്പന
കൊച്ചി: വിഷു ആഘോഷിക്കാൻ ആളുകൾ പണമൊഴുക്കിയതോടെ എറണാകുളത്ത് പടക്കക്കച്ചവടം മേശപ്പൂപോലെ കുതിച്ചുയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം അധികം. ഹോൾസെയിൽ, റീട്ടെയിൽ വ്യാപാരികൾക്ക് ഇത്തവണ മികച്ച നേട്ടമുണ്ടായി. വിഷുത്തലേന്ന് കോടികളുടെ വ്യാപാരമാണ് നടന്നത്.
തിരഞ്ഞെടുപ്പ് കാലമായതിനാൽ പടക്ക സംഭരണത്തിന് പരിമിതികളുണ്ടായിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി പ്രതിസന്ധിയും വെല്ലുവിളിയായി. എങ്കിലും ശിവകാശിയിൽ നിന്ന് ആവശ്യത്തിന് പടക്കം കടകളിലെത്തി. 10 മുതൽ 20 ശതമാനം വരെ വില ഉയർന്നിട്ടും പടക്കങ്ങളിൽ 90 ശതമാനവും വിറ്റഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വ്യാപാരികൾ.
വർണാഭമായ പടക്കങ്ങളാണ് ഇക്കുറിയും വിപണിയിൽ താരമായത്. കുട്ടികൾക്കായി പ്രത്യേക കാർട്ടൂൺ പടക്കങ്ങൾ, ഡാൻസിംഗ് ബട്ടർഫ്ളൈ, ലേസർ ഷോ, ഉയർന്നുപറക്കുന്ന ഹെലികോപ്റ്റർ, ഡ്രോൺ, കത്തുമ്പോൾ ശൂലം വിരിയുന്ന സ്റ്റിക്, കത്തിജ്വലിക്കുന്ന മൈറ്റി സ്‌വോർഡ്, മാസ്റ്റർ ബ്ലാസ്റ്റർ ബാറ്റ്, പോപ് കോൺ ഫൗണ്ടൻ, സംഗീതം പൊഴിക്കുന്ന ഗിറ്റാർ തുടങ്ങിയവയായിരുന്നു സ്‌പെഷ്യൽ ഇനങ്ങൾ.ഇതോടൊപ്പം മാലപ്പടക്കം, ഗുണ്ട്, ലാത്തിരി, പൂത്തിരി, മത്താപ്പ്, ഓലപ്പടക്കം, ചൈനീസ് പടക്കം, പാമ്പുഗുളിക, ചറപറ തുടങ്ങി പരമ്പരാഗത ഇനങ്ങളുടെ കച്ചവടവും കത്തിക്കയറി.
വഴിയരികിലും ഹിറ്റ്
വില്പനയിൽ മുന്നിൽ കമ്പിത്തിരിയാണ്. ലക്ഷക്കണക്കിന് പെട്ടി കമ്പിത്തിരികളാണ് വിറ്റഴിഞ്ഞത്. പെട്ടി ഒന്നിന് 10 രൂപ മുതൽ 50 രൂപ വരെ. ലോലിപോപ്പ്, ഹൾക്ക്, ക്യാപ്ടൻ അമേരിക്ക, ക്രൂഡ്‌സ് തുടങ്ങിയ കമ്പിത്തിരികൾ കുട്ടികൾക്ക് പ്രിയപ്പെട്ടതായി. പാളിപ്പടക്കം, മേശപ്പൂ, ചക്രം എന്നിവയാണ് രണ്ട് മുതൽ നാലുവരെ സ്ഥാനത്ത്.
വഴിയോര പടക്കക്കച്ചവടവും സജീവമായിരുന്നു. സാധാരണ ഉണ്ടാകാറുള്ള പരിശോധനകൾ കുറഞ്ഞതോടെയാണ് വഴിയോരക്കച്ചവടം വർദ്ധിച്ചത്. അതേസമയം, സുപ്രീം കോടതി വിലക്ക് ലംഘിച്ച് ഓൺലൈൻ പടക്കവില്പനയും വ്യാപകമായി നടന്നുവെന്ന് ഫയർ വർക്ക് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ജില്ലയിൽ കാര്യമായ പരിശോധനകൾ ഉണ്ടായിരുന്നില്ല.
വിഷുവിപണി ഇക്കുറി മികച്ചതായിരുന്നു. വില ഉയർന്നിട്ടും പടക്കങ്ങളെല്ലാം വിറ്റഴിഞ്ഞു
സിജു ജോൺ
പ്രസിഡന്റ്
എറണാകുളം
ഫയർ വർക്ക് മർച്ചന്റ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |