കൊച്ചി: ഈ ചായക്കടയിൽ സദാസമയം മൈക്കിൾ ജാക്സന്റെ പാട്ടാണ്. ഒരു ചായയ്ക്ക് പറഞ്ഞാൽ, ജാക്സന്റെ അതേ ചുവടോടെ കടയുടമ കൊണ്ടുവരും. മട്ടാഞ്ചേരി നസ്രത്തിലെ ജോസഫ് റോഡ്രിഗ്‌സിന്റെ കടയ്ക്ക് നാട്ടുകാർ പേരുമിട്ടു, 'മൈക്കിൾ ജാക്‌സൻ ചേട്ടന്റെ കട".
ജാക്‌സന്റെ ഹിറ്റുകൾ കേൾക്കാനും ഡാൻസ് കളിച്ചുള്ള വിളമ്പൽ കാണാനും കടയിലെത്തുന്നവർക്ക് കൊതിയൂറും വിഭവങ്ങളും കിട്ടും. മൈക്കിൾ ജാക്സന്റെ ജീവിതം പറയുന്ന 'മൈക്കിൾ" എന്ന ഹോളിവുഡ് ചിത്രം ഇറങ്ങിയതോടെ സന്ദർശകരുടെ എണ്ണം കൂടിയെന്ന് ജോസഫ്.
ഡാൻസർ കൂടിയായ ജോസഫ് (62) മുപ്പത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പത്തു വർഷം മുമ്പാണ് ചായക്കട തുടങ്ങിയത്. ഭാര്യ ഗ്ലാഡിസാണ് ചീഫ് കുക്ക്. മക്കളായ വിനിലും മേരി ആൻഡ്രിയയും മൈക്കിൾ ജാക്‌സന്റെ ആരാധകർ.
ആംഗ്ലോ ഇന്ത്യൻ വശംജനാണ് ജോസഫ്. മട്ടാഞ്ചേരിയിൽ അന്നും ഇന്നും ആംഗ്ലോ ഇന്ത്യൻ കുടുംബങ്ങൾ നിരവധിയുണ്ട്. ഇവരുടെ ആഘോഷങ്ങളിൽ പാശ്ചാത്യനൃത്തം നിർബന്ധമാണ്. ജോസഫ് ഡാൻസ് പഠിച്ച് 23-ാം വയസിൽ ഡാൻസ് സ്‌കൂളും തുറന്നു. സ്റ്റേജ് പരിപാടികളിൽ ജാക്‌സന്റെ പാട്ടിന് നൃത്തംവച്ചു.
വിവാഹശേഷം, ജീവിതച്ചെലവ് കൂടിയതോടെ സ്‌കൂൾ പൂട്ടി സൗദിയിൽ ഡ്രൈവറായി പോയെങ്കിലും മൈക്കിൾ ജാക്‌സനെ വിട്ടില്ല. ആൽബങ്ങൾ വാങ്ങി സ്വന്തം മുറിയിൽ ചുവടുവച്ചു. ഇപ്പോൾ ചായക്കടയിൽ നൃത്തം തുടരുന്നു.
സൂപ്പർ ഫുഡ്, ജാക്സന്റെ
പിറന്നാളിന് മധുരം ഫ്രീ
മൈക്കിൾ ജാക്‌സൺ ചേട്ടന്റെ കടയിലെ ഉച്ചയൂണ് പ്രശസ്തം. തനി കൊച്ചി സ്റ്റൈൽ ഭക്ഷണം. ബീഫ് വിന്താലു, പോർക്ക് ഫ്രൈ, ബീഫ് സ്റ്റ്യൂ, ചിക്കൻഫ്രൈ തുടങ്ങിയ വിഭവങ്ങളും പുട്ടും പൊറോട്ടയും ഇടിയപ്പവും. മൈക്കിൾ ജാക്‌സന്റെ പിറന്നാളിലും ഓർമ്മദിനത്തിലും കടയിലെത്തുന്നവർക്ക് ജോസഫ് മധുരം വിളമ്പും.
ഒരുനോക്ക് കാണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നടന്നില്ല. പക്ഷേ എം.ജെ ഹൃദയത്തിലുണ്ട്.
ജോസഫ് റോഡ്രിഗ്സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |