നെടുമ്പാശേരി: നെടുമ്പാശേരി ഹജ്ജ് ക്യാമ്പിന് നാളെ തുടക്കമാകും. വിമാനത്താവളത്തിന് സമീപമുള്ള സിയാൽ എയ്‌റോ പാർക്കിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
വ്യാഴാഴ്ചയാണ് ആദ്യ സംഘം നെടുമ്പാശേരിയിൽ നിന്ന് യാത്രയാകുന്നത്. ഈ വിമാനത്തിൽ പുറപ്പെടാനുള്ള തീർത്ഥാടകർ നാളെ ക്യാമ്പിലെത്തും. 450 പേരാണ് ആദ്യ സംഘത്തിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വിപുലമായ ഉദ്ഘാടന ചടങ്ങില്ല. വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലായ ടി 3 ടെർമിനലിൽ എത്തിച്ചേരുന്ന തീർത്ഥാടകർ അവിടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ക്യാമ്പിലേക്ക് എത്തിച്ചേരുന്നത്.
സിയാൽ എയ്‌റോ പാർക്കിൽ പ്രവർത്തിക്കുന്ന സിയാൽ അക്കാഡമിയിലെ കെട്ടിടങ്ങൾക്ക് പുറമെ 1.30 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ താത്കാലിക പന്തലും ഒരുക്കിയിട്ടുണ്ട്. 1200 പേർക്ക് ഒരേ സമയം താമസിക്കാൻ സൗകര്യമുണ്ട്. 600 ഓളം പേർക്ക് നമസ്കരിക്കാനുള്ള സൗകര്യം, വിശാലമായ അസംബ്ലി ഹാൾ, ഭക്ഷണ ശാല തുടങ്ങിയ സൗകര്യങ്ങളാണ് താത്കാലിക പന്തലിൽ ഒരുക്കിയിരിക്കുന്നത്.
സിയാൽ അക്കാഡമിയുടെ കെട്ടിടത്തിലാണ് ഹജ്ജ് സെൽ, ഹജ്ജ് കമ്മിറ്റി ഓഫീസ്, അലോപ്പതി, ഹോമിയോ ആശുപത്രികൾ തുടങ്ങിയവ പ്രവർത്തിക്കുന്നത്. കഠിനമായ വേനൽ ചൂട് കണക്കിലെടുത്ത് പന്തലിനുള്ളിലെ താപനില 30 ഡിഗ്രി സെൽഷ്യസിൽ താഴെയായി നിലനിറുത്താൻ എയർകണ്ടീഷൻ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
മെയ് എട്ട് വരെയാണ് നെടുമ്പാശേരിയിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്കനുസരിച്ച് 8,341 പേർ ഇവിടെ നിന്ന് യാത്രയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |