കൊച്ചി: ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ വേനൽമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ഇന്ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. വേനൽമഴയിൽ ജില്ലയിൽ 10 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കോതമംഗലം താലൂക്കിൽ നാല് വീടുകൾ ഭാഗികമായി തകർന്നു. മൂവാറ്റുപുഴ താലൂക്കിൽ രണ്ടും കൊച്ചി നഗരപരിധിയിൽ രണ്ടും വീതം വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടായി. തൃപ്പൂണിത്തുറയിലും രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വീടുകൾക്ക് പുറമെ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന് സമീപം പാർക്കിംഗ് ഗ്രൗണ്ടിൽ നിറുത്തിയിട്ടിരുന്ന കാറിന് മുകളിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണു. മൂവാറ്റുപുഴ താലൂക്കിലെ വെള്ളൂർക്കുന്നം വില്ലേജിൽ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇ.ഇ.സി മാർക്കറ്റിന്റെ മുൻവശത്ത് മരം ഒടിഞ്ഞ് റോഡിലേക്ക് വീണു. അഗ്നിശമനസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മൂവാറ്റുപുഴയിലെ ടാറ്റാ മോട്ടോഴ്സ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ജാഗ്രതാ നിർദ്ദേശം
ജില്ലയിൽ വരുംദിവസങ്ങളിലും ശക്തമായ വേനൽമഴ തുടരാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറും അധികൃതരും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |